യുകെയിലെ ആദ്യ ​​ജ​ഗന്നാഥക്ഷേത്രം നിർമിക്കാൻ 250 കോടി രൂപ സംഭാവന നൽകി ഇന്ത്യൻ വ്യവസായി

യുകെയിലെ ആദ്യ ​​ജ​ഗന്നാഥക്ഷേത്രം നിർമിക്കാൻ 250 കോടി രൂപ സംഭാവന നൽകി ഒഡീഷ സ്വ​ദേശിയും യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയും ശതകോടീശ്വരനുമായ ബിശ്വനാഥ് പട്‌നായിക്. ഇന്ത്യക്ക് പുറത്ത് ക്ഷേത്രം പണിയാൻ ഇതുവരെ നൽകിയിട്ടുള്ള ഏറ്റവും വലിയ സംഭാവനകളിലൊന്നാണിത്. ഫിൻനെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന കമ്പനിയുടെ ചെയർമാനും സ്ഥാപകനുമാണ് പട്നായിക്. ഞായറാഴ്ച അക്ഷയ തൃതീയ ദിനത്തിൽ നടന്ന യുകെയുടെ ആദ്യ ജഗന്നാഥ കൺവെൻഷനിൽ വെച്ചാണ് ക്ഷേത്രനിർമാണത്തിനായി ഈ തുക നൽകുമെന്ന് അദ്ദേഹം അറിയിച്ചത്.

സംരംഭകൻ, നിയമോപദേശകൻ, മനുഷ്യസ്‌നേഹി എന്നീ നിലകളിലും ബിശ്വനാഥ് പട്‌നായിക് പ്രശസ്തനാണ്. യുകെയിൽ ജഗന്നാഥ ക്ഷേത്രം നിർമിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ താനും ഭാ​ഗമാകുകയാണെന്നും അദ്ദേ​ഹം പറഞ്ഞു. ഫിൻനെസ്റ്റിന്റെ എംഡി അരുൺ കാറും ക്ഷേത്രനിർമാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. യുകെ പ്രധാനമന്ത്രി ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ക്ഷേത്രം നിർമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ബിശ്വനാഥ് പട്‌നായിക് സംഭാവന നൽകിയ 250 കോടി രൂപയിൽ, 70 കോടി രൂപ ക്ഷേത്രനിർമാണത്തിനുള്ള 15 ഏക്കർ സ്ഥലം വാങ്ങാൻ നീക്കിവെച്ചതായാണ് റിപ്പോർട്ടുകൾ. 2024 അവസാനത്തോടെ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരാണ് ബിശ്വനാഥ് പട്‌നായിക് ? – ഒരു സംരംഭകനാകുന്നതിന് മുൻപ് ബാങ്കിങ്ങ് മേഖലയിൽ ആയിരുന്നു ബിശ്വനാഥ് പട്‌നായിക് ജോലി ചെയ്തിരുന്നത്. ബിഎൻപി വെഞ്ച്വർ ക്യാപിറ്റൽ ലിമിറ്റഡിൽ ആറ് വർഷത്തോളം അദ്ദേഹം ജോലി ചെയ്തു. ഉത്കൽ സർവകലാശാലയിൽ നിന്ന് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിഎയും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് പട്നായിക് ഇപ്പോൾ റിയൽ എസ്റ്റേറ്റും ഫിനാൻസും പഠിക്കുന്നുണ്ട്. നിരാലംബരായ 50 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം സംഭാവനകൾ നൽകിയിരുന്നു.

Verified by MonsterInsights