ഉപയോഗിച്ച ഡയപ്പർ എന്തുചെയ്യും? ഹരിത കർമസേന ശേഖരിക്കും, പക്ഷേ പാലക്കാട് മാത്രം; മാതൃകയായി സംസ്കരണ പ്ലാന്‍റ്

ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ എന്തുചെയ്യുമെന്നത് നഗരവാസികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. എന്നാൽ, ഇതിന് പരിഹാരമായി സംസ്കരണ പ്ലാന്‍റ് ഒരുക്കിയാണ് പാലക്കാട് നഗരസഭ മാതൃകയാകുന്നത്. ഹരിതകര്‍മ സേനാംഗങ്ങള്‍ ആഴ്ചയിലൊരിക്കൽ ഡയപ്പറടക്കം ശേഖരിച്ച് പ്ലാന്‍റിലെത്തിക്കും. ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ എന്തുചെയ്യുമെന്നത് നഗരവാസികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. എന്നാൽ, നിങ്ങള്‍ പാലക്കാട് നഗരസഭാ പരിധിയിലാണ് താമസിക്കുന്നതെങ്കിൽ ഇത്തരം ടെൻഷനുകളൊന്നും വേണ്ട. കുട്ടികളുടെയും പ്രായമായവരുടെയും ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും സംസ്കരിക്കുന്നതിന് മികവുറ്റ മാതൃകയാണ് പാലക്കാട് നഗരസഭ മുന്നോട്ടു വെക്കുന്നത്. സംസ്ഥാനത്തെ നഗരസഭകളിൽ പാലക്കാട്ട് മാത്രമാണ് ഇത്തരം മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് നഗരത്തിലെ എല്ലായിടത്തും ഹരിത കര്‍മ സേനാംഗങ്ങളാണ് ഡയപ്പറും നാപ്കിനുകളും ശേഖരിക്കുന്നത്. 

രാവിലെ എട്ടുമുതൽ വീടുകളിലെത്തി ഇവ ശേഖരിക്കും. തുടര്‍ന്ന് കൂട്ടുപാതയിൽ നഗരസഭയുടെ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിലെ കമ്യൂണിറ്റി ലവൽ നാപ്കിൻ ഡിസ്ട്രോയർ യൂണിറ്റിലെത്തിക്കും. നഗരത്തിലെ ഇത്തിരി പോന്ന പുരയിടത്തിൽ ഇത്തരം മാലിന്യം എന്തു ചെയ്യുമെന്നത് എന്നുമൊരു തലവേദനയാണ്. നഗരസഭയുടെ ഈ പദ്ധതി നഗരവാസികള്‍ക്ക് കുറച്ചൊന്നുമല്ല ആശ്വാസമാകുന്നത്. പ്രതിമാസം വെറും 50 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്. വീടുകളിൽ നിന്ന് സാനിറ്ററി പാഡും ഡയപ്പറും ശേഖരിച്ചു സംസ്കരിക്കാനുളള നഗരസഭയുടെ പദ്ധതി തുടങ്ങിയിട്ടിയിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സംസ്ഥാനത്തിനാകെ മാതൃകയായ പ്ലാൻറ് കൂറിച്ചു കൂടി വിപുലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി സ്മിതേഷ് പറഞ്ഞു.തിരുവനന്തപുരത്തടക്കം സ്വകാര്യ കമ്പനികള്‍ വൻതുക ഈടാക്കിയാണ് ഡയപ്പറുകള്‍ ശേഖരിച്ചുകൊണ്ടുപോകുന്നത്. ജില്ലയിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ എറണാകുളം അടക്കമുള്ള സ്ഥലത്തെത്തിച്ചാണ് ഇവ സംസ്കരിക്കുന്നത്. അതിനാൽ പാലക്കാട്ടെ മാതൃക തലസ്ഥാനമടക്കമുള്ള മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിച്ചാൽ അത് ഏറെ ഗുണം ചെയ്യും.
Verified by MonsterInsights