കത്തി നിൽക്കുന്ന വർണ്ണ നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഇനി വീടുകളിലെ കാഴ്ചയാകും. ആശങ്കകൾ ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് തിളക്കം കുറയ് ക്കുന്നില്ലെന്ന് സൂചനയാണ് വിപണി നൽകുന്നത്. കൂടാതെ ക്രൈസ്തവ ദേവാലയങ്ങളിലും മറ്റും കോവിഡ് നിയന്ത്രണങ്ങളോടെ തന്നെ ആഘോഷങ്ങൾ സംഘടിപ്പിക്കാനും തയ്യാറെടുക്കുകയാണ്. നാളെമുതൽ നക്ഷത്രങ്ങളും അലങ്കാരങ്ങളും വാങ്ങാൻ കൂടുതൽ ആളുകളും എത്തിത്തുടങ്ങും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉൽപന്നങ്ങൾക്ക് വില കൂടുതലാണെങ്കിലും അതൊന്നും വിപണിയെ ബാധിക്കില്ലെന്ന് പ്രതീക്ഷയിലാണ് കച്ചവടക്കാർ. രണ്ടുവർഷം ഒത്തുചേരലുകൾ കു കുറഞ്ഞിരുന്നതിനാൽ ക്രിസ്മസ് ആഘോഷം വീടുകളിൽപോലും പരിമിതമായിരുന്നു. എന്നാൽ ഇത്തവണ ഈ കാര്യങ്ങളെല്ലാം ഇളവുകൾ വന്നതാണ് വിപണിയെ ഉഷാറാക്കാൻ കാരണം. വിവിധ വർണങ്ങളിലുള്ള നക്ഷത്രങ്ങളും അലങ്കാരങ്ങളും വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.പാല തരത്തിലുള്ള എൽഇഡി, പേപ്പർ നക്ഷത്രങ്ങളാണ് വിപണിയിലെ മുഖ്യ ആകർഷണം. 60 രൂപ മുതൽ 500 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങൾ ലഭ്യമാണ്.
പുൽക്കൂടുകളിൽ തൂക്കുന്ന ചെറിയ നക്ഷത്രങ്ങൾ 10 രൂപ മുതൽ ലഭിക്കും.എൽഇഡി നക്ഷത്രങ്ങൾക്ക് 150 മുതൽ 1200 വരെയാണ് വില. അലങ്കാരത്തിന് ഉപയോഗിക്കുന്ന എൽഇഡി മാല ബൾബുകൾ 100 രൂപ മുതൽ നിരക്കിൽ ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും കടകളിൽ നിരന്നുകഴിഞ്ഞു. തടിയിലും ചൂരലിലും തീർത്ത പുൽക്കൂടുകളും വിൽപ്പനക്കായി എത്തി. ചൂരൽ കൊണ്ടുള്ള ഈടു നിൽക്കുന്ന പുൽക്കൂട് 900 രൂപ മുതൽ ലഭ്യമാണ്. തടികൊണ്ടുള്ള പുൽക്കൂടിന് 400 രൂപ മുതലാണ് വില.
റെഡിമെയ്ഡ് പുൽക്കൂടുകൾക്കും ആവശ്യക്കാരേറെയാണ്. വൈവിധ്യമാർന്ന ക്രിസ്മസ് ട്രീകളും കടകളിൽ വിൽപ്പനയ്ക്കുണ്ട്. 500 രൂപ മുതൽ ക്രിസ്മസ് ട്രീ ലഭ്യമാണ്. പുൽക്കൂടുകളിൽ വെക്കുന്ന ഉണ്ണിയേശു ഉൾപ്പെടെയുള്ള സെറ്റ് പ്രതിമകളും വിവിധ അലങ്കാരവസ്തുക്കളും,ക്രിസ്മസ് കാർഡുകളും,കുഞ്ഞു സാന്താക്ലോസും എല്ലാം വിപണിയിലുണ്ട്.വൈകാതെ ക്രിസ്മസ് കേക്കുകളുമായി ബേക്കറികളും സജീവമാകും. കോവിഡ് പ്രതിസന്ധി ഉണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും ഓൺലൈനായും അല്ലാതെയും ക്രിസ്മസ് ആഘോഷപരിപാടികൾ നടക്കുന്നതും ഇത്തവണ വിപണിക്ക് പ്രതീക്ഷയായി.