യാത്രക്കാരൻ ക്രൂ അംഗങ്ങളുമായി വഴക്കിട്ടതിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർ ഇന്ത്യ ഡൽഹി-ലണ്ടൻ (AI-111) വിമാനത്തിലാണ് പ്രശ്നുമുണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വിമാനത്തിലെ ജീവനക്കാരുമായി യാത്രക്കാരൻ വഴക്കിട്ടതായി ഒരു എയർലൈൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ ഡൽഹി എയർപോർട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രശ്മുണ്ടാക്കിയ യാത്രക്കാരൻ ഇപ്പോൾ ഡൽഹി എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
എഞ്ചിനിൽ തീ പടർന്നതിനെ തുടർന്ന് അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തിരിച്ചിറക്കിയിരുന്നു. അബുദാബിയിൽ നിന്ന് പുറപ്പെട്ട ഐ.എക്‌സ്.348 വിമാനമാണ് തിരിച്ചിറക്കിയത്. 1000 അടി ഉയരത്തിൽ എത്തിയതോടെയാണ് എഞ്ചിനിൽ തീ പടർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഇടത് എഞ്ചിനാണ് തീ പടർന്നത്.
വിമാന യാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ട് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കഴിഞ്ഞ ദിവസം സിഐഎസ്എഫിന് കൈമാറിയിരുന്നു. വെള്ളിയാഴ്ച ഡൽഹി-ബെംഗളൂരു ഇൻഡിഗോ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്ന നാൽപതുകാരനായ യാത്രക്കാരനാണ് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത്. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6E 308 വിമാനത്തിലാണ് സംഭവം നടന്നത്. ഇത് വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ക്യാപ്റ്റനെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കമ്പനി തയ്യാറല്ലെന്നും അപമര്യാദയായും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധവും പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഇൻഡിഗോ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
അതേസമയം, ആഭ്യന്തര വിമാനക്കമ്പനികൾ കഴിഞ്ഞ വർഷം മാത്രം 546 തവണ സാങ്കേതിക തകരാറുകൾ നേരിട്ടതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിൽ 64 തവണയും സാങ്കേതിക തകരാറുകൾ നേരിട്ടത് എയർ ഇന്ത്യയ്ക്കാണ്.