കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2020 ജൂൺ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേർ പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നു. രണ്ടായിരത്തി അഞ്ഞുറോളം ഡോക്ടർമാർ സേവന സന്നദ്ധരായുണ്ട്.
ഇ സഞ്ജീവനി സേവനം പരമാവധി ആളുകൾ ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പതിവ് ഒപി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ഓൺലൈൻ വഴി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ഇ സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്. സ്പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കിൽ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങൾ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാർ നൽകുന്നു. മെഡിക്കൽ കോളേജുകളുടേയും ആയുഷ് വകുപ്പിന്റേയും സേവനങ്ങളും ഇ സഞ്ജീവനിയിൽ ലഭ്യമാണ്. കോവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭിക്കും. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾക്കായുള്ള ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ സേവനവും ലഭ്യമാണ്.