വിദേശ എംബിബിഎസുകാർക്ക് ഇനി 2 വർഷം ഇന്റേൺഷിപ്

വിദേശ സർവകലാശാലകളിൽ എംബിബിഎസ് പഠിക്കാൻ പുതുതായി ചേരുന്നവർ പഠിക്കുന്ന സ്ഥാപനത്തിൽ ഒരു വർഷം ഇന്റേൺഷിപ് നിർബന്ധമായി ചെയ്യണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ മാർഗരേഖ. ഇവർ ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം ഇവിടെയും പഠനപരിശീലനം നടത്തണം. ഫലത്തിൽ 2 വർഷമാകും ഇവർക്ക് ഇന്റേൺഷിപ് ഈ നിർദേശങ്ങൾ പഠനം പൂർത്തിയാക്കിയവർക്കും നിലവിൽ പഠിക്കുന്നവർക്കും ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ എംബിബിഎസ് പഠിക്കുന്നവർക്ക് അവിടെ ഇന്റേൺഷിപ് പൂർത്തിയാക്കാതെ ഇന്ത്യയിൽ മടങ്ങിയ ശേഷം പഠനപരിശീലനം നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ പുതിയ നിർദേശമനുസരിച്ച് ഇതു സാധിക്കില്ല.

എംബിബിഎസ് പഠനത്തിനു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവർ ഇന്ത്യയിൽ പെർമനന്റ് റജിസ്ട്രേഷൻ നടത്തണമെങ്കിൽ താഴെപ്പറയുന്ന വ്യവസ്ഥകൾ പാലിക്കണമെന്നാണു കമ്മിഷൻ വിശദീകരിക്കുന്നത്.

 * പഠന കാലാവധി കുറഞ്ഞത് 54 മാസമായിരിക്കണം (4.5 വർഷം)

 * ഇംഗ്ലിഷിലായിരിക്കണം പഠനം.

 * പഠിക്കുന്ന സ്ഥാപനത്തിൽ കുറഞ്ഞതു 12 മാസത്തെ ഇന്റേൺഷിപ് പൂർത്തിയാക്കണം.

 * പഠനം നടത്തുന്ന രാജ്യത്തെ അംഗീകൃത റഗുലേറ്ററി കേന്ദ്രം നൽകുന്ന ബിരുദ യോഗ്യത.

 * ഇന്ത്യയിൽ ദേശീയ മെഡിക്കൽ കമ്മിഷനിൽ റജിസ്റ്റർ ചെയ്ത ശേഷം 12 മാസത്തെ ഇന്റേൺഷിപ്

 * കമ്മിഷൻ അനുശാസിക്കുന്ന യോഗ്യതാ പരീക്ഷ (നാഷനൽ എക്സിറ്റ് ടെസ്റ്റ് പാസാകണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ

ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാവെള്ളം ഉണ്ടാക്കാം. തിളപ്പിച്ച നാരങ്ങാ വെള്ളം ആണ് അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും പകരം തിളപ്പിച്ച വെള്ളമാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്.

വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. ഒരു നാരങ്ങയുടെ ജ്യൂസിൽ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ഡെയിലി വാല്യൂ (DV) വിന്റെ 21 ശതമാനം അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്.

19 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ദിവസം 75 മി.ഗ്രാം വൈറ്റമിൻ സി യും പുരുഷന്മാർക്ക് 90 മി.ഗ്രാം വൈറ്റമിൻ സി യും ഒരു ദിവസം ആവശ്യമാണ്. തിളപ്പിക്കുമ്പോൾ പോഷക ഗുണങ്ങൾ കുറയും എന്നാൽ ചില പഠനങ്ങൾ പറയുന്നതെങ്കിലും തിളപ്പിച്ച നാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഗുണമാണ്.

  * ചർമത്തിന് ആരോഗ്യമേകുന്നു

വൈറ്റമിൻ സി യും ധാരാളം അടങ്ങിയതിനാൽ നാരങ്ങാവെള്ളം ചർമത്തിന് സംരക്ഷണമേകും. പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. മുഖക്കുരു വരാതെ തടയും. മുറിവുകൾ വേഗമുണങ്ങാൻ വൈറ്റമിൻ സി സഹായിക്കുന്നു. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ചർമത്തിന് ഉണർവും തിളക്കവും നൽകും.

  * രക്തസമ്മർദം കുറയ്ക്കുന്നു

രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദം കുറയ്ക്കും. രക്തസമ്മർദം വളരെ പെട്ടെന്ന് സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളം സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

  * പ്രതിരോധ ശക്തി വർധിപ്പിക്കുന്നു

വൈറ്റമിൻ സി പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കോവിഡ്, ഫ്ലൂ തുടങ്ങിയ ശ്വസന രോഗങ്ങളിൽ നിന്ന് ഇത് സംരക്ഷണമേകും.

  * ദഹനം മെച്ചപ്പെടുത്തുന്നു

മലബന്ധം, നെഞ്ചെരിച്ചിൽ, വയറിനു കനം തുടങ്ങിയവ മൂലം വിഷമിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമേകും. ചൂടു വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു ഒപ്പം ശരീരഭാരം കുറയ്ക്കുന്നു.

തിളപ്പിച്ച നാരങ്ങാവെള്ളം രണ്ടു തരത്തിൽ ഉണ്ടാക്കാം. ഒന്നാമതായി ഒരു നാരങ്ങയുടെ മുറി പിഴിഞ്ഞെടുക്കുക. ഈ നാരങ്ങാ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ ചേർക്കുക. ചൂടാറിയ ശേഷം കുടിക്കാം. രണ്ടാമതായി നാരങ്ങാ ചെറിയ കഷണങ്ങളായി മുറിക്കാം. തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നാരങ്ങാ മുറി ഇടുക. തണുത്ത ശേഷം കുടിക്കാം.

നാരങ്ങാ വെള്ളം രുചികരവും ആരോഗ്യകരവുമായ ഒരു പാനീയമാണ്. ശരീരത്തിൽ ജലാംശം നില നിർത്താൻ ഇത് സഹായിക്കും. എന്നാൽ കൂടിയ അളവിൽ ഇത് കുടിക്കാൻ പാടില്ല. ഇത് പല്ലിന്റെ ഇനാമലിന് കേടു വരുത്തും. ദിവസം ഒന്നോ രണ്ടോ ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യ ഗുണങ്ങളേകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യ കുതിക്കുന്നു, അയൽ രാജ്യങ്ങളേക്കാൽ പിന്നിലും

ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് നേരിയ ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായാണ് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്ലയുടെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച മൊബൈൽ ഇന്റർനെറ്റ് വേഗമാണ് ഒക്ടോബറിൽ ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ എന്നത് മറ്റൊരു വസ്തുതയാണ്.

ഊക്ലയുടെ 2021 ഒക്ടോബറിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്. മുൻ റാങ്കിങ്ങിലും യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗൺലോഡ് വേഗം 273.87 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 32.97 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗൺലോഡിങ് വേഗം 68.44 എംബിപിഎസും അപ്ലോഡിങ് വേഗം 13.79 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്റർനെറ്റ് വേഗത്തിൽ അഞ്ച് സ്ഥാനം കയറി ഇന്ത്യ 122-ാം സ്ഥാനത്താണ്. മൊബൈൽ ഡൗൺലോഡ് വേഗത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാണ്. ഏപ്രിലിലെ 12.82 എംബിപിഎസിൽ നിന്ന് ഒക്ടോബറിൽ 18.98 എംബിപിഎസ് ആയി വർധന രേഖപ്പെടുത്തി. എന്നാൽ, മറ്റു ചില രാജ്യങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചതിനാലാണ് ആഗോള റാങ്കിങ്ങിൽ നൂറിൽ താഴേക്ക് പോയത്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 71-ാം സ്ഥാനത്താണ്.

2021 ഒക്ടോബർ അവസാനത്തിലെ കണക്കുകൾ പ്രകാരം ലോകത്തെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 68.44 എംബിപിഎസും അപ്ലോഡ് 13.79 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 116.86 എംബിപിഎസും അപ്ലോഡ് 64.73 എംബിപിഎസുമാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ മൊബൈൽ ഇന്റർനെറ്റ് വേഗത്തിന്റെ പട്ടികയിൽ 115-ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 20,92 എംബിപിഎസും അപ്ലോഡ് 11.47 എംബിപിഎസുമാണ്. പട്ടികയിൽ 105-ാം സ്ഥാനത്തുള്ള നൈജീരിയയിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 24.54 എംബിപിഎസും അപ്ലോഡ് 9.76 എംബിപിഎസുമാണ്.

ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്വർക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം. ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 7-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേസമയം ചൈന 3-ാം സ്ഥാനത്തായിരുന്നു.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്. ദക്ഷിണ കൊറിയയിലെ ഇന്റർനെറ്റ് വേഗം 214.47 എംബിപിഎസ് ആണ്. ഖത്തർ (178.83 എംബിപിഎസ്), നോർവെ (178.70 എംബിപിഎസ്), കുവൈത്ത് (170.67 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം പലസ്തീനിലാണ്. സെക്കൻഡിൽ 7.66 എംബിപിഎസ് ആണ് 141-ാം സ്ഥാനത്തുള്ള പലസ്തീനിലെ ശരാശരി ഇന്റർനെറ്റ് വേഗം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കാവലാവാൻ തമ്പാൻ തീയേറ്ററുകളിലെത്തി; ഉജ്ജ്വല സ്വീകരണം

ഒരിടവേളയ്ക്ക് ശേഷം മാസ് പരിവേഷവുമായി സുരേഷ് ​ഗോപിയെത്തുന്ന കാവൽ തീയേറ്ററുകളിൽ പ്രദർശനത്തിന്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ക്രൈം ത്രില്ലറാണ്. കൊച്ചിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ആരാധകരുടെ വൻ പങ്കാളിത്തമുണ്ട്.

കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്ക്രീനിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.

ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്കൂൾ സമയം വൈകുന്നേരം വരെയാക്കുന്നത് പരിഗണനയിൽ

സംസ്ഥാനത്ത് സ്കൂൾ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.

മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ചചെയ്തത്. വെള്ളിയാഴ്ചത്തെ യോഗത്തിൽ തുടർചർച്ചകൾ നടക്കും. ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.

  * പ്ലസ്വൺ സീറ്റ്; താത്കാലിക ബാച്ചുകൾ വേണ്ടിവരും

പ്ലസ്വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65-ഓളം താത്കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്ന് കണക്കുകൂട്ടൽ. മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നതതല യോഗത്തിലാണ് ഹയർ സെക്കൻഡറി വിഭാഗം ഇതു സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്.

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകൾ കൂടുതൽ ആവശ്യം. തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ ഏതാനും ബാച്ചുകളും ആവശ്യമാണ്.

നിലവിൽ പ്രവേശനം ലഭിക്കാത്ത കുട്ടികളിൽ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ പ്രവേശനത്തിനായി ഓപ്ഷൻ നൽകിയവരാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുന്ന സാഹചര്യത്തിൽ എത്ര പുതിയ ബാച്ചുകൾ വേണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മലപ്പുറത്ത് 5491 പേർക്കും പാലക്കാട് 2002 പേർക്കും കോഴിക്കോട് 2202 പേർക്കുമാണ് പ്രവേശനം ലഭിക്കാനുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രണ്ടാം ഡോസ് വാക്സിൻ: പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പ്രത്യേക ക്യാമ്പയിൻ

ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പ്രത്യേക ക്യാമ്പയ്ൻ സംഘടിപ്പിക്കും. ഡിസംബർ അവസാനത്തോടെ മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകുകയാണ് ലക്ഷ്യം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം.  ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറാടി മാതൃക പിന്തുടരണമെന്ന് മന്ത്രി പി.രാജീവ് യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ 25 ശതമാനം ആളുകൾ കൂടിയാണ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളത്. മുഴുവൻ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഇതുവരെ രണ്ടാം ഡോസ് സ്വീകരിക്കാത്തവരുടെ പട്ടിക തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ തയാറാക്കി കഴിഞ്ഞു. ഇവരെ നേരിൽ കണ്ടും വാക്സിന്റെ ആവശ്യകത ബോധിപ്പിക്കും. കൂടാതെ മൈക്ക് അനൗൻ ൺസ്മെന്റുകൾ വഴിയും ബോധവത്കരണം വ്യാപിപ്പിക്കും. വാർഡ് അംഗം, ഫീൽഡ് സ്റ്റാഫ്, ആശ വർക്കർ മാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. നിലവിൽ ജില്ലയിൽ ആവശ്യത്തിന് വാക്സിൻ ശേഖരിച്ചിട്ടുള്ളതായി കളക്ടർ ജാഫർ മാലിക് യോഗത്തിൽ അറിയിച്ചു. ഒന്നരലക്ഷത്തോളം വാക്സിൻ ജില്ലയിൽ ലഭ്യമാണ്. രണ്ടാം ഡോസ് വാക്സിൻ എടുക്കാത്ത 100 ൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പ്രദേശത്ത് പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.   ജില്ലയിൽ മാറാടി പഞ്ചായത്താണ് രണ്ട് ഡോസ് വാക്സിനും നൂറ് ശതമാനം പൂർത്തിയാക്കിയത്. മുവാറ്റുപുഴ ,പറവൂർ, പിറവം, തൃപൂണിത്തുറ മുനിസിപ്പാലിറ്റികളും 90 ശതമാനത്തിനു മുകളിൽ വാക്സിനേഷൻ പൂർത്തിയാക്കി. 28 തദ്ദേശ സ്ഥാപനങ്ങൾ 80 മുതൽ 90 ശതമാനം വരെ വാക്സിൻ നൽകി. ഡിസംബർ 15 നുള്ളിൽ 100 ശതമാനം പൂർത്തിയാക്കും. 60 നും 80 ശതമാനത്തിനും ഇടയിൽ ആളുകൾക്ക് വാക്സിനേഷൻ നൽകിയ 44 തദ്ദേശസ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. 18 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 60 ശതമാനത്തിൽ താഴെയാണ്.  ജില്ലയിൽ 50,30,746 ഡോസ് വാക്സിനാണ് ഇതുവരെ  നൽകിയത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഉദ്യോഗസ്ഥർ സംരംഭർക്കാപ്പം സഞ്ചരിക്കണം

സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ബാങ്ക് വായ്പകൾ ലഭ്യമാക്കുന്നതിനും  വിജയകരമായി സംരംഭങ്ങൾ മുന്നോട്ടു നയിക്കുന്നതിനും എല്ലാ പിന്തുണയും  നൽകി സംരംഭകർക്കൊപ്പം ഉദ്യോഗസ്ഥർ സഞ്ചരിക്കണമെന്ന് വ്യവസായ കയർ നിയമവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ‘ഒരു വില്ലേജിൽ ഒരു പുതിയ വ്യവസായ സംരംഭം’ പദ്ധതി ചൈത്രം ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാനോ വ്യവസായ സംരംഭങ്ങൾക്ക് വലിയ സാധ്യതകൾ ഉണ്ടെന്നും സംരംഭങ്ങൾ തുടങ്ങാൻ ലഭിക്കുന്ന അപേക്ഷകൾക്കും പരിശീലനത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിനുമുപരി എത്രപേർ സംരംഭം തുടങ്ങിയെന്നും അവർക്കത് വിജയകരമായി നടത്തുവാൻ സാധിക്കുന്നുണ്ടോ എന്നതിലും ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.

ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ ചെറുകിട സംരംഭകരെ സഹായിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. നാനോ സംരംഭങ്ങൾ വിജയകരമായി പ്രവർത്തിച്ച് ഇടത്തരം സംരംഭങ്ങളായി മാറണം. സംരംഭങ്ങളെ ആളുകൾ സംശയത്തോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞു. ‘നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനം’ എന്നതാണ് വ്യവസായ വകുപ്പിന്റെ പുതിയ മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു.
ബോർഡ് സെക്രട്ടറി കെ.എ. രതീഷ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. കെ.വി.ഐ.സി. സംസ്ഥാന ഡയറക്ടർ വി. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ശ്രീനിവാസ പൈ ജി, കെ.കെ. ചാന്ദിനി, കെ.വി. ഗിരീഷ്‌കുമാർ, പ്രേംജീവൻ, സഞ്ജീവ്, പി.എൻ. മേരി വെർജിൻ തുടങ്ങിയവർ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളാേത്സവം 2021 : മത്സരങ്ങൾ ഓൺലൈൻ വഴി രജിസ്ട്രേഷൻ ഇന്ന് (25-11-20 21) മുതൽ ആരംഭിക്കും

കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ 2021 വര്‍ഷത്തെ കേരളോത്സവം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ കലാമത്സരങ്ങള്‍ മാത്രമാണ്‌ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്‌. പഞ്ചായത്ത്‌ ബ്ലോക്ക്‌തലങ്ങളിലെ മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്‌. മത്സരാര്‍ത്ഥികള്‍ക്ക്‌ നേരിട്ട്‌ ജില്ലകളിലേയ്‌ക്ക്‌ മത്സരിക്കാവുന്നതാണ്‌. പ്രത്യേകം തയ്യാറാക്കിയ വെബ്‌ ആപ്ലിക്കേഷനിലൂടെയാണ്‌ രജിസ്‌ട്രേഷനും വീഡിയോ അപ്‌ ലോഡിംഗും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. നവംബർ 25 മുതല്‍ 30 വരെ ഈ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന സമയത്ത്‌ മത്സരാര്‍ത്ഥികള്‍ക്ക്‌ ഒരു രജിസ്റ്റര്‍ നമ്പരും കോഡ്‌ നമ്പരും ലഭ്യമാകും. ഈ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ്‌ അടുത്തഘട്ടത്തില്‍ മത്സരങ്ങളുടെ റിക്കോര്‍ഡ്‌ ചെയ്‌ത വീഡിയോകള്‍ അപ്‌ ലോഡ്‌ ചെയ്യേണ്ടത്‌. നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്കു മാത്രമേ വീഡിയോ അപ്‌ ലോഡ്‌ ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുകയുള്ളൂ. വീഡിയോകള്‍ റിക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തങ്ങള്‍ക്ക്‌ ലഭിച്ച കോഡ്‌ നമ്പരുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. ജില്ലാതല മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചവര്‍ക്ക്‌ സംസ്ഥാനതല മത്സരത്തില്‍ വീഡിയോ അപ്‌ ലോഡ്‌ ചെയ്യുന്നതിനായി വീണ്ടും നിശ്ചിത ദിവസം കൂടി ലഭിക്കുന്നതാണ്‌.

മത്സര വീഡിയോകള്‍ പ്രാഥമികതലത്തില്‍ വിദഗ്‌ദ്ധസമിതി സ്‌ക്രീനിംഗ്‌ നടത്തിയശേഷം ബ്ലോക്ക്‌ പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ഒരു ഇനത്തില്‍ നിന്നും 5 എന്‍ട്രികള്‍ വീതം അടുത്തതലത്തിലേക്ക്‌ (ജില്ലാതലം) നല്‍കുന്നു. ആ തലത്തിലെ വിധിനിര്‍ണ്ണയത്തിനുശേഷം ജില്ലാതലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവരുടെ പട്ടിക വെബ്‌ സൈറ്റ്‌ വഴി പ്രസിദ്ധീകരിക്കുന്നു. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ അവരുടെ മത്സര ഇനത്തിന്റെ വീഡിയോ സംസ്ഥാന മത്സരത്തിലേക്കായി ഒരു തവണ കൂടി അപ്‌ ലോഡ്‌ ചെയ്യേണ്ടതാണ്‌. ഏതെങ്കിലും കാരണവശാല്‍ വീഡിയോ അപ്‌ ലോഡ്‌ ചെയ്‌തിട്ടില്ലെങ്കില്‍ അവര്‍ക്ക്‌ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ല. അപ്‌ ലോഡ്‌ ചെയ്യുന്ന വീഡിയോകള്‍ സംസ്ഥാനതലത്തില്‍ വിധിനിര്‍ണ്ണയം നടത്തി വിജയികളെ തീരുമാനിക്കുന്നു. ജില്ലാ- സംസ്ഥാനതലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ പ്രൈസ്‌മണി, സര്‍ട്ടിഫിക്കറ്റ്‌ എന്നിവ നല്‍കുന്നു. മത്സരഫലങ്ങള്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റ്‌, കേരളോത്സവം വെബ്‌ ആപ്ലിക്കേഷന്‍ എന്നിവയിലൂടെയായിരിക്കും പ്രസിദ്ധീകരിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതി 29നു ഉദ്ഘാടനം ചെയ്യും

കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 29നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് ആ തുക ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണു ‘വിദ്യാനിധി’ പദ്ധതി ആരംഭിക്കുന്നത്.
പദ്ധതി പ്രകാരം 12 മുതൽ 16 വരെ പ്രായമുള്ള കുട്ടികൾക്കു സ്വന്തം പേരിൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാം. 

സൗജന്യ എസ്.എം.എസ്, സൗജന്യ ഡി.ഡി. ചാർജ്, സൗജന്യ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ, വിദ്യാഭ്യാസ വായ്പയ്ക്കു മുൻഗണന, സൗജന്യ സർവീസ് ചാർജ്, സൗജന്യ എ.ടി.എം. കാർഡ്, മൊബൈൽ ബാങ്കിങ് സൗകര്യം തുടങ്ങിയവ ഈ അക്കൗണ്ടിന്റെ പ്രത്യേകതകളാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്‌കോളർഷിപ്പുകൾ ഈ അക്കൗണ്ട് വഴി ലഭിക്കും.
പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് (മാതാവിനു മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിനും അനുവാദം നൽകും. 

രണ്ടു ലക്ഷം രൂപവരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വർഷ പ്രീമിയം ബാങ്ക് നൽകും.
29നു രാവിലെ 11നു തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ പങ്കെടുക്കും.

sap 24 dec copy
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രജിസ്‌ട്രേഷൻ പൂർത്തീകരിക്കാതെ വിദേശത്ത് പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം

സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന,  എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.  കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നടപടി.
വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവിലെ ‘വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും’ എന്ന നിബന്ധന ഒഴിവാക്കും.

 ദമ്പതികളിൽ വിദേശത്തുള്ളയാൾ നാട്ടിലെത്തുന്ന മുറയ്ക്ക് തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരായി ഒപ്പ് രേഖപ്പെടുത്തണം. ഇക്കാര്യം സർട്ടിഫിക്കറ്റ് അനുവദിക്കുന്ന സമയത്ത് തദ്ദേശ രജിസ്ട്രാർ കക്ഷികളെ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു.
ദമ്പതികളിൽ ഒരാൾക്ക് നേരിട്ട് ഹാജരാകാൻ സാധിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ നിർബന്ധമായും തദ്ദേശ രജിസ്ട്രാർ മുമ്പാകെ ഹാജരാവുകയും രജിസ്റ്ററിൽ ഒപ്പു വയ്ക്കുകയും വേണം.
വ്യാജ ഹാജരാകലുകളും ആൾമാറാട്ടവും ഒഴിവാക്കാൻ സാക്ഷികളുടെ സാന്നിദ്ധ്യം ഉപയോഗിക്കാം. ദമ്പതികളുടെ സത്യവാങ്മൂലം രജിസ്ട്രാർക്ക് വാങ്ങി സൂക്ഷിക്കുകയും ചെയ്യാം.

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുമ്പോൾ ഹിയറിംഗ് നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ കക്ഷികളുടെ ഉത്തരവാദിത്തത്തിൽ ക്രമീകരണം ഏർപ്പെടുത്തണം. ദമ്പതികളിൽ ഒരാൾ മരണപ്പെട്ട സാഹചര്യമുണ്ടെങ്കിൽ ജീവിച്ചിരിക്കുന്നയാൾക്ക് ഉത്തരവിന്റെ ആനുകൂല്യം ലഭ്യമാകില്ലെന്നും ഇത്തരം സന്ദർഭത്തിൽ നിലവിലുള്ള രീതി തുടരേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights