ഇന്ത്യയിലെ ഏത് അടുക്കളയിലും നിര്‍ബന്ധമായും കണ്ടെത്താന്‍ സാധിക്കുന്ന ഒരു വിഭവമാണ് മഞ്ഞള്‍. നമ്മുടെ കറികള്‍ക്ക് രുചി മാത്രമല്ല ഗുണവും പകരുന്ന ഒരു അദ്ഭുത കൂട്ടാണ് മഞ്ഞള്‍ പൊടി. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉള്ളതാണ്. കോവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നാം വ്യാപകമായി ഉപയോഗപ്പെടുത്തിയതും മഞ്ഞളിനെയാണ്.
തണുപ്പ് കാലമെത്തുന്നതോടെ വരാന്‍ ഇടയുള്ള പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണ് മഞ്ഞള്‍. ഇനിയുള്ള മാസങ്ങളില്‍ നമ്മുടെ നിത്യാഹാരത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തണമെന്ന് പറയാനുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാണ്.
1. തണുപ്പ് കാലത്തെ സൈനസിന് ശമനം
തണുപ്പു കാലത്തു വരുന്ന സൈനസ് രോഗം, സന്ധിവേദന, ദഹനപ്രശ്‌നം, ചുമ, ജലദോഷം എന്നിവയ്‌ക്കെല്ലാം ആശ്വാസം നല്‍കാന്‍ മഞ്ഞളിന്റെ ഉപയോഗം കൊണ്ടു സാധിക്കും. പാലിലോ, ചായയിലോ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേര്‍ത്തു കഴിക്കുന്നത് ഈ രോഗങ്ങള്‍ക്ക് ഉടനടി ശമനം നല്‍കും. രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനും നിത്യവുമുള്ള മഞ്ഞളിന്റെ ഉപയോഗത്തിലൂടെ സാധിക്കും.
2. അവധിക്കാലത്തെ എക്‌സ്ട്രാ ഭാരം കുറയ്ക്കാം
മഞ്ഞു കാലം പലര്‍ക്കും അവധിക്കാലം കൂടിയാണ്. കയ്യിലൊരു പെഗ് റമ്മും പ്ലേറ്റില്‍ ചിക്കന്‍ 65 വോ ബീഫ് റോസ്‌റ്റോ ആയി ചടഞ്ഞ് കൂടിയിരിക്കാന്‍ പലരും ആഗ്രഹിക്കുന്ന കാലഘട്ടം കൂടിയാണ് ഇത്. തണുപ്പ് കാലത്തെ ഈ മടി പിടിക്കല്‍ വണ്ണം കൂട്ടാനും സാധ്യതയുണ്ട്. ഇതിനെല്ലാം പരിഹാരമാണ് മഞ്ഞളിന്റെ ഉപയോഗം. ചയാപചയം മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യത്തിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള മഞ്ഞള്‍ സഹായിക്കും.
3. വയറിന്റെ കൂട്ടുകാരന്‍
ചര്‍മത്തിനും മുടിക്കും മാത്രമല്ല ശരീരത്തിനും ശൈത്യകാലം പണി തരും. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കേണ്ട സാഹചര്യമുണ്ട്. ചൂടുള്ള പാനീയങ്ങളും ഇടയ്ക്കിടെ കഴിക്കാന്‍ ഇക്കാലയളവില്‍ തോന്നും. ഇതെല്ലാം ദഹന സംവിധാനത്തിന്റെ താളം തെറ്റിക്കാം. മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പിണങ്ങിയിരിക്കുന്ന ദഹന വ്യവസ്ഥയ്ക്കും ആശ്വാസം പകരും.
4. ആയുര്‍വേദ ഗുണങ്ങള്‍
ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള മഞ്ഞള്‍ ഉള്ളില്‍ ചെല്ലുമ്പോള്‍ ശരീരം ഉള്ളിലെ വിഷാംശം പുറന്തള്ളും. ചര്‍മത്തിന് തിളക്കം നല്‍കാനും ഇതിലൂടെ മഞ്ഞളിനാകും.
5. പനിക്കാലത്തിന് ബെസ്റ്റ്
കോവിഡുമായി മല്ലടിക്കുന്ന രാജ്യത്തിന് തണുപ്പ് കാലത്തെ പനി കേസുകള്‍ വെല്ലുവിളിയാണ്. ബാക്ടീരിയല്‍ അണുബാധ ചെറുക്കാനും തൊണ്ട വേദനയ്ക്ക് ആശ്വാസം പകരാനുമെല്ലാം മഞ്ഞള്‍ ചേര്‍ത്ത പാല്‍ സഹായിക്കും. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് പനി വരാതെ കാക്കാന്‍ ശുദ്ധമായ മഞ്ഞള്‍ പൊടിയാക്കി കഴിക്കുന്നത് ഉപകരിക്കും.