17-ാം വയസിൽ പഠനം അവസാനിപ്പിച്ചു; അഞ്ചു വർഷം കൊണ്ട് കോടീശ്വരനായി റിട്ടയർ ചെയ്ത യുവ സംരംഭകന്റെ വിജയകഥ

പതിനേഴാം വയസ്സിൽ സ്കൂൾ പഠനം അവസാനിപ്പിച്ച് ബിസിനസിൽ ചുവടുറപ്പിച്ച ആളാണ് ഹെയ്‌ഡൻ ബൗൾസ്. നിലവിൽ 22 വയസ്സുള്ള യുഎസുകാരനായ ഈ യുവസംരംഭകൻ ഇപ്പോൾ ഔദ്യോഗികമായി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കാരണം ചുരുങ്ങിയ പ്രായത്തിനുള്ളിൽ തന്നെ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദ്യമുള്ള ഒരു കോടീശ്വരനാണ് ഹെയ്‌ഡൻ ബൗൾസ്. തന്റെ ജീവിത വിജയത്തിന് പിന്നിലെ രഹസ്യവും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്.

കൗമാരപ്രായത്തിൽ തന്നെ എങ്ങനെ ഇത്രയും പണം സമ്പാദിക്കാൻ തുടങ്ങിയെന്നും വിവിധ ബിസിനസുകളെക്കുറിച്ചുള്ള കാര്യങ്ങളും അദ്ദേഹം മിക്കവാറും ടിക് ടോക്കിലൂടെയും യൂട്യൂബിലൂടെയും പങ്കുവയ്ക്കാറുണ്ട്. എനിക്ക് 17 വയസ്സുള്ളപ്പോൾ തന്നെ ബിസിനസ്സിൽ നിന്ന് വരുമാനം നേടാൻ തുടങ്ങിയിരുന്നു, അത് ഇ-കൊമേഴ്‌സ് വ്യവസായത്തിലായിരുന്നു,” എന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നു, എനിക്ക് ജോലി ചെയ്യാൻ ഇഷ്ടമാണ്. എന്നാൽ റിയൽ എസ്റ്റേറ്റിൽ നിന്ന് ലഭിക്കുന്ന പണം എന്നെ ഇപ്പോൾ ഒരു വിരമിക്കലിന് നിർബന്ധിതനാക്കുകയാണ്” എന്നും ഹെയ്‌ഡൻ തുറന്നുപറഞ്ഞു.

പതിനേഴാം വയസ്സിൽ തന്റെ പഠനം ഉപേക്ഷിച്ചതിന് പിന്നാലെ ഇക്കോംസീസൺ (EcommSeason) എന്ന ഏകദേശം 47,000 രൂപ വരെ വിലയുള്ള ഓൺലൈൻ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സൈറ്റ് ഹെയ്‌ഡൻ സ്ഥാപിച്ചു. അങ്ങനെ 18 വയസ്സായപ്പോഴേക്കും ഒരു ലംബോർഗിനി വാങ്ങാനുള്ളത്ര സമ്പാദ്യം ബൗൾസ് നേടി. അടുത്ത വർഷം ഒരു കോടീശ്വരനായും ബൗൾസ് വളർന്നു. കൂടാതെ കഴിഞ്ഞ വർഷം ബിസിനസിലൂടെ തനിക്ക് 15 മില്യൺ ഡോളർ വരുമാനവും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിന്ന് 3 മില്യൺ ഡോളർ ലാഭവും ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഒരു റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ നിർമ്മിക്കാനും ഇതിനോടകം അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ പണം സമ്പാദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച കുട്ടിക്കാലത്തെ ചില സംഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ആ അനുഭവം കൊണ്ടാണ് പണത്തിന്റെ മൂല്യം എത്രത്തോളമാണെന്ന് മനസ്സിലാക്കിയതെന്നും ബൗൾസ് പറഞ്ഞു. “എനിക്ക് പത്തോ പതിനൊന്നോ വയസ് പ്രായമുള്ളപ്പോൾ ചിലത് വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് പണമില്ലാത്തതിനാൽ അന്ന് അതിന് കഴിഞ്ഞില്ല, എന്റെ മാതാപിതാക്കൾ എനിക്കായി അത് വാങ്ങി നൽകിയതുമില്ല. അതുകൊണ്ട് സ്വന്തമായി പണം സമ്പാദിക്കണമെന്ന് ഞാൻ മനസ്സിലാക്കി.” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോടീശ്വരൻ ആകാൻ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും ഹെയ്ഡന്‍ വ്യക്തമാക്കി. “നിങ്ങൾ സമ്പാദിക്കുന്നതിന്റെ 20 ശതമാനമോ അതിൽ കുറവോ ഉപയോഗിച്ച് ജീവിക്കുക” എന്നാണ് അദ്ദേഹം നൽകുന്ന ഉപദേശം. “നിങ്ങൾക്ക് ഇത്രയും ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് പണം ലാഭിക്കാനും നിക്ഷേപിക്കാനും ഇരട്ടിയാക്കി മാറ്റാനും കഴിയും,” എന്നും ബൗൾസ് പറയുന്നു. കൂടാതെ മറ്റെന്തിനേക്കാളും നിങ്ങളുടെ വരുമാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.