ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിന്‍ കിട്ടാനില്ല; പ്രതിസന്ധി.

സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ്-ബി (കരളിനെ ബാധിക്കുന്ന വൈറസ്) പ്രതിരോധ വാക്‌സിന്‍ കിട്ടാനില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പിന്നാലെ സ്വകാര്യമേഖലയിലും 
വാക്‌സിന്‍ തീര്‍ന്നതോടെ പ്രതിസന്ധി രൂക്ഷമായി.മെഡിക്കല്‍, നഴ്‌സിങ് പ്രവേശനം നേടിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ മുടങ്ങി. ഇവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ചില വിദേശരാജ്യങ്ങളില്‍ പോകുന്നതിനു വാക്‌സിന്‍ നിര്‍ബന്ധമാണ്.രാജ്യത്ത് മൂന്നു കമ്പനികളാണ് പ്രധാനമായും വാക്‌സിന്‍ ഉത്പാദിപ്പിച്ചിരുന്നത്. വില നിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഉത്പാദനം നിയന്ത്രിക്കുകയും നിര്‍ത്തിവെക്കുകയും ചെയ്തതാണ് പ്രതിസന്ധിക്കു കാരണമെന്നു വിതരണക്കാര്‍ പറയുന്നു.







അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. വിലനിയന്ത്രണപ്പട്ടികയില്‍ വന്നതോടെ പൊതുവിപണിയില്‍ ഒരു മില്ലി വാക്‌സിന് 100 രൂപയില്‍ താഴയേ വിലയുള്ളൂ.
സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലൊന്നും മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിന്‍ കിട്ടാനില്ല. കേന്ദ്ര വാക്‌സിന്‍ പട്ടികയിലുള്ളതിനാല്‍ കുട്ടികളുടേതു മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. കാരുണ്യ ഫാര്‍മസികളില്‍ ഒരാഴ്ച മുന്‍പുവരെ വാക്‌സിന്‍ ഉണ്ടായിരുന്നു.




രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണു രോഗം പകരുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കരളിലെ അര്‍ബുദത്തിനു വരെ കാരണമാകും.രക്തം സ്വീകരിക്കുന്നവര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍, രക്തവും രക്തോത്പന്നങ്ങളും കൈകാര്യം 
ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍, പച്ചകുത്തുന്നവര്‍, മറ്റുള്ളവരുടെ ഷേവിങ് ഉപകരണം ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കു രോഗസാധ്യത കൂടുതലാണ്.
ആദ്യ ഡോസ് എടുത്തതിനുശേഷം ഒരുമാസം, ആറുമാസം, അഞ്ചുവര്‍ഷം കൂടുമ്പോള്‍ എന്നിങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനെടുക്കേണ്ടത്. ആരോഗ്യസ്ഥാപനങ്ങള്‍ക്കു ദേശീയ അംഗീകാരവും മറ്റുസര്‍ട്ടിഫിക്കേഷനുമൊക്കെ ലഭിക്കണമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തതാണോയെന്നു പരിശോധിക്കും. വാക്‌സിന്‍ക്ഷാമം ആരോഗ്യ സ്ഥാപനങ്ങളുടെ അംഗീകാരത്തിനും തടസ്സമാകും.






Verified by MonsterInsights