വിമാനത്തിനുള്ളില്‍ കരിയുന്ന മണം; സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റ് ഇന്തോനേഷ്യയിലിറക്കി

ജക്കാര്‍ത്ത: തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇന്തോനേഷ്യയില്‍ അടിയന്തരമായി ഇറക്കിയതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലെ ക്വാലനാമു വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം അനുഭവപ്പെട്ടതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പൈലറ്റ് മേദാനിലുള്ള എയര്‍പോര്‍ട്ടിലേക്ക് വിമാനമിറക്കിയത്. അതേസമയം ക്വാലനാമുവിലെത്തിയ വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി വിമാനം ക്വാലനാമുവില്‍ തന്നെ പിടിച്ചിട്ടിരുന്നു. ഇതിലെത്തിയ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെയാണ് ഇന്‍ഡിഗോ വിമാനമായ 6E 1007 തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്ക് യാത്ര ആരംഭിച്ചത്. തുടര്‍ന്ന് ഇന്തോനേഷ്യയ്ക്ക് അടുത്തത്തെത്തിയപ്പോഴാണ് വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം ക്രൂ അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി താഴെയിറക്കിയത്.

വിമാനവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കുണ്ടാകുന്ന പലതരം വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിമാനത്തിനുള്ളിലെ അതിക്രമം, മൂത്രമൊഴിക്കല്‍, പാമ്പിനെയും എലിയെയും കണ്ടെത്തിയത് തുടങ്ങിയ സംഭവങ്ങള്‍ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വിമാനത്തിനുള്ളില്‍വെച്ച് ഒരു യുവതിക്ക് തേളിന്റെ കുത്തേറ്റുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍-മുംബൈ വിമാനത്തിലായിരുന്നു സംഭവം.

ഇക്കഴിഞ്ഞ ഏപ്രില്‍ 23 നാണ് വിമാനത്തില്‍ വെച്ച് യുവതിക്ക് തേളിന്റെ കുത്തേറ്റത്. എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍-മുംബൈ വിമാനത്തില്‍ (AI 630) ആണ് സംഭവം. ഇതോടെ എയര്‍ഇന്ത്യ അടിയന്തരമായി ഒരു ഡോക്ടറെ മുംബൈ വിമാനത്താവളത്തില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഡോക്ടര്‍ യുവതിയെ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതായും എയര്‍ ഇന്ത്യ പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ഇന്ത്യന്‍ വിമാനക്കമ്പനിയുടെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. വിമാനങ്ങളില്‍ എലികളെ കാണുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍ തേളിന്റെ ആക്രമണത്തില്‍ യാത്രക്കാരിക്ക് പരിക്കേല്‍ക്കുന്നത് ആദ്യ സംഭവമാണ്.

കോക്ക് പിറ്റിനുള്ളിൽ അഞ്ച് അടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതും വാർത്തയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ വിമാനമാണ് പാമ്പിനെ കണ്ടതിനെ തുടർന്ന് നിലത്തിറക്കിയത്. പൈലറ്റിന്‍റെ സീറ്റിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. റുഡോൾഫ് ഇറാസ്മസ് എന്ന ദക്ഷിണാഫ്രിക്കൻ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്. നാലു യാത്രക്കാരുമായി 11,000 അടി ഉയരത്തിൽ പറത്തുമ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. സീറ്റിനടിയിലായി കാലിൽ തണുപ്പ് അനുഭവപ്പെട്ടപ്പോൾ വെള്ളക്കുപ്പി ചോർന്നതാകുമെന്നാണ് ഇറാസ്മസ് ആദ്യം കരുതിയത്. തുടർന്ന് സീറ്റിനടിയിലേക്ക് നോക്കിയപ്പോഴാണ് പാമ്പ് കിടക്കുന്നത് കണ്ടത്.

Verified by MonsterInsights