കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.ഇതിന്റെ ഭാഗമായി മാതൃകമ്പനിയായ എയര്‍ ഇന്ത്യയില്‍ നിന്ന് 20 വിമാനങ്ങള്‍ കൂടി ഉടനെ എത്തും,വരുംമാസങ്ങളില്‍ എയര്‍ ഇന്ത്യയില്‍ നിന്ന് വിമാനങ്ങള്‍ കൈമാറ്റം ചെയ്യുംയ ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് കൈമാറുന്നത്.ആഭ്യന്തര, ഹ്രസ്വ-ദൂര അന്താരാഷ്ട്ര റൂട്ടുകളില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനെ പ്രാപ്തമാക്കുന്നതാണ് ഈ നീക്കം.രാജ്യത്തിനുള്ളിലെ മെട്രോ നഗരങ്ങളേയും ചെറുപട്ടണങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കോണമി സീറ്റുകള്‍ മാത്രമുളള വിമാനങ്ങള്‍ എയര്‍ഇന്ത്യയെ വിപണിയില്‍ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുമായി മത്സരിക്കാന്‍ സഹായിക്കുന്നതാണ്.
നിലവില്‍ 75 ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.അടുത്ത മാര്‍ച്ചോടെ എയര്‍ബസ്, ബോയിംഗ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന 120 വിമാനങ്ങളുടെ ശേഖരത്തില്‍ എത്താനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പദ്ധതിയിടുന്നത്.ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമേ ഹ്രസ്വദൂര അന്താരാഷ്ട്ര സര്‍വീസുകളിലും ഊന്നല്‍ നല്‍കാനാണ് കമ്പനി ആലോചിക്കുന്നത്.ദക്ഷിണ-പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ് ഇതിന് വേണ്ടി പ്രധാനമായും ലക്ഷ്യമിടുന്നത്.