Month: May 2022
സുഭാഷ് ചന്ദ്രന് പുരസ്‌കാരം സമ്മാനിച്ചു.
തിരുവനന്തപുരം: മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന്സമ്മാനിച്ചു. ‘സമുദ്രശില’ എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ സമ്മാനിച്ചു. നോവലുകള്‍ എത്ര വായിക്കപ്പെടുന്നുവെന്ന് അറിയില്ലെന്നും വായിക്കപ്പെടേണ്ട കൃതികള്‍ ഒരുപാടുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കവി വി.മധുസൂദനന്‍ നായര്‍ പറഞ്ഞു. അടുത്ത തലമുറ ഈ കൃതികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയില്ല. കാരണം തലമുറകളെ സ്വന്തം അക്ഷരത്തില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. തീറ്റക്കടകള്‍ ഒരുപാടുണ്ടാവുകയും അക്ഷരക്കടകള്‍ ചുരുങ്ങുകയും ചെയ്തു. മലയാളത്തിലെ പല മഹാനിധികളില്‍ ഒരാളാണ് സുഭാഷ് ചന്ദ്രന്‍. വേണ്ടെന്നു വയ്ക്കാന്‍ കഴിയുന്ന ഒരു വാക്കുപോലും ഇല്ലാതെ ഒരു നോവലെഴുതുക എളുപ്പമല്ലെന്നും പ്രൊഫ. വി.മധുസൂദനന്‍ നായര്‍ പറഞ്ഞു.
വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകള്‍; ഫോബ്‌സ് പട്ടികയില്‍ ഇടംനേടി മലയാളി എന്‍ജിനീയര്‍മാര്‍.
കൊച്ചി: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകള്‍ നിര്‍മിച്ച് ശ്രദ്ധേയരായ യുവ മലയാളി എന്‍ജിനീയര്‍മാര്‍ ഫോബ്സിന്റെ ഏഷ്യയിലെ യുവപ്രതിഭകളുടെ പട്ടികയില്‍ ഇടംപിടിച്ചു. കേരളം ആസ്ഥാനമായ ‘നെസ്റ്റ് അബൈഡ്’ (nestabide.com) എന്ന സ്റ്റാര്‍ട്ടപ്പിന്റെ കോ-ഫൗണ്ടര്‍മാരായ നന്മ ഗിരീഷും ബെന്‍ കെ. ജോര്‍ജുമാണ് ഫോബ്സിന്റെ ഏഷ്യയിലെ ’30 അണ്ടര്‍ 30′ പട്ടികയില്‍ ഇടംനേടിയത്. വ്യവസായം, നിര്‍മാണം, ഊര്‍ജം എന്ന വിഭാഗത്തിലാണ് ഇത്.
സെന്‍സെക്‌സില്‍ നഷ്ടം, തകര്‍ച്ചയില്‍ മുന്നില്‍ ഐടി.
മുംബൈ: കഴിഞ്ഞ ദിവസത്തെ കുതിപ്പിനുശേഷം വിപണിയില്‍ തിരിച്ചിറക്കം. മുന്‍ സാമ്പത്തിക വര്‍ഷത്തെ ജിഡിപി കണക്കുകള്‍ പുറത്തുവരാനിരിക്കെയാണ് വിപണിയില്‍ നഷ്ടം. പ്രതീക്ഷയിലും കുറഞ്ഞ വളര്‍ച്ചയാകും രേഖപ്പെടുത്തുകയെന്ന ആശങ്കയാണ് വിപണിയില്‍ വളര്‍ച്ചയാകും രേഖപ്പെടുത്തുകയെന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
സെന്‍സെക്‌സ് 400 പോയന്റ് താഴ്ന്ന് 55,525ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തില്‍ 16,560ലുമാണ് വ്യാപാരം നടക്കുന്നത്. സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടൈറ്റാന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. പവര്‍ഗ്രിഡ് കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ ബാങ്ക്, എഫ്എംസിജി, ഐടി, മീഡിയ, ഫാര്‍മ തുടങ്ങിയവയാണ് നഷ്ടത്തില്‍. ഓട്ടോ, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ നേട്ടത്തിലുമാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകലില്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനും നിയന്ത്രണം.
മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും നിരോധിച്ചിട്ടുള്ളതിനാല്‍ ഈ പ്രവര്‍ത്തികളില്‍ നിയമപ്രകാരമുള്ള പിഴ ഈടാക്കുന്നതാണെന്നും തരംതിരിച്ച പ്ലാസ്റ്റിക് ശേഖരണത്തിനായി നിയോഗിച്ചിട്ടുള്ള ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്് നിശ്ചിത യൂസര്‍ഫീ നല്കിയ രസീത്/ഹരിതകാര്‍ഡ് ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ ഗ്രാമപഞ്ചായത്തില്‍ നിന്നുമുളള സേവനങ്ങള്‍ അനുവദിക്കുകയുള്ളു എന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ലോക പുകയില വിരുദ്ധ ദിനം.
ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുകയിലയും പരിസ്ഥിതിയും എന്ന വിഷയത്തിൽ സംവാദം ഇന്ന് (മേയ് 31) ആർ.സി.സിയിൽ നടത്തും. ആർ.സി.സി ഡയറക്ടർ ഡോ. രേഖ. എ. നായർ ഉദ്ഘാടനം ചെയ്യും. പുകയിലജന്യ കാൻസറുകളെക്കുറിച്ച് ആർ.സി.സിയിലെ ഡോക്ടർമാർ ചികിത്സാനുഭവങ്ങൾ പങ്കുവെയ്ക്കും. നഴ്‌സിങ് വിദ്യാർഥികൾ, കേരള സർവകലാശാലയിലെ എൻ.എസ്.എസ് വോളന്റിയർമാർ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് തുടങ്ങിയവർ പങ്കെടുക്കും.
ലോക ക്ഷീര ദിനാഘോഷം.
ലോക ക്ഷീരദിനാഘോഷത്തിന്റെയും ക്ഷീര വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്നിന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണു ചടങ്ങ്. മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്ഷീരവാരോഘോഷത്തിനും ജൂൺ ഒന്നിനു തുടക്കമാകും.സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ക്ഷീര സംഘങ്ങളിലും ക്ഷീരവികസന വകുപ്പിനു കീഴിലുള്ള വിവിധ ഓഫിസുകളിലും ക്ഷീരദിന പതാക ഉയർത്തും. ജൂൺ രണ്ടിന് ക്ഷീരസംഘം ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് വിതരണം, മൂന്നിന് ക്ഷീര മേഖലയിൽ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം, നാലിന് കോട്ടയം കടുത്തുരുത്തി വാലാച്ചിറ ക്ഷീര സംഘത്തിലെ ഹൈജീനിക് മിൽക് കളക്ഷൻ റൂം ഉദ്ഘാടനം, അഞ്ചിന് ആലപ്പുഴ ഭരണിക്കാവ് താമരക്കുളം ക്ഷീര സംഘത്തിന്റെ കാലിത്തീറ്റ ഗോഡൗൺ ഉദ്ഘാടനം, ആറിന് പാലക്കാട് കൊല്ലംകോട് മുതലമട ഈസ്റ്റ് ക്ഷീര സംഘത്തിലെ 50 കെവി സോളാർ പവർ പ്ലാന്റ്, ആലത്തൂർ മണിയിൽപറമ്പ് ക്ഷീര സംഘത്തിലെ വൈക്കോൽ ബെയിലിങ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം, ഏഴിന് തൃശൂർ ഒല്ലൂക്കരയിൽ സംസ്ഥാനതല തീറ്റപ്പുൽകൃഷി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന 2022ലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡെൽഹി പൊലീസ് എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചു. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനവും ഈ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 16.
പുൽവാമയില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു.
ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. മറ്റൊരു ഭീകരന് വേണ്ടി സൈന്യം തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ജയ് ഷെ മുഹമ്മദ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ഭീകരരിൽ ഒരാളെ കൊലപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. പോലീസ് കോൺസ്റ്റബിളായിരുന്ന റിയാസ് അഹമ്മദിനെ കൊലപ്പെടുത്തിയ ഭീകരനും ഇതിൽ ഉൾപ്പെടുന്നുവെന്ന് കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ പോലീസ് വിജയ് കുമാർ വ്യക്തമാക്കി.
ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കും.
മസ്‌കറ്റ്: വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കും. മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്കാണ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുക. മെയ് 31 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണി മുതലായിരിക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇലക്ട്രോണിക് സേവനങ്ങള്‍ ജൂണ്‍ 1 ബുധനാഴ്ച പുനഃരാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.