ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ ഒരു വർഷത്തെ പോസ്ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി  (PGD-GST) കോഴ്സിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 23 വരെ ദീർഘിപ്പിച്ചു. 2021-22 അദ്ധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദമാണ്.
നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമ വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ്. 120 മണിക്കൂർ പരിശീലനം (ഓൺലൈൻ/ക്ലാസ്റൂം) ഉൾപ്പെടുത്തിയാണ് വിഭാവന ചെയ്തിരിക്കുന്നത്. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾ, സർക്കാർ-അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് ഫീസിൽ നിർദ്ദിഷ്ട ഇളവുകളുണ്ട്. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ (www.gift.res.in) ലഭ്യമാണ്. ഹെൽപ്പ്ലൈൻ നമ്പർ 9961708951, 04712593960 ഇ-മെയിൽ:pgdgst@gift.res.in..

അന്തർദേശീയ സഹകരണ ദിനം ആഘോഷിച്ചു

സഹകരണ മേഖല കടന്നുചെല്ലാത്ത ഒരു രംഗവും സമൂഹത്തിലില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി  വി.എൻ. വാസവൻ പറഞ്ഞു.  അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ  സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ കേരളത്തിലെ സഹകാരി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                കേരളത്തിൽ തന്നെ 15,000ലേറെ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. ക്രെഡിറ്റ് രംഗത്ത്, വിദ്യാഭ്യാസ രംഗത്ത്, ആതുര സേവന രംഗത്ത്, വ്യവസായ രംഗത്ത്, കൺസ്യൂമർ രംഗത്ത്, ഭവന നിർമ്മാണ രംഗത്ത് തുടങ്ങി എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം ആശ്വാസമാണ്.  തങ്ങൾക്കുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒരു സമാന്തര സാമ്പത്തിക സങ്കേതമായി ജനങ്ങൾ സഹകരണ മേഖലയെ നോക്കിക്കാണുകയാണെന്ന് മന്ത്രി പറഞ്ഞു.  
കേരള ബാങ്ക് വരുന്നതോടുകൂടി ഈ മേഖലയ്ക്ക് വലിയ ഉണർവാണ് ലഭിക്കുന്നത്.  നാഷണലൈസ്ഡ്, കോമേഴ്‌സ്യൽ ബാങ്കുകൾ നമ്മുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് അതിൽ നല്ലൊരു ശതമാനം കുത്തകകൾക്ക് വായ്പായും  ഒ.ഡിയായും നൽകുന്നു.  കേരള ബാങ്കിൽ വരുന്ന നിക്ഷേപങ്ങൾ കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്‌ക്കാരികവുമായി ഉയർച്ചക്ക് വേണ്ടി വിനിയോഗിക്കുന്ന ഇടപെടലാണ് കേരളബാങ്കിലുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക് ന്യൂജെൻ ബാങ്കിന്റെ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എൻ.ഇ.എഫ്.റ്റി. ആർ.റ്റി.ജി.എസ് തുടങ്ങി എല്ലാ സംവിധാനങ്ങളും കടന്നുവന്നിട്ടുണ്ട്. ഇന്ന് കാണുന്ന കാർഷികമേഖലയുടെ പുരോഗതിക്ക് അടിസ്ഥാനം സഹകരണമേഖലയുടെ ഇടപെടലാണ്.  

                    2020 ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവ്വഹിച്ചു.  8 വിഭാഗങ്ങളിലായി 25 സഹകരണ സംഘങ്ങൾ അവാർഡിന് അർഹരായി.  ഇതിനുപുറമേ സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനും കാർഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്ക്കരണത്തിന് ഇന്നവേഷൻ അവാർഡിന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കും, മികച്ച പ്രവർത്തനത്തിനുള്ള എക്‌സലൻസ് അവാർഡ് ഇ.എം.എസ്. സഹകരണ ആശുപത്രി, പെരിന്തൽമണ്ണയും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്  യഥാക്രമം ഒരു ലക്ഷം, അൻപതിനായിരം, ഇരുപത്തിഅയ്യായിരം രൂപ ക്യാഷ് അവാർഡും പ്രഖ്യാപിച്ചു. പ്രത്യേക പുരസ്‌കാരം നേടിയവർക്കും ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.


                     വിദ്യാതരംഗിണി വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും സഹകരണ വീഥിയുടെ 44-ാം ജൻമദിനപതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.  ജവഹർ സഹകരണ ഭവനിൽ സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് സഹകരണ പതാക ഉയർത്തിയാണ് സഹകരണ ദിനാഘോഷ ചടങ്ങുകൾക്ക് ആരംഭംമായത്.  ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ പി.ബി.നൂഹ് സഹകരണ കർമ്മ പദ്ധതി വിശദീകരിച്ചു.   വി. ജോയ് എം.എൽ.എ,  സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ  എന്നിവർ ആശംസകൾ അർപ്പിച്ചു.  ചടങ്ങിന് അഡീഷണൽ രജിസ്ട്രാർ (ജനറൽ) ഡി.കൃഷ്ണകുമാർ നന്ദി പ്രകാശിപ്പിച്ചു.

സഹകരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു

സഹകരണ ദിനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ സംസ്ഥാന സഹകരണ യൂണിയൻ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പിന് കഴിയുമെന്ന് സഹകരണം-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. അന്തർദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ സ്‌നേഹം വളർത്താനും സഹകരണ സന്ദേശം പൊതു ജനങ്ങളിൽ എത്തിക്കാനും ഇത്തരം നടപടികൾ സഹായകരമാവുമെന്നും സഹകരണ മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ, ജനറൽ മാനേജർ ജി. ഗോപകുമാർ, ഡിജിഎം എം.ബി അജിത്കുമാർ എന്നിവർ സംബന്ധിച്ചു.

koottan villa

കൊവിഡ് ഭേദമായ പ്രമേഹരോ​ഗികൾ കഴിക്കേണ്ടത്; ഡോക്ടർ പറയുന്നു

കൊവിഡ് ബാധിച്ച പ്രമേഹരോ​ഗികൾ രോ​ഗം ഭേദമായ ശേഷം ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ക്യത്യമായൊരു ഡയറ്റ് പ്ലാൻ പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണെന്നും ആരോ​ഗ്യരം​ഗത്തെ വി​​ദ​ഗ്ധർ പറയുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾക്കൊള്ളിക്കേണ്ടതെന്ന് വിശാഖപട്ടണത്തിലെ കിംസ് ഐക്കൺ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് എൻ‌ഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. ടി. ശ്രാവണി പറയുന്നു…

കൊവിഡ് ഭേദമായ പ്രമേഹരോ​ഗികൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ ലഘു ഭക്ഷണം കഴിക്കുക.ഭക്ഷണം ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് ഒഴിവാക്കാം. മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും വിദ​ഗ്ധർ പറയുന്നു.

ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീൻ വിശപ്പ് ശമിപ്പിക്കാൻ സഹായിക്കുകയും പേശികളുടെ അളവ് കൂട്ടാനും നിലനിർത്താനും സഹായിക്കുന്നു. വെളുത്ത കടല, പയർവർഗ്ഗങ്ങൾ എന്നിവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. 

പ്രമേഹമുള്ളവർ കൊഴുപ്പ് കുറഞ്ഞ മാംസം മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൊഴുപ്പ് നീക്കിയ പാല്‍, ചീസ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് പഴങ്ങൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, പ്രമേഹമുള്ളവർ വാഴപ്പഴം, മാങ്ങ, സപ്പോട്ട തുടങ്ങിയ പഴങ്ങൾ ഒഴിവാക്കണമെന്നും വിദ​​ഗ്ധർ പറയുന്നു
 

ധാന്യങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇവ സഹായിക്കുന്നു. ധാന്യങ്ങളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. 

 

pa2

സഹകരണ ബാങ്ക്, കെഎസ്എഫ്ഇ എന്നിവ വീണ്ടും ചിട്ടിലേലം തുടങ്ങുന്നു

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിട്ടിലേലം ആരംഭിക്കുന്നു. സഹകരണ ബാങ്കുകളുടെ 100 കണക്കിന് ചിട്ടികളാണ് മുടങ്ങിയത്.

കെഎസ്എഫ്ഇയില്‍ നാല്‍പ്പതിനായിരത്തോളം ചിട്ടികളുടെ ലേലമാണ് മുടങ്ങിയിരിക്കുന്നത്. ലേലം നടക്കാത്തതിനാല്‍ ചിട്ടി അടവ് സംഖ്യ കൂടും. പണം അടയ്ക്കാതിരിക്കുന്ന ചിട്ടികളെല്ലാം നിശ്ചയിച്ചതിലും രണ്ട് മാസം കൂടി കഴിഞ്ഞേ കലാവധി പൂര്‍ത്തിയാക്കുകയൊള്ളൂ. 

ഈ കാലയളവില്‍ സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മിക്കവയും ഓണ്‍ലൈനിലൂടെ ചിട്ടികള്‍ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഓണ്‍ലൈന്‍ സംവിധാനം ഇല്ലാത്തതിരുന്നത് മൂലമാണ് സഹകരണ ബാങ്കുകള്‍ക്ക് ചിട്ടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ പോയത്. പ്രവാസി ചിട്ടികള്‍ക്കായി ഒരുക്കിയ രീതിയിലുളള ഓണ്‍ലൈന്‍ സംവിധാനം എല്ലാ ചിട്ടികള്‍ക്കുമായി ഒരുക്കുന്നതിനുളള ശ്രമം കെഎസ്എഫ്ഇയും ആരംഭിച്ചിട്ടുണ്ട്. 

സ്വിസ് പ്രതിരോധവും കടന്ന് സ്‌പെയ്ന്‍; സെമിയില്‍ കടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1. ഡെന്നിസ് സക്കറിയയുടെ സെല്‍ഫ് ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. സെദ്രാന്‍ ഷാകീരിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി ഗോള്‍. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് സ്‌പെയ്ന്‍ ജയം കണ്ടു. 77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസ് പടയ്ക്ക് തിരിച്ചടിയായി. 

ഗോള്‍മഴയുടെ സൂചന നല്‍കി എട്ടാം മിനിറ്റില്‍ തന്നെ സ്‌പെയ്ന്‍ മുന്നിലെത്തി. കോക്കെയുടെ കോര്‍ണറില്‍ ജോര്‍ഡി ആല്‍ബയുടെ വോളി പ്രതിരോധതാരം ഡെന്നിസ് സക്കറിയയുടെ കാലില്‍ തട്ടി വലയിലേക്ക്. 17-ാം മിനിറ്റില്‍ കോക്കെയുടെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 25-ാം മിനിറ്റില്‍ കോക്കെയുടെ മറ്റൊരു കോര്‍ണറില്‍ അസ്പ്ലിക്വേറ്റയുടെ ഒരു ഫ്രീ ഹെഡ്ഡര്‍ യാന്‍ സോമ്മര്‍ കയ്യിലൊതുക്കിയതോടെ ആദ്യ പകുതിക്ക് വൈകാതെ അവസാനമായി.

രണ്ടാം പകുകിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം കടുപ്പിച്ചു. 64-ാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസ് ഒരുക്കികൊടുത്ത അവസരം സ്റ്റീവന്‍ സുബര്‍ പാഴാക്കി. താരത്തിന്റെ ശക്തിയില്ലാത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തിലെ പൊരുത്തമില്ലായ്മ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചു. അയ്മറിക് ലാപോര്‍ട്ട്, പൗ ടോറസ് എന്നിവരുടെ പിഴവില്‍ നിന്ന് പന്ത് തട്ടിയെടുത്ത സെദ്രാന്‍ ഷാകീരി വല കുലുക്കി.

77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസിന് തിരിച്ചടിയായി. എങ്കിലും നിശ്ചിത സമയം വരെ പ്രതിരോധിച്ച് നില്‍ക്കാന്‍ അവര്‍ക്കായി. 84-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനൊയുടെ ഷോട്ട് സോമ്മര്‍ രക്ഷപ്പെടുത്തി. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോല്‍ 92-ാം മിറ്റില്‍ മൊറോനോ ബോകില്‍ നിന്ന് തൊടുത്ത ഷോട്ടും സോമ്മര്‍ രക്ഷപ്പെടുത്തി. പത്തോളം ഷോട്ടുകളാണ് സോമ്മര്‍ രക്ഷപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്വിറ്റ്‌സര്‍ലന്‍ഡിനെ സംരക്ഷിച്ച് നിര്‍ത്തിയത് സോമ്മറിന്റെ പ്രകടനമാണ്.

മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സ്‌പെയ്‌നിന് വേണ്ടി കിക്കെടുത്ത സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിഴച്ചു. താരത്തിന്റെ ചിപ് ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി. സ്വിസിനായി കിക്കെടുത്ത മാരിയോ ഗാവ്രനോവിച്ച് ലക്ഷ്യം തെറ്റിച്ചില്ല. ഡാനി ഓല്‍മോ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. സ്വിസ് താരം ഫാബിയന്‍ ഷാറിന് പിഴക്കുകയും ചെയ്തു. മൂന്നാം കിക്കെടുത്ത ഇരു ടീമിലേയും താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. സ്‌പെയ്‌നിന് റോഡ്രിയും സ്വിസിനായി മാനുവല്‍ അകഞിയുമാണ് കിക്കെടുത്തത്. സ്‌പെയ്‌നിനായി നാലാം കിക്കെടുത്ത ജെറാര്‍ഡ് മൊറേനോ ഗോള്‍വര കടത്തി. എന്നാല്‍ സ്വിസ് താരം റുബന്‍ വര്‍ഗാസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മികേല്‍ ഒയര്‍സബാള്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയ്‌നിന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-1ന്റെ ജയം.

പെട്രോള്‍ വേണ്ട, ഡീസലും; മനുഷ്യ വിസർജ്യം ഇന്ധനമാക്കി ഈ വണ്ടികള്‍!

മനുഷ്യ വിസർജ്യത്തിൽ നിന്ന്​ ഉത്​പ്പാദിപ്പിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഓടുന്ന ഒരു വാഹനം, അതുമൊരു എസ്‍യുവി! അതും പ്രതിവര്‍ഷം ഒരുലക്ഷത്തില്‍ അധികം രൂപയുടെ പെട്രോള്‍ ലാഭിച്ചുകൊണ്ടുള്ള ഓട്ടം. അസാധ്യമെന്ന് പറഞ്ഞ് പലരും നെറ്റിചുളിച്ചേക്കാം. ഇന്ധനവില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന കാലത്ത്  മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ചും ഈ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഒരു വണ്ടിയെക്കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ‘പൂ എനര്‍ജി’ ഉല്‍പ്പാദിപ്പിക്കുന്നത്. ഓസ്‍ട്രേലിയന്‍ കമ്പനിയായ അർബൻ യൂട്ടിലിറ്റീസ് ആണ് ഈ ‘പൂ എനര്‍ജി’ ഇന്ധനമാക്കി വണ്ടിയോടിക്കുന്നത്. ഇനി ഇവര്‍ ഈ വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന വണ്ടി ഏതെന്ന് അറിയേണ്ടേ? ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ​ കോന ഇ.ലക്ട്രിക്ക് എസ്‍യുവിയാണ് കമ്പനി​പൂ എനർജി ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കുന്ന പ്രധാന വാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‍ട്രേലിയയിലെ ബ്രിസ്​ബേൻ നഗരം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന കമ്പനിയാണ്​ അർബൻ യൂട്ടിലിറ്റീസ്​. 2017 ലാണ്​ കമ്പനി തങ്ങളുടെ ആദ്യത്തെ പൂ-പവർ കാർ വികസിപ്പിച്ചെടുത്തത്​. ബ്രിസ്​ബേനിലെ മുന്നര ലക്ഷം ആളുകളുടെ വിസർജ്യമാണ്​ ഇവർ ബയോഗ്യാസായും വൈദ്യുതിയായും മാറ്റുന്നത്​. 

ഒരു ദിവസം ഒരു ബ്രിസ്​ബേൻ നിവാസി ഒരു കോന എസ്​യുവിക്ക്​ അര കിലോമീറ്റർ സഞ്ചരിക്കാനുള്ള വൈദ്യുതി സംഭാവന ചെയ്യുന്നുണ്ടെന്നാണ്​ അർബൻ യൂട്ടിലിറ്റീസിന്‍റെ കണക്കുകള്‍​. ബ്രിസ്‌ബെയ്‌നിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള 330,000-ത്തിലധികം ആളുകൾ ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും കമ്പനിയുടെ പൂ-പവർ കാറുകൾക്ക് അരകിലോമീറ്റർ സഞ്ചരിക്കാനുള്ള ഇന്ധനം സൃഷ്ടിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

friends catering

ബ്രിസ്ബേനിലെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള ബയോഗ്യാസ് ഒരു കോജെനറേഷൻ യൂണിറ്റിലേക്ക് നൽകുമ്പോൾ ഹ്യൂണ്ടായ് കോന ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് അർബൻ യൂട്ടിലിറ്റീസ് പറയുന്നു. വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഭീമൻ എഞ്ചിനാണ് കോജെനറേഷൻ യൂണിറ്റ്.

ഒരു കോന ഇ.വി ഒരു പ്രവാവശ്യം മുഴുവനായി ചാർജ്​ ചെയ്യാൻ 150,000 ലിറ്റർ മലിനജലത്തിൽ നിന്നുള്ള വൈദ്യുതി ആവശ്യമാണെന്നും പൂ എനർജി ഉപയോഗിക്കുന്നതിനാൽ എസ്‌യുവിക്ക് പ്രതിവർഷം 1,700 ഡോളർ വിലവരുന്ന പെട്രോൾ ലാഭിക്കാൻ കഴിയുമെന്നുമാണ് കമ്പനി പറയുന്നത്. 240 വോൾട്ട് പവർപ്ലഗ്​ ഉപയോഗിച്ചാണ്​ എസ്‌യുവി ചാർജ് ചെയ്യുന്നത്​. ഒരൊറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ച്​ ഉള്ള വാഹനമാണ്​ കോന. മനുഷ്യ വിസർജ്യത്തെ ഊർജമാക്കി മാറ്റുന്നത് കാരണം പ്രവർത്തനച്ചെലവി​ന്‍റെ അടിസ്ഥാനത്തിൽ പ്രതിവർഷം 1.7 ദശലക്ഷം ഡോളർ ലാഭിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സാമ്പത്തിക വർഷത്തിൽ 4,000 വീടുകൾക്ക് ആവശ്യമായ ഊർജത്തിന്​ സമാനമായ വൈദ്യുതി ഉൽ‌പാദിപ്പിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു.

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം 2019 ജൂലൈ ആദ്യമാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്.  കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയാണ് കോന. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന  സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാണ് എത്തുന്നത്. സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും.

കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. ഈ എസ്‍യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പിനെയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

pa4

ജലനിധി റീജിയണൽ പ്രോജക്ട് ഡയറക്ടർ ഒഴിവ്

കേരള സർക്കാർ നടപ്പിലാക്കിവരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേയ്ക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ  ജീവനക്കാർക്ക്  അപേക്ഷിക്കാം. പത്ത് വർഷം ഗ്രാമീണവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയം വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ/ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വൈകിട്ട് അഞ്ചു മണി.

മന്ത്രി ഇടപെട്ടു; സ്വപ്‌നയ്ക്ക് പുതിയ റേഷൻ കാർഡായി

റേഷൻകാർഡ് പൊതുവിഭാഗത്തിൽ ആയതിനാൽ 15കാരിയായ സ്വപ്‌നയ്ക്ക് ചികിത്‌സാ സഹായം നിഷേധിക്കപ്പെട്ട സംഭവത്തിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന്റെ ഇടപെടൽ ആശ്വാസമായി. പൊതുവിഭാഗത്തിലായിരുന്ന റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി നൽകി. ഹൃദയ സ്പന്ദന തോത് കുറവായതിനാൽ പതിവായി തലകറങ്ങി വീഴുന്ന അസുഖത്തിന് ശ്രീചിത്രയിൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. ലക്ഷങ്ങൾ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിലായ രാജാക്കാട് പുളയമാക്കൽ ശ്രീജിത്തിന്റേയും ഗീതുവിന്റേയും മകൾ സ്വപ്‌നയുടെ സ്ഥിതി അറിഞ്ഞ് മന്ത്രി നേരിട്ട് വിളിക്കുകയായിരുന്നു. കാർഡ് മാറ്റി നൽകിയതിന് സ്വപ്‌ന ഫോൺ ഇൻ പരിപാടിയിൽ വിളിച്ച് മന്ത്രിയെ നന്ദി അറിയിച്ചു.
മാതാപിതാക്കൾ നഷ്ടപ്പെട്ട കാസർകോട് ബദിയഡുക്ക കുംബഡാജെകജെ കാരയ്ക്കാട് കോളനിയിലെ നാഗരാജ്, ഹർഷിരാജ്, അപർണ്ണ, സനത്ത്‌രാജ് എന്നിവർക്കും മന്ത്രിയുടെ ഇടപെടലിൽ മണിക്കൂറുകൾക്കുള്ളിൽ അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡ് ലഭിച്ചു. പരേതരായ രാഘവന്റേയും സീതയുടെയും വീട്ടിലെ റേഷൻ കാർഡ് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരുടെ വിഭാഗത്തിലാണെന്ന് അറിഞ്ഞ മന്ത്രി ജില്ലാ പൊതുവിതരണ വകുപ്പ് അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തര നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു. വിവരം നാഗരാജിനെ മന്ത്രി തന്നെ ഫോണിൽ അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന ഫോൺ ഇൻ പരിപാടിയിൽ നാഗരാജ് വിളിക്കുകയും മന്ത്രിയെ നന്ദി അറിയിക്കുകയും ചെയ്തു.

pa2

പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരള’ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം), ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം ജില്ലയിൽ താമസമായിട്ടുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. അപേക്ഷകൾ ജൂലൈ 12 വൈകിട്ട് നാലിന് മുൻപ് ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് 1 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/ കണ്ടന്റ് ഡെവലപ്പർ’ എന്ന് സൂചിപ്പിക്കണം.

friends catering
Verified by MonsterInsights