വിനോദസഞ്ചാരം: ലോകശ്രദ്ധയാകർഷിച്ച് യു.എ.ഇ. മലനിരകൾ

യു.എ.ഇ.യിലെ മലനിരകൾ ഇതിനകംതന്നെ ശ്രദ്ധയാകർഷിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കൂടാതെ നിക്ഷേപമിറക്കാൻ ശക്തമായ ഇടമായും യു.എ.ഇ.യിലെ പ്രധാന മലനിരകൾ ഇടംപിടിച്ചുകഴിഞ്ഞു.

പ്രധാനമായും ഹത്ത, ജെബൽ ജയ്‌സ്, ഖോർഫക്കാൻ പ്രദേശങ്ങളെല്ലാം ഏറ്റവും പ്രമുഖ പർവത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ഈ മൂന്ന് പ്രദേശങ്ങളും രാജ്യത്തെ വിനോദസഞ്ചാര നിധികൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ വിനോദസഞ്ചാര സീസൺ തുടങ്ങുന്നതോടെ ഈ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന സന്ദർശകരുടെ എണ്ണം വർഷംതോറും ഉയർന്നുവരുന്ന കാഴ്ചയാണ് കാണുന്നത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി മലനിരകളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള അധികൃതരുടെ ശ്രമങ്ങളും ഊർജിതമാണ്.

ക്യാമ്പിങ്, നീന്തൽ, കയാക്കിങ് പ്രേമികൾക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന മലനിരകൾ, ഹത്ത അണക്കെട്ട്, തടാകം തുടങ്ങി പ്രകൃതിരമണീയമായ ധാരാളം ദൃശ്യങ്ങളാൽ സമ്പന്നമാണ് ഹത്ത. 2016-ൽ ആരംഭിച്ച ഹത്ത മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാൻ കഴിഞ്ഞ വർഷം വരെ വിനോദസഞ്ചാരികളുടെ എണ്ണം 15 മടങ്ങാണ് വർധിപ്പിച്ചത്. 2016-ൽ 60,000 സന്ദർശകർ ഉണ്ടായിരുന്നതിൽ നിന്നും 2020-ൽ ഒരു ദശലക്ഷത്തിലേറെ സന്ദർശകരായി ഉയർന്നു.

നിക്ഷേപമിറക്കാനും വിനോദസഞ്ചാരത്തിനും പറ്റിയ പ്രാദേശിക, അന്തർദേശീയതലങ്ങളിലെ ലക്ഷ്യസ്ഥാനമായി ഹത്ത മാറി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹത്ത വികസന പദ്ധതിയുടെ ഭാഗമായി പുതിയ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത്. 5.4 കിലോമീറ്റർ നീളമുള്ള ചെയർലിഫ്റ്റുകൾ സ്ഥാപിക്കൽ, സുസ്ഥിര വെള്ളച്ചാട്ട പദ്ധതി, ഹോട്ടൽ എന്നിവയും അതിലുൾപ്പെടുന്നുണ്ട്. ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുന്നതിനായി 200 ഹോളിഡേ ഹോമുകൾ നിർമിക്കാനും പദ്ധതിയുണ്ട്.

യു.എ.ഇ.യിലെ ഏറ്റവും ഉയരംകൂടിയ റാസൽഖൈമയിലെ ജെബൽ ജെയ്‌സ് മലനിരകളിൽ കഴിഞ്ഞ ജൂലായിലാണ് കൂടുതൽ ഉല്ലാസ പരിപാടികൾ ആരംഭിക്കുമെന്ന് റാക്ക് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. ടൂറിസം സാധ്യതകളുള്ള പുതിയ മേഖലകൾ വികസിപ്പിക്കാനാണ് പദ്ധതി. മലനിരകളിൽ ഇതിനകം പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇക്കോ ടൂറിസം പദ്ധതികളും വിപുലമാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്ക് വേഗത്തിലെത്താൻ നൂതന സംവിധാനങ്ങളോടെയുള്ള പുതിയ റോഡുകൾ നിർമിച്ചുവരികയാണെന്ന് പൊതുമരാമത്ത് വിഭാഗം ഡയറക്ടർ ജനറൽ അഹമ്ദ് മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. സൈക്കിൾ യാത്രയ്ക്കായി പ്രത്യേക പാതകളും ഇവിടെ ഒരുങ്ങുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights