താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണ വകുപ്പിലെ ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ 2019 ഡിസംബർ 31ലെ നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.

ബഷീർ ദിനാചരണം: ജൂലൈ അഞ്ചിന് തലയോലപ്പറമ്പിൽ

തലയോലപ്പറമ്പ്: പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമവാർഷികമായ ജൂലൈ 5 ന് ബഷീർ ദിനമായി ജന്മനാട് ആചരിക്കും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ തലയോലപ്പറമ്പിന്റെ അക്ഷര മുറ്റമായ ബഷീർ കുടുംബ സമേതം 1960 മുതൽ 1964 വരെ താമസിച്ചിരുന്ന ഇന്നത്തെ ഫെഡറൽ നിലയത്തിൽ വെച്ചാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

          ബഷീറിനെ നേരിട്ടറിയാവുന്ന എഴുത്തുകാരും കഥാപാത്രങ്ങളും ആരാധകരും ദിനാചരണത്തിൽ പങ്കെടുക്കും.രാവിലെ 9.15 ന് ഓർമ്മയിലെ ബഷീറിനെ ക്കുറിച്ച് പ്രശസ്ത സാഹിത്യകാരനും സമിതി ചെയർമാനും മായ കിളിരൂർ രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. സമിതി വൈസ് ചെയർമാനും മുതിർന്ന മാധ്യമ പ്രവർത്തകനും മായ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിക്കും. ബഷീർ സ്മാരക സമിതി ഭാരവാഹികളായ അഡ്വ. ടോമി കല്ലാനി, എം.ഡി.ബാബുരാജ്, മോഹൻ.ഡി.ബാബു, പ്രൊഫ.കെ.എസ്. ഇന്ദു, ഡോ. യു ഷംല, ഡോ.എസ്. ലാലി മോൾ, ഡോ. വി.ടി.ജലജാകുമാരി, ഡോ.എം.എസ്.ബിജു , ഡോ.എസ്. പ്രീതൻ, ആർ. കലാദേവി, പി.ജി. ഷാജി മോൻ, കെ.എം.ഷാജഹാൻ, അബ്ദുൾ ആ പ്പാം ചിറ , മനോജ് . ഡി.വൈക്കം, ഡോ.ആർ. വേണുഗോപാൽ, അഡ്വ എ ശ്രീകല, സി.ജി. ഗിരിജൻ ആചാരി, മോഹൻദാസ് ഗാലക്സി എന്നിവർ പങ്കെടുക്കും.

ഈ വർഷത്തെ ബഷീർ ബാല്യകാലസഖി പുരസ്കാരം പ്രശസ്ത എഴുത്തുകാരി ബി.എം. സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം പ്രശസ്ത കവയത്രി വി.എം.ഗിരിജയ്ക്കും ഒക്ടോബറിൽ തലയോലപ്പറമ്പിൽ വെച്ച് സമർപ്പണം നടത്തുമെന്ന് സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോനും വൈസ് ചെയർമാൻമാരായ എം.ഡി.ബാബു രാജ്, മോഹൻ.ഡി.ബാബു എന്നിവർ അറിയിച്ചു.

ജിഎസ്ടി കുടിശ്ശിക: വൻ കിഴിവ് പ്രഖ്യാപിച്ച് സർക്കാർ, ഇളവ് ഓ​ഗസ്റ്റ് 31 വരെ

കൊച്ചി: 2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടി 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരിക്കുന്ന ലേറ്റ് ഫീസിലെ ഇളവ് ഓ​ഗസ്റ്റ് 31 വരെ നീട്ടി. പ്രസ്തുത കാലയളവിൽ വിറ്റുവരവ് ഇല്ലാത്തവർ പ്രതിമാസം 500 രൂപ നിരക്കിൽ മാത്രം ലേറ്റ് ഫീസ് അടച്ചാൽ മതിയാകും.

ഇളവില്ലെങ്കിൽ ഒന്നേകാൽ ലക്ഷം രൂപ വരെയാണ് അടയ്ക്കേണ്ടത്. എന്നാൽ, ഇളവുകളോടെ പരമാവധി 6,000 രൂപ വരെ അടച്ചാൽ മതിയാകും. ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത ശേഷം വിവിധ കാരണങ്ങളാൽ റിട്ടേൺ സമർപ്പിക്കാൻ കഴിയാതെ പോയ അരലക്ഷത്തോളം പേർക്ക് ഈ ഇളവ് സഹായകരമാകും. 

യുട്യൂബിലൂടെ പഠനം, മൈക്രോസോഫ്റ്റിലെ ഗുരുതര തകരാര്‍ പരിഹരിച്ചു; ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ പ്രതിഫലം. കോട്ട സ്വദേശിയായ അദിതി സിംഗാണ് മൈക്രോ സോഫ്റ്റില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗിനെയാണ് അദിതി കണ്ടെത്തി പരിഹാരം ചെയ്തത്.

20 വയസ് പ്രായമുള്ള അദിതി സ്വന്തമായാണ് എത്തിക്കല്‍ ഹാക്കിംഗ് വിദ്യ പരിശീലിച്ചത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ആകണമെന്നല്ല തന്‍റെ ആഗ്രഹമെന്ന് അദിതി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ പഠനമാണ് അദിതിയുടെ ജീവിതം മാറ്റിയത്. കംപ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട് മുന്‍ പ്രാവീണ്യം തനിക്കില്ലെന്നും അദിതി വിശദമാക്കുന്നു. ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ബ്ഗ് ബൌണ്ടി ഹണ്ടിംഗ് ആരംഭിച്ചതെന്നും അദിതി കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് മെഡിക്കല്‍ പഠനത്തില്‍ നിന്ന് അദിതി വഴി മാറിയത്.

ജാവാ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും യുട്യൂബിലൂടെയാണ് അദിതി പരിശീലിച്ചത്. മാപ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയാണ് അദിതി ആദ്യം കണ്ടെത്തിയത്. ഇത് സ്ഥാപനത്തിന്‍റെ ശ്രദ്ധയിലെത്തിച്ചതിന് പിന്നാലെ ബിരുദമില്ലാതിരുന്നിട്ടും അദിതിയ്ക്ക് മാപ് മൈ ഇന്ത്യ ജോലി നല്‍കുകയായിരുന്നു. ബഗ് ഹണ്ടിംഗിലെ താല്‍പര്യമാണ് അദിതിയെ എത്തിക്കല്‍ ഹാക്കിംഗില്‍ വേറിട്ട് നിര്‍ത്തുന്നത്. മകളുടെ പ്രയത്നത്തിന് വന്‍തുക സമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അദിതിയുടെ കുടുംബമുള്ളത്. 

sap feb 13 2021

കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ

ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം.

കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദർശനം നടത്തും. 

വലിയ രീതിയിൽ അടച്ചുപൂട്ടൽ നടത്തിയിട്ടും കേരളത്തിൽ രോഗബാധ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളിൽ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യമാണ് കേരളത്തിലേത്. 

banner

അതിനിടെ കൊവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള സുപ്രീംകോടതി മാര്‍ഗ്ഗരേഖ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള നിര്‍ദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്രം നടപടി തുടങ്ങി. സഹായധനവും സംസ്ഥാനങ്ങൾക്കുള്ള പുതിയ നിര്‍ദ്ദേശങ്ങളും തയ്യാറാക്കൻ പ്രത്യേക സമിതിക്ക്  രൂപം നൽകിയേക്കും. അറ്റോര്‍ണി ജനറൽ നൽകുന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം.

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം

കേരള ഖാദി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോര്‍ഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാല്‍ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാറില്‍ നിന്ന് തുക അനുവദിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 82,06,000 രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി. തുക ഖാദി സ്ഥാപനങ്ങള്‍ മുഖേന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്ന് ബോര്‍ഡ് അറിയിച്ചു.

oetposter2

ഫയൽ തീർപ്പ് വേഗത്തിലാക്കും: വ്യവസായ വകുപ്പ്

ഫയലുകൾ തീരുമാനമാകാതെ വൈകുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കാൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർദ്ദേശം നൽകി. വകുപ്പിലെ ഫയൽ നീക്കവും അതിൻമേലുള്ള തീരുമാനവും സമയബന്ധിതമായി പൂർത്തിയാക്കും. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഈ നിർദ്ദേശം നൽകിയത്.


നിലവിലുള്ള മുഴുവൻ ഫയലുകളും  തിട്ടപ്പെടുത്തും. കോടതി കേസുകളിൽ കുടുങ്ങിയവ ഒഴികെയുള്ള ഫയലുകളിൽ രണ്ടാഴ്ചക്കുള്ളിൽ തീർപ്പുണ്ടാക്കും. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി വന്ന കാലതാമസവും പരിഹരിക്കും. ഫയൽ നീക്കത്തിന്റെ പുരോഗതി യഥാസമയം വിലയിരുത്തും. നയപരമായ തീരുമാനം എടുക്കേണ്ടതില്ലാത്ത ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. വകുപ്പ് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.


പദ്ധതി നിർവ്വഹണവും സമയബന്ധിതമായി പൂർത്തിയാക്കും. വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനും തുകവിനിയോഗം ഉറപ്പു വരുത്തുന്നതിനും കലണ്ടർ തയ്യാറാക്കും. നിയമസഭാ സമിതികൾക്കുള്ള റിപ്പോർട്ടുകളും ചോദ്യങ്ങൾക്കുള്ള മറുപടികളും യഥാസമയം നൽകുന്നതിനും മന്ത്രി നിർദ്ദേശം നൽകി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

achayan ad

പി എസ് സി പരീക്ഷ അറിയിപ്പ്

പി എസ് സി പരീക്ഷ എഴുതുന്ന കോവിഡ്, ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്ക് പരീക്ഷ എഴുതാനായി പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കും. ഇവര്‍ ഇക്കാര്യം മുന്‍കൂട്ടി പി എസ് സി ഓഫീസില്‍ രേഖമൂലം അറിയിക്കേണ്ടതും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ എഴുതേണ്ടതുമാണ്. ഉദ്യോഗാര്‍ഥികള്‍ പി പി ഇ കിറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0487 2327505, 9447785469

ജാഗ്രതാ നിർദ്ദേശം

ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും ജൂലൈ 2, 5, 9, 12, 16, 19, 23, 26, 30, ആഗസ്റ്റ് 2, 6, 9, 13, 16, 20, 23, 27, 30, സെപ്റ്റംബർ 3, 6, 10, 13, 17, 20, 24, 27 തിയതികളിൽ പരീക്ഷണ വെടിവെയ്പ്പ് നടക്കുന്നതിനാൽ കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കൊച്ചി സതേൺ നേവൽ കമാൻഡ് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. കാട്ടാക്കട കിള്ളി സ്വദേശി അര്‍ഷാദ് (45) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം.

മൃഗശാലയിലെ മൃഗപരിപാലകനായ അര്‍ഷാദിന്, പാമ്പിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റതയാണ് മൃഗശാല അധികൃതരുടെ നിഗമനം. കൂട് വൃത്തിയാക്കിയശേഷം ഭക്ഷണം നൽകുകയാണ് പതിവ്.

അർഷാദ് ഉച്ചയ്ക്ക് 12.15നു രാജവെമ്പാലയുടെ കൂട്ടിലേക്കു പോകുന്നത് മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. അർഷാദിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ രണ്ടു മണിയോടെ സഹപ്രവർത്തകൻ ചെന്നുനോക്കിയപ്പോഴാണ് പാമ്പ് കടിയേറ്റ വിവരമറിഞ്ഞത്.

ഈ സമയം അർഷാദ് പാമ്പിന്റെ കടിയേറ്റ് കൂട്ടിനുള്ളിൽ കിടക്കുകയായിരുന്നുവെന്നും സഹജീവനക്കാരൻ മറ്റുള്ളവരെ വിവരമറിയിച്ച് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

achayan ad
Verified by MonsterInsights