വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ്; പ്രവേശനസമയം ടിക്കറ്റില്‍ രേഖപ്പെടുത്തും; സന്ദര്‍ശകര്‍ക്കായി പാക്കേജും.

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജായ വാഗമൺ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശനത്തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ഡി.റ്റി.പി.സി. ഗ്ലാസ് ബ്രിഡ്ജിൽ കയറാനുള്ള സമയം രേഖപ്പെടുത്തിയായിരിക്കും ഇനി സന്ദർശകർക്കുള്ള ടിക്കറ്റ് നൽകുക. പാലം കാണാനുള്ള സന്ദർശക പ്രവാഹം പോലീസെത്തി നിയന്ത്രിക്കേണ്ട സാഹചര്യം വന്നതോടെയാണ് പുതിയി പരിഷകരണങ്ങൾ ഡി.റ്റി.പി.സി ഏർപ്പെടുത്തിയത്.

നിലവിൽ കണ്ണാടിപ്പാലത്തിന് സമീപത്തായിരുന്ന ടിക്കറ്റ് കൗണ്ടർ മറ്റ് സാഹസിക വിനോദങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് ടിക്കറ്റ് നൽകി ടിക്കറ്റിൽ നൽകിയ സമയത്ത് മാത്രം പാലത്തിന് സമീപത്തേക്ക് കയറ്റിവിടുന്ന രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്.

ദിവസം ആയിരത്തോളം പേരെ പ്രവേശിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് ടിക്കറ്റ് നൽകുക. രാവിലെ 9 മുതലാണ് ടിക്കറ്റ് വിൽപന. ഒരു സഞ്ചാരിക്ക് 5 മുതൽ 7 മിനിറ്റ് വരെ ചെലവഴിക്കാം. ഒരു സമയം 15 പേരെയാണ് പാലത്തിൽ പ്രവേശിപ്പിക്കുക.

അഡ്വഞ്ചർ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി പുതിയ പാക്കേജും ഡി.റ്റി.പി.സി അവതരിപ്പിച്ചിട്ടുണ്ട്. കണ്ണാടിപ്പാലം, സ്കൈ സൈക്കിൾ, സിപ്ലൈൻ, 360 ഡിഗ്രി സൈക്കിൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാക്കേജ്.