വിവാഹം കഴിഞ്ഞ് വരന്‍റെ വീട് കണ്ട വധു വലതുകാൽവെച്ച് കയറാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി

തൃശൂർ: വിവാഹം മുടങ്ങുന്നതിന് പല കാരണങ്ങളുണ്ടാകാം. എന്നാൽ കുന്നംകുളത്തുണ്ടായ സംഭവത്തിൽ വിവാഹബന്ധം ഒഴിവാക്കാൻ വധുവിനെ പ്രേരിപ്പിച്ചത് വരന്‍റെ വീടാണ്. കുന്നംകുളത്ത് തെക്കേപ്പുറത്താണ് വരന്‍റെ വീട് കണ്ട് വധു വലതുകാൽവെച്ച് കയറാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

ഈ വീട്ടിലേക്ക്‌ കയറാൻ താൽപര്യമില്ലെന്ന് പറഞ്ഞ്‌ ചടങ്ങിന്‌ നില്‍ക്കാതെ വധു പിന്തിരിഞ്ഞ് ഓടുകയായിരുന്നു. ഇത് കണ്ട് ആദ്യം പകച്ചുപോയ വരന്‍റെ ബന്ധുക്കള്‍ പിന്നാലെ ചെന്ന്‌ വധുവിനെ ബലമായി പിടിച്ചുകൊണ്ടുവന്നു. എന്നാൽ വീട്ടിലേക്ക് കയറാൻ തയ്യാറല്ലെന്ന നിലപാടിൽ വധു ഉറച്ചുനിന്നതോടെ സംഗതി പുലിവാലായി.
ഇതോടെ വിവാഹം നടന്ന കല്യാണമണ്ഡപത്തിൽ ഉണ്ടായിരുന്ന വധുവിന്‍റെ മാതാപിതാക്കളെയും ബന്ധുക്കളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവർ വന്ന് അപേക്ഷിച്ചുപറഞ്ഞിട്ടും വരന്‍റെ വീട്ടിലേക്ക് കാലെടത്തുവെക്കാൻ വധു കൂട്ടാക്കിയില്ല. ഇതിനിടെ വരനും വധുവും തമ്മിൽ രൂക്ഷമായ വാക്കുതർക്കമായി.
സംഗത്തി കൈവിട്ടുപോകുമെന്ന് മനസിലാക്കിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ആവശ്യപ്പെട്ടിട്ടും വധു നിലപാട് മാറ്റാൻ തയ്യാറായില്ല. ഇതോടെ വരനെയും വധുവിനെയും അവരവരുടെ വീട്ടിലേക്ക് പോകാൻ പൊലീസ് അനുവദിച്ചു. പ്രശ്നപരിഹാരത്തിന് വരനെയും വധുവിനെയും അവരുടെ ബന്ധുക്കളെയും ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് മധ്യസ്ഥ ചർച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.