വിദ്യാഭ്യാസ വായ്പകൾ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

മക്കളുടെ വിദ്യാഭ്യാസത്തിന് യാതൊന്നും കരുതിവയ്ക്കാത്തവര്‍ക്കുള്ള വലിയൊരു ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ. വളരെ ലളിതമായ നടപടിക്രമങ്ങളോടുകൂടിയുള്ള ഈ വായ്പയെക്കുറിച്ചും അത് എങ്ങനെ നേടാമെന്നതിനെക്കുറിച്ചും നാം അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, ആദ്യം ചെയ്യേണ്ടത് അവര്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന കോഴ്സും കോളേജും അംഗീകാരമുള്ളതാണെന്ന് ഉറപ്പുവരുത്തുകയെന്നതാണ്. ഇന്ത്യയിലെ മാത്രമല്ല, വിദേശ രാജ്യങ്ങളിലെ പഠനത്തിനും ബാങ്കുകള്‍ വായ്പ അനുവദിക്കുന്നുണ്ട്.

SAP TRAINING

എത്രതരം വിദ്യാഭ്യാസ വായ്പകളുണ്ട്

വിവിധ പേരുകളില്‍ ബാങ്കുകള്‍ വിവിധ വിദ്യാഭ്യാസ ലോണുകള്‍ നല്കിവരുന്നുണ്ടെങ്കിലും പ്രധാനമായി മൂന്ന് തരത്തിലാണ് വിദ്യാഭ്യാസ വായ്പകള്‍ തരംതിരിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ അതിപ്രശസ്തമായ കോളജുകളിലെ പഠനം,
ഇന്ത്യയിലെ ഇതര കോളേജുകളിലെ പഠനം,
ഇന്ത്യയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം.
പലിശയും, ഇതര നടപടിക്രമങ്ങളും ഇവയ്ക്ക് വ്യത്യസ്തമാകാമെന്നതിനാല്‍ ഇക്കാര്യങ്ങള്‍ ബാങ്കില്‍ നിന്ന് ചോദിച്ചറിയണം.

വായ്പയ്ക്ക് അര്‍ഹതയുള്ള കോഴ്‌സുകള്‍

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കു പുറമേ, ടെക്നിക്കല്‍, പ്രൊഫഷണല്‍ ഡിഗ്രി – ഡിപ്ലോമ കോഴ്സുകള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. കോഴ്സുകള്‍ യു.ജി.സി., എ.ഐ.സി.ടി.ഇ., എം.സി.ഐ, ഗവ. അംഗീകാരമുള്ള കോളേജുകള്‍ എന്നിവ നടത്തുന്നവയാവണം. നഴ്സിംഗ ടീച്ചര്‍ ട്രെയിനിംഗ്, പൈലറ്റ് ട്രെയിനിംഗ് മുതലായ ഒട്ടനവധി കോഴ്സുകളും വിദ്യാഭ്യാസ വായ്പയുടെ പരിധിയില്‍ വരും.

വായ്പയുടെ കീഴില്‍ വരുന്ന ചിലവുകള്‍ എന്തൊക്കെ

ഏതൊക്കെ ചിലവുകളാണ് വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകള്‍ പരിഗണിക്കുക എന്ന് അറിഞ്ഞിരിക്കണം.

കോളേജുകളിലോ, യൂണിവേഴ്സിറ്റിയിലോ, സ്‌കൂളിലോ, ഹോസ്റ്റലിലോ നല്‍കേണ്ടുന്ന ഫീസ്, പരീക്ഷ/ലൈബ്രറി/ലബോറട്ടറി ഫീസ്, കോഴ്സ് പൂര്‍ത്തീകരിക്കാന്‍ വേണ്ട പുസ്തകങ്ങളും ഇതര സാമഗ്രികളും, കമ്പ്യൂട്ടര്‍ എന്നിവ അടക്കമുള്ള ചെലവുകള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ പരിഗണിക്കും. യൂണിഫോം, സ്റ്റഡി ടൂര്‍, പ്രോജക്ട് വര്‍ക്ക് എന്നിവയ്ക്കുള്ള ചിലവുകളും ചിലപ്പോള്‍ വായ്പയായി ലഭിക്കും.

വായ്പയുടെ പലിശ

വിദ്യാഭ്യാസ വായ്പയ്ക്കുള്ള പലിശനിരക്ക് മറ്റു വായ്പകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അത് എത്രയെന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. ഓരോ ബാങ്കിലും വ്യത്യസ്ത നിരക്കായിരിക്കും. ബാങ്കുകള്‍ അവയുടെ പ്രൈം ലെന്‍ഡിംഗ് നിരക്കുമായി ബന്ധപ്പെടുത്തിയാവും വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്ക് നിശ്ചയിക്കുക. അതിനാല്‍, പലിശനിരക്ക് കുറഞ്ഞുവരുന്ന അവസരത്തില്‍ അത് പ്രയോജനപ്പെടുത്തുക. ചില ബാങ്കുകള്‍ പെണ്‍കുട്ടികള്‍ക്ക് പലിശ നിരക്കില്‍ പ്രത്യേക ഇളവും നല്‍കുന്നുണ്ട്. കൂടാതെ പലിശ എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നവര്‍ക്ക് പലിശ നിരക്കില്‍ ഒരു ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ലോണ്‍ എടുക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കിയിരിക്കണം.

 

എന്തൊക്കെ രേഖകള്‍ വേണം

പൊതുവായുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് ഹാജരാക്കേണ്ട രേഖകള്‍ ഇവയാണ്:-

  • പൂരിപ്പിച്ച വിദ്യാഭ്യാസ വായ്പ ആപ്ലിക്കേഷന്‍ ഫോറം
  • കോളജില്‍നിന്നുള്ള അഡ്മിഷന്‍ കാര്‍ഡ്
  • ഫീസ് വിവരങ്ങള്‍
  • വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ ആധാര്‍/പാന്‍ കാര്‍ഡ് കോപ്പികള്‍
  • മാതാപിതാക്കളുടെ തിരിച്ചറിയല്‍/അഡ്രസ്സ് രേഖകള്‍
  • രക്ഷിതാവിന്റെ/ജാമ്യക്കാരന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണുകള്‍, അല്ലെങ്കില്‍
  • വരുമാന സര്‍ട്ടിഫിക്കറ്റ്/ വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ആസ്തി – ബാധ്യതാ വിവരങ്ങള്‍.
  • ലഭിക്കുന്ന തുക

ഭൂരിപക്ഷം ബാങ്കുകളും ഇന്ത്യയിലെ വിദ്യാഭ്യാസത്തിനുള്ള വായ്പ പരമാവധി 10 ലക്ഷം രൂപയായും ഇന്ത്യയ്ക്കു പുറത്തുള്ള വിദ്യാഭ്യാസത്തിനായുള്ള വായ്പ 20 ലക്ഷം രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് മാര്‍ജിനൊന്നും ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കാറില്ല. നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഇതര സെക്യൂരിറ്റിയോ ജാമ്യമോ ഒന്നുംതന്നെ ബാങ്കുകള്‍ ആവശ്യപ്പെടാറില്ലെങ്കിലും വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താക്കളില്‍ ഒരാള്‍ ലോണെടുക്കുന്നതില്‍ പങ്കാളിയാകണമെന്ന് നിഷ്‌കര്‍ഷിച്ചേക്കാം. നാല് ലക്ഷത്തിന് മുകളില്‍ 7.5 ലക്ഷം വരെയുള്ള തുകയില്‍ മറ്റൊരാളുടെയും ജാമ്യംകൂടി ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്.

തിരിച്ചടവിനെക്കുറിച്ച് പേടി വേണ്ട

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് തിരിച്ചടവെന്ന തലവേദനയെക്കുറിച്ച് പേടിവേണ്ട. കോഴ്സ് കഴിഞ്ഞ് ഒരു വര്‍ഷം വരെ മാസയടവിനെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നതാണ് വിദ്യാഭ്യാസ ലോണിന്റെ പ്രധാന ആശ്വാസം. എന്നാല്‍ കോഴ്സ് കഴിഞ്ഞാലുടന്‍ ജോലി കിട്ടുന്നൊരാള്‍ക്ക് ആറു മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചടവ് ആരംഭിക്കേണ്ടി വരും. ലോണെടുക്കുന്ന കുട്ടിയുടേയും മാതാപിതാക്കളുടേയും വാര്‍ഷിക വരുമാനം 4.5 ലക്ഷത്തിന് താഴെയാണെങ്കില്‍ ലോണിന് കേന്ദ്ര സര്‍ക്കാറിന്റെ പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്.

മേൽ കൊടുത്തിരിക്കുന്നത് പൊതുവിവരങ്ങൾ ആണ്. ഗുണഭോക്താക്കൾ അവരവരുടെ ബാങ്കിനെ സമീപിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതാണ്.

തിരിച്ചടവിന്റെ കാലാവധി

ചില ബാങ്കുകള്‍ വിദ്യാഭ്യാസ ലോണുകള്‍ക്ക് ഏഴു വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി നല്‍കുന്നതെങ്കില്‍ മറ്റു ചില ബാങ്കുകള്‍ പരമാവധി 15 വര്‍ഷം വരെ കാലാവധി നല്‍കുന്നു.