ഇരട്ടകുട്ടികളാണ് നയന്‍താരയ്ക്കും, വിഘ്നേശ് ശിവനും. വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ താര ദമ്പതികള്‍ കുറ്റക്കാര്‍ അല്ലെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികള്‍ പകര്‍ത്താന്‍ അനുവദിച്ചിട്ടില്ല
ഉയിര്‍, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്നത് കുട്ടികള്‍ ജനിച്ചപ്പോള്‍ തന്നെ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ എന്നാണ് പുറത്തുവരുന്ന വിവരം.
അടുത്തിടെ മുംബൈ വിമാനതാവളത്തില്‍ എത്തിയ നയന്‍താരയെയും ഭര്‍ത്താവിനെയും പാപ്പരാസികള്‍ വളഞ്ഞിരുന്നു. എന്നാല്‍ രണ്ടുപേരും കൈയ്യില്‍ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയില്‍ ആരാധകരുടെ കമന്‍റുകള്‍ നിറയുകയാണ്.
മികച്ച രക്ഷിതാക്കളാണ് നയന്‍സും, വിഘ്നേശും എന്നാണ് കമന്‍റുകളില്‍ പലതും പറയുന്നത്. ഒപ്പം തന്നെ പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. തന്‍റെ കുട്ടികളെ ചിറകിനുള്ളില്‍ ഒളിപ്പിക്കുന്ന അമ്മ കിളിയെപ്പോലെ എന്നും ചില കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് നയന്‍താരയെക്കുറിച്ച് ആരാധകരുടെതായി വരുന്നുണ്ട്.
പഠാന് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതായിരുന്നു നയൻതാര. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ നായികയായാണ് നയന്‍താര അഭിനയിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. ചിത്രത്തിലെ തന്‍റെ ഭാഗം ചിത്രീകരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു നയന്‍താരയും ഭര്‍ത്താവും.