മഡ്രിഡ്: ലോകത്ത് ആദ്യമായി ഉഷ്ണതരംഗത്തിന് പേരിട്ടു. തെക്കന്‍ സ്‌പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണതരംഗത്തിനെ സോയി എന്നുവിളിക്കും. കഴിഞ്ഞമാസമാണ് താപനില വര്‍ഗീകരിക്കുന്നതിന് പ്രവിശ്യാസര്‍ക്കാര്‍ പുതിയ രീതി അവലംബിച്ചത്. ചുഴലിക്കാറ്റിന് യു.എസ്. പേരിടുന്ന മാതൃകയാണ് പിന്തുടരുക. ജനങ്ങള്‍ക്കിടയില്‍ ജാഗ്രത വളര്‍ത്താനാണിത്. തീവ്രതയ്ക്കനുസരിച്ച് മൂന്നുവിഭാഗങ്ങളായാണ് ചൂടിനെ വര്‍ഗീകരിക്കുക. ഇതില്‍ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗങ്ങള്‍ക്ക് ഇനി നല്‍കുന്ന പേരുകള്‍ യാഗോ, സീനിയ, വെന്‍സെസ്‌ലാവോ, വേഗ എന്നിങ്ങനെയാകും. പകല്‍സമയങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസുവരെയാണ് സോയി ഉഷ്ണതരംഗംമൂലം താപനില ഉയരുന്നത്. 2022ല്‍ ഉഷ്ണതരംഗങ്ങളുടെ എണ്ണം അസാധാരണമായി കൂടിയിട്ടുണ്ട്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇറാന്‍, ചൈന, ഇന്ത്യ, യു.എസ്. തുടങ്ങിയ രാജ്യങ്ങളൊക്കെ ചൂടിന്റെ കാഠിന്യം അറിഞ്ഞുകഴിഞ്ഞു. ആവര്‍ത്തിക്കുന്ന ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത് കാലാവസ്ഥാപ്രതിസന്ധിയെത്തന്നെ.