2022 പുലരുക കര്‍ശന നിയന്ത്രണങ്ങളോടെ

ഒമിക്രോൺ ഭീതിയിൽ സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ച് നിയന്ത്രണങ്ങൾ കർശനമാക്കി. വ്യാഴാഴ്ച മുതൽ കേരളത്തിൽ രാത്രികാല കർഫ്യു നിലവിൽ വന്നു. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ശബരിമല, ശിവഗിരി തീർഥാടകരൊഴികെ മറ്റുള്ളവർ രാത്രി പുറത്തിറങ്ങിയാൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണമെന്നാണ് നിർദേശം. അനാവശ്യ യാത്രകൾക്കെതിരെ കർശനമായ നടപടിയെടുക്കാനാണ് പോലീസിന് ലഭിച്ചിട്ടുള്ള നിർദേശം.

പകൽ സമയങ്ങളിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനാനുമതി. രാത്രികാല കർഫ്യു നിലവിൽ വന്നതിനാൽ പത്ത് മണിക്ക് ശേഷം പൊതുയിടങ്ങളിൽ കൂടിച്ചേരലുകളും വിലക്കുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം. ജനുവരി രണ്ടു വരെ നിയന്ത്രണങ്ങൾ തുടരും.

കൊച്ചിൻ കാർണിവലിന് മുടക്കം വരാതിരിക്കാൻ കയാക്കിങ് പോലുള്ള ചെറിയ പരിപാടികൾ മാത്രമാണ് ഇക്കുറി സംഘടിപ്പിച്ചത്. വിപുലമായ ആഘോഷങ്ങളടക്കം ഒഴിവാക്കി. നവംബർ, ഡിസംബർ മാസങ്ങളിൽ സാധാരണയായി സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഫോർട്ട് കൊച്ചിയിലേക്ക്. എന്നാൽ ഇത്തവണ വിദേശ വിനോദ സഞ്ചാരികളും വരവും ഗണ്യമായി തന്നെ കുറഞ്ഞിരിക്കുകയാണ്. രാത്രി 10 മണിക്ക് ശേഷം ഫോർട്ട് കൊച്ചി ബീച്ചിലേക്കടക്കം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഡി.ജെ. പാർട്ടികളടക്കമുള്ളവയ്ക്ക് കർശനമായ നിയന്ത്രണമുണ്ടാകും. ലഹരി മരുന്ന് പാർട്ടികൾ നടക്കുന്നുണ്ടോയെന്ന് കർശന പരിശോധനകളുണ്ടാകും. എക്സൈസ്, പോലീസ്, എൻ.സി.ബി. സംഘങ്ങൾ നിരീക്ഷണം നടത്തും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights