വിദ്യാര്‍ത്ഥികള്‍ക്കും (students) അധ്യാപകര്‍ക്കും സ്മാര്‍ട്‌ഫോണ്‍ (smartphone) ഉപയോഗിക്കുന്നതിന് നിരോധനം (ban) ഏര്‍പ്പെടുത്തി ബോര്‍ഡിംഗ് സ്‌കൂള്‍. മസാച്യുസെറ്റ്‌സിലെ വില്യംസ്ടൗണിലുള്ള ബക്സ്റ്റണ്‍ സ്‌കൂളിലാണ് (Buxton school) സ്മാര്‍ട്‌ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 57 വിദ്യാര്‍ത്ഥികൾ പഠിക്കുന്ന ഒരു ഹൈസ്‌കൂള്‍ ആണിത്.
ഫോണുകള്‍ നിരോധിച്ചിരിക്കുന്ന ക്ലാസ് റൂമിൽ പോലും ഭക്ഷണം കഴിക്കുന്ന സമയത്തും മറ്റും വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് പതിവായിരുന്നു. വിദ്യാർത്ഥികൾക്കായുള്ള ലോഞ്ചുകളില്‍ പങ്കെടുക്കുന്നതിന് പകരം അവര്‍ അവരുടെ മുറികളില്‍ തന്നെ ഒതുങ്ങിക്കൂടി. 2020ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതും വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിച്ചതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്‌ഫോണുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് കൂടുതല്‍ വിട്ടുനില്‍ക്കുന്നതായി കണ്ടെത്തിയെന്ന് ബക്‌സ്റ്റണിലെ അസോസിയേറ്റ് സ്‌കൂള്‍ ഹെഡ് കാലാപോസ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസുകളിലേക്ക് തിരിച്ചെത്തിയതിനു ശേഷവും ഈ പ്രവണത തുടര്‍ന്നുവെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വര്‍ഷാവസാനം, ഒരു വിദ്യാര്‍ത്ഥി ഒരു വഴക്ക് നടക്കുന്നതിന്റെ തത്സമയ വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് പിന്നീട് ഒരു ചര്‍ച്ചാ വിഷയമായി മാറി. അതിനു പിന്നാലെയാണ് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നതിനെ കുറിച്ചുള്ള തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം പറയുന്നു.
പകരം അവര്‍ക്കെല്ലാം മിനിമലിസ്റ്റ് ലൈറ്റ് ഫോണുകള്‍ ഉപയോഗിക്കാം. കോൾ, ടെക്‌സ്‌റ്റ് എന്നീ സേവനങ്ങൾ മാത്രമേ ഇത്തരം ഫോണിൽ ലഭ്യമാകുകയുള്ളൂ. ഇന്റർനെറ്റ് ബ്രൗസറോ ക്യാമറയോ ആപ്പുകളോ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാല്‍, ഈ പ്രഖ്യാപനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെന്നും കാലാപോസ് പറയുന്നു. എല്ലാവരും കരയുകയായിരുന്നുവെന്നും കുട്ടികള്‍ തങ്ങളോട് ദേഷ്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, മാതാപിതാക്കള്‍ പലരും പല രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്. ഇപ്പോള്‍ ഏകദേശം രണ്ട് മാസത്തിനുള്ളില്‍, സോഷ്യല്‍ മീഡിയയും ചാറ്റ് ഗ്രൂപ്പുകളുമില്ലാത്ത ലോകത്തേക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയിരിക്കുകയാണ്.
സ്‌കൂളിലെ അധ്യാപകര്‍ക്കും ഇതിനായി ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ”ഞാന്‍ പഠിപ്പിക്കുമ്പോള്‍ എന്റെ മേശപ്പുറത്ത് എപ്പോഴും സ്മാര്‍ട്‌ഫോണ്‍ ഉണ്ടാകാറുണ്ട്. ഫോണ്‍ എടുത്ത് നോക്കാനുള്ള സമയവും ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പഠിച്ചുവെന്നും,” ഗണിത അധ്യാപകനായ അഡ്രിയാന്‍ സെന്റ് ജോണ്‍ പറയുന്നു.
സ്മാര്‍ട്‌ഫോണ്‍ നിരോധനം വിലയിരുത്തുന്നതിനായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്‌കൂള്‍ ഒരു സര്‍വ്വേയും നടത്തി. സര്‍വേയുടെ ആദ്യ ഘട്ടത്തില്‍, നിരോധനം തങ്ങള്‍ ഭയക്കുന്നത്ര കാര്യമുള്ളതല്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അധ്യാപകർ പറയുന്നു.
എന്നാല്‍, ചില സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ടാബ്ലെറ്റുകളും സ്മാര്‍ട് വാച്ചുകളും കൈവശം വെയ്ക്കാനുള്ള അനുവാദമുണ്ട്. ഡിജിറ്റല്‍ കാമറകളും അനുവദിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ പുറം ലോകത്തുനിന്ന് പൂര്‍ണമായും ഒഴിവാക്കുക എന്നതല്ല, മറിച്ച് അവർക്ക് ഓണ്‍ലൈന്‍ ലോകവുമായുള്ള സാമീപ്യം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും കാലാപോസ് പറയുന്നു.