വെർച്വൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് ഏർപ്പെടുത്തിയ നികുതി ഒഴിവാക്കാൻ പുതുവഴികൾ തേടി ക്രിപ്റ്റോ ഏജൻസികൾ.വെർച്വൽ ഡിജിറ്റൽ ആസ്തിയിൽ 10000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് ഒരു ശതമാനം ടി. ഡി. എസും വരുമാനത്തിൽ 30 ശതമാനം നികുതിയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ക്രിപ്റ്റോ കറൻസിയിലെ വില്പന, വാങ്ങൽ തുടങ്ങിയ ഇടപാടുകൾക്ക് പകരമായി അതിന്റെ മൂല്യത്തിൽ വായ്പയും നിക്ഷേപവും സാധ്യമാക്കി നികുതിയിൽ നിന്ന് രക്ഷ നേടാനാണ് ക്രിപ്റ്റോ ഏജൻസികൾ ആലോചിക്കുന്നത്. നികുതി നിർദേശത്തിൽ ക്രിപ്റ്റോ കറൻസി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. അതിനാൽ, ക്രിപ്റ്റോ കറൻസി അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളിൽ നികുതി ബാധകമാകില്ലെന്നാണ് കണക്കു കൂട്ടൽ. ഇക്കാര്യത്തിൽ വ്യക്തതയ്ക്കായി സർക്കാരിനെ ക്രിപ്റ്റോ ഏജൻസികൾ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രിപ്റ്റോ അധിഷ്ടിതാ ഉത്പന്നങ്ങളിൽ നികുതി ഒഴിവാക്കുമെങ്കിൽ വലിയ ഡിമാൻഡ് ഉണ്ടാകുമെന്നും വിലയിരുത്തുന്നു.
ക്രിപ്റ്റോ കറൻസികൾ വിറ്റ് പണമെടുക്കുന്നതിനു പകരം നിക്ഷേപകാർക്ക് ഇതിൽ നിന്ന് വായ്പ എടുക്കുന്നതിലൂടെ നികുതി ഒഴിവാക്കാനാകും. ആവർത്തിച്ചുള്ള ഇടപാടുകൾ ഒഴിവാക്കുമെന്നതിനാൽ ടി. ഡി. എസും വേണ്ടിവരില്ല. ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്ന ഓൺലൈൻ ബാങ്കിങ് പ്ലാറ്റഫോമായ കാഷാ, ക്രിപ്റ്റോ കറൻസി നിക്ഷേപത്തിൽ 24 ശതമാനം വരെ വാർഷിക പലിശ വാഗ്ദാനം ചെയ്ത് പുതിയ ഉത്പന്നം അവതരിപ്പിച്ചിട്ടുണ്ട്. കാഷായുടെ വാലറ്റിൽ സ്റ്റേബിൾ കോയിൻ നിക്ഷേപം സൂക്ഷിക്കുമ്പോഴാണ് പലിശ നൽകുക. യു. എസ് ഡോളർ അല്ലെങ്കിൽ സ്വർണം നിക്ഷേപമായി സൂക്ഷിച്ചിട്ടുള്ള ക്രിപ്റ്റോ കറൻസിയാണ് സ്റ്റേബിൾ കോയിൻ. എക്സ്ചെഞ്ച് ഗ്രേടസ് ഫണ്ട് ഉൾപ്പെടെയുള്ളവ അവതരിപ്പിക്കാനും എക്സ്ചെഞ്ചുകൾ ആലോചിക്കുന്നുണ്ട്.