Month: May 2022
IPL 2022 | ലക്നൗവിനെ വീഴ്ത്തി ബാംഗ്ലൂർ.
ഐപിഎല്ലിൽ (IPL 2022) ആവേശകരമായ എലിമിനേറ്റർ (Eliminator) പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ (Lucknow Super Giants) തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Banglore). മൊത്തം 400 റൺസ് പിറന്ന മത്സരത്തിൽ ലക്നൗവിനെ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 14 റൺസിന് മറികടന്നാണ് ബാംഗ്ലൂർ ജയിച്ചു കയറിയത്. ജയത്തോടെ കഴിഞ്ഞ രണ്ട് സീസണുകളിൽ എലിമിനേറ്ററിൽ തോറ്റതിന്റെ നിരാശ തീർക്കാനും ബാംഗ്ലൂരിനായി.
നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയില്‍ ജപ്പാന്‍ സഞ്ചാരിയെ ചന്ദ്രനിലെത്തിക്കും; ബൈഡന്‍.
വാഷിങ്ടണ്‍: നാസയുടെ ആരംഭിക്കാനിരിക്കുന്ന ആര്‍ട്ടെമിസ് ദൗത്യത്തില്‍ ജാപ്പനീസ് ബഹിരാകാശ സഞ്ചാരിയേയും ഉള്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ടോക്യോയില്‍ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ചാന്ദ്ര ദൗത്യത്തിലെ സഹകരണംപ്രഖ്യാപിച്ചത്. ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനെ പോലെ ചന്ദ്രനെ ചുറ്റുന്ന ലൂണാര്‍ ഗേറ്റ് വേ ഔട്ട് പോസ്റ്റിലേക്ക് ഒരു ജാപ്പനീസ് സഞ്ചാരിയെഎത്തിക്കുന്നതിനും ഭാവിയില്‍ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായി ഒരു ജാപ്പനീസ് സഞ്ചാരിയെ ചന്ദ്രനില്‍ ഇറക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.
അറബിക്കടലും പശ്ചിമഘട്ട മലകളും കാണാം; ഇത് കോഴിക്കോടിന്റെ മീശപ്പുലിമല.
കോഴിക്കോടിന്റെ മീശപ്പുലിമലയെന്നാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ പൊന്‍കുന്ന് മലയുടെ വിശേഷണം. പൂക്കുന്ന് മല എന്ന് പൊതുവേ അറിയപ്പെടുന്ന പൊന്‍കുന്ന് മല ഹരിതഭംഗിയാലും നീരുറവകളാലും അപൂര്‍വ സസ്യജീവജാലങ്ങളാലും സമ്പന്നമാണ്. കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ എന്നീ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന മലയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലും ജലസ്രോതസ്സുകള്‍ കാണാന്‍ സാധിക്കും. സമുദ്രനിരപ്പില്‍നിന്ന് 1500 അടി ഉയരത്തിലാണീ മലനിര. ചെങ്കുത്തായ മലമുകളില്‍നിന്ന് അറബിക്കടലും പശ്ചിമഘട്ട മലകളും കാണാം. സൂര്യാസ്തമയവും പ്രകൃതിസുന്ദരമായ കാഴ്ചകളും കാണാനും ശാന്തമായ അന്തരീക്ഷം ആസ്വദിക്കുവാനും ആളുകള്‍ മലകയറി എത്തുന്നുണ്ട്. വന്‍പാറകളും ചെങ്കുത്തായ ഉയര്‍ന്ന പ്രദേശങ്ങളും ട്രക്കിങ് ഉള്‍പ്പെടെയുള്ള സാഹസിക ടൂറിസത്തിന് അനുയോജ്യമാണ്.
വാനര വസൂരിക്ക് ചികിത്സയുണ്ടോ? ആശ്വാസം പകരുന്ന റിപ്പോർട്ടുമായി യുകെ ഗവേഷകർ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങുപനി (Monkeypox) റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യരംഗത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കൃത്യമായ ചികിത്സയിലൂടെ രോഗം പകരാതിരിക്കാനും ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനും സാധിക്കുമെന്ന് യുകെയിൽ (UK) നടത്തിയ ഒരു പഠനം വ്യക്തമാക്കിയിരിക്കുകയാണ്. 2018നും 2021നും ഇടയിൽ രോഗം വന്നിട്ടുള്ള ഏഴ് പേരിലാണ് പഠനം നടത്തിയത്. രോഗം ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരിലേക്ക് പടർന്നിട്ടുള്ള സമയമാണിത്. എന്നാൽ കുരങ്ങുപനി പടരുന്നത് അത്ര വേഗത്തിലല്ലെന്നും രോഗികളിൽ ഗുരുതരമാവാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു.
ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം ചികിത്സിക്കുന്നതിനായുള്ള രണ്ട് വ്യത്യസ്ത ആൻറിവൈറൽ മരുന്നുകളായ ബ്രിൻസിഡോഫോവിർ, ടെക്കോവിരിമാറ്റ് എന്നിവയുടെ ഉപയോഗം രോഗികളിൽ എന്ത് തരത്തിലുള്ള മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പഠനം പറയുന്നു. എന്നാൽ വസൂരിക്കെതിരെ ഉപയോഗിക്കാൻ ആദ്യമായി അംഗീകാരം ലഭിച്ചിട്ടുള്ള മരുന്ന് ടെക്കോവിരിമാറ്റാണ്. കുരങ്ങുപനിക്കെതിരെ ഈ മരുന്ന് ഫലപ്രദമാണോയെന്ന് നേരത്തെയും പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ബ്രിൻസിഡോഫോവിറിന് രോഗികളിൽ ചെറിയ മാറ്റം വരുത്താൻ സാധിച്ചിട്ടുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ടെക്കോവിരിമാറ്റിൻെറ കാര്യത്തിൽ ഇനിയും പഠനം നടക്കേണ്ടതുണ്ട്.
നഴ്‌സ് ഗ്രേഡ് LL അഭിമുഖം.
കോട്ടയം: ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്‌സ് ഗ്രേഡ് II (ആയുർവേദം-കാറ്റഗറി നമ്പർ 537/2019 ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ ഒന്ന്, രണ്ട് തീയതികളിൽ രാവിലെ 9.30 മുതൽ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഇതുസംബന്ധിച്ച് പ്രൊഫൈൽ മെസേജ്, എസ്.എം.എസ്. മുഖേന അറിയിപ്പ് ലഭിക്കാത്തവർ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
അധ്യാപക ഒഴിവ്.
നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഭൗതികശാസ്ത്രം, പാർട്ട്‌ടൈം മലയാളം അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മേയ് 30നു രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിനായി ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2210671, 9400006461.
ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീയാണോ? നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ ഇതാ.
ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി (protection) ഒരു നിയമമുണ്ടെന്ന് (law) നിങ്ങള്‍ക്ക് അറിയാമോ? 1989-ല്‍ ഇന്ത്യന്‍ റെയില്‍വേ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ഒരു നിയമം രൂപീകരിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്: ഇന്ത്യന്‍ റെയില്‍വേ ആക്ട് 1989 ലെ സെക്ഷന്‍ 139 അനുസരിച്ച്, ഒരു സ്ത്രീയും കുഞ്ഞും പുരുഷന്മാര്‍ കൂടെയില്ലാതെ യാത്ര ചെയ്യുകയാണെങ്കില്‍, ടിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ അവരെ രാത്രി ട്രെയിനില്‍ നിന്ന് ഇറക്കി വിടാൻ കഴിയില്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഉള്ളപ്പോള്‍ മാത്രമേ സ്ത്രീയോട് ട്രെയിനിൽ നിന്ന് പുറത്തു പോകാന്‍ ആവശ്യപ്പെടുകയുള്ളൂ. 1989 ഇന്ത്യന്‍ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 311 അനുസരിച്ച്, സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റുകളില്‍ (ladies compartment) സൈനിക ഉദ്യോഗസ്ഥര്‍ പ്രവേശിച്ചാല്‍, അത് മാന്യമായി തടയണം. പൊതു കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അവരോട് നിര്‍ദേശിക്കണം. 1989 ഇന്ത്യന്‍ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 162 അനുസരിച്ച്, സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ 12 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. സ്ത്രീകളുടെ കോച്ചുകളില്‍ കയറുന്ന പുരുഷ യാത്രക്കാര്‍ക്കെതിരെ നിയമപ്രകാരം നടപടികളെടുക്കുകയും ചെയ്യാം. ഇതിനു പുറമെ സ്ത്രീകള്‍ക്ക് 24 മണിക്കൂറും സുരക്ഷ നല്‍കുന്നതിനായി സിസിടിവിയും മോണിറ്ററിംഗ് റൂമുകളും സ്ഥാപിച്ചിട്ടുണ്ട്.
മുട്ടമ്പലം ലെവല്‍ക്രോസിനും കോട്ടയം സ്റ്റേഷനും മധ്യേ യാത്രക്കാരെ അല്‍പ്പനേരം ഇരുട്ടിലാക്കുന്ന തുരങ്കയാത്ര ഇനി ഓര്‍മ.
കോട്ടയം: മുട്ടമ്പലം ലെവല്‍ക്രോസിനും കോട്ടയം സ്റ്റേഷനും മധ്യേ യാത്രക്കാരെ അല്‍പ്പനേരം ഇരുട്ടിലാക്കുന്ന തുരങ്കയാത്ര ഇനി ഓര്‍മ. കോട്ടയം റെയില്‍വേസ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം 26-ന് അവസാനിക്കും. അന്ന് വൈകീട്ടോടെ രണ്ട് തുരങ്കങ്ങളും ഒഴിവാക്കി പുതിയ ട്രാക്കിലൂടെയാകും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. 26-ന് വൈകീട്ടോടെ ട്രെയിന്‍ ഓട്ടം പുതിയ പാതയിലൂടെയാകും. കോട്ടയം സ്റ്റേഷന്‍മുതല്‍ മുട്ടമ്പലം വരെ രണ്ട് പുതിയ പാതകളാണ് നിര്‍മിച്ചിരിക്കുന്നത്. പണി നടക്കുന്നതിനാല്‍ പകല്‍ കോട്ടയം വഴി ഇപ്പോള്‍ ട്രെയിനുകള്‍ ഓടുന്നില്ല. വൈകീട്ടു മുതലുള്ള സര്‍വീസുകള്‍മാത്രമാണ് ഇപ്പോഴുള്ളത്.
5760 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മിഷണര്‍.
തൊടുപുഴ: സാഹസിക പര്‍വതാരോഹണത്തിന്റെ ഭാഗമായി 5760 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. സമുദ്രനിരപ്പില്‍നിന്ന് 5,760 മീറ്റര്‍ ഉയരമുള്ളതാണ് ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ2 (ഡി.കെ.ഡി.2). അതിസാഹസിക യാത്രയ്‌ക്കൊടുവില്‍ 16ന് രാവിലെ 7.30നാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്. ഉത്തരകാശിയിലെ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങില്‍ (എന്‍.ഐ.എം.) നിന്നുള്ള അഡ്വാന്‍സ്ഡ് മൗണ്ടനീയറിങ് കോഴ്‌സിന്റെ ഭാഗമായാണ് അര്‍ജുന്‍ പാണ്ഡ്യന്റെ പര്യവേഷണം. ഏറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ലക്ഷ്യംപൂര്‍ത്തീകരിച്ചശേഷം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.