യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഈ വർഷത്തെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. കാറ്റഗറി രണ്ടിൽ വരുന്ന ആർട്‌സ് & സയൻസ് കോളജുകൾ, എൻജിനീയറിംഗ് കോളജുകൾ, പോളിടെക്നിക് കോളജുകൾ, മെഡിക്കൽ- നഴ്‌സിങ് കോളേജുകൾ, യൂണിവേഴ്സിറ്റിയുടെ കീഴിൽ വരുന്ന മറ്റു സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള ഐഡിയ രജിസ്ട്രേഷനാണ് ആരംഭിച്ചത്.
കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ സ്ഥാപനങ്ങൾക്കും ഫെസിലിറ്റേറ്റർ മാർക്കുമുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും കളക്ടർ നിർവഹിച്ചു. മികച്ച ഇൻസ്റ്റിറ്റ്യൂഷൻ കാറ്റഗറിയിൽ കോളജ് ഓഫ് അഗ്രികൾച്ചർ വെള്ളായണി ഒന്നാം സ്ഥാനവും, എൻ എൻ എസ്സ് കോളജ് ഫോർ വുമൺ നീറമൺകര, സി-മെറ്റ് കോളജ് ഓഫ് നഴ്‌സിംഗ് രണ്ടും മുന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കൂടാതെ മികച്ച വൈ ഐ പി ഫെസിലിറ്റേറ്റർ ഇൻസ്റ്റിറ്റ്യൂഷൻ കാറ്റഗറിയിൽ സി-മെറ്റ് കോളജിലെ നിനു കെ.മാമൻ ഒന്നാം സ്ഥാനവും, കോളജ് ഓഫ് അഗ്രികൾച്ചർ വെള്ളായണിയിലെ ഡോ അശ്വതി വിജയൻ, എൻ എസ്സ് കോളജ് ഫോർ വുമൺ നീറമൺകരയിലെ ഡോ ജയലക്ഷ്മി ജി എന്നിവർ രണ്ടും മുന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. മികച്ച വിജയം കരസ്ഥമാക്കിയ 10 സഥാപനങ്ങൾക്കും ഫെസിലിറ്റേറ്റർമാർക്കുമാണ് സർട്ടിഫിക്കറ്റുകൾ വിതരണവും ചെയ്തത്.കെ-ഡിസ്‌ക് ജില്ലാ കോർഡിനേറ്റർ നിപുൺ രാജ് .എസ്സ് അധ്യക്ഷത വഹിച്ചു .
കഴിഞ്ഞ വർഷം നടത്തിയ യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിൽ 9431 ടീമുകൾ ഐഡിയ സമർപ്പിച്ചിരുന്നു. അതിൽ തിരുവനന്തപുരം ജില്ലയിലെ 1481 ടീമുകളിനിന്നു 130 ടീമുകളെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും അവർക്കു മെൻറ്റർഷിപ് നൽകുകയും ചെയ്തു.
സംസ്ഥാനത്തെ വിദ്യാർഥികൾക്കിടയിൽ നിത്യജീവിത പ്രശ്‌നപരിഹാരത്തിനുള്ള പുത്തനാശയരൂപീകരണം പ്രോത്സാഹിപ്പിക്കുന്ന കെ-ഡിസ്‌ക്കിന്റെ മുൻനിര പദ്ധതിയാണ് യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം. സംസ്ഥാന മന്ത്രിസഭാ തീരുമാനപ്രകാരം വളരെ വിപുലമായ രീതിയിലാണ് ഈ വർഷം പരിപാടി നടപ്പിലാക്കുന്നത്. ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 25000 രൂപയും സംസ്ഥാനതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 50000 രൂപയും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായി yip.kerala.gov.in സന്ദർശിക്കുക.