പോഷകാഹാര ലഭ്യതയിൽ കേരളത്തിന്റെ വളർച്ച 32.6 ശതമാനം

കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും പോഷകാഹാര ലഭ്യതയിൽ കേരളത്തിന് 32.6 ശതമാനം വളർച്ച കൈവരിക്കാനായതായും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഫെസ്റ്റ് ഓഫ് ഹാപ്പിനസ്’ ഉദ്ഘടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോഷകാഹാര ലഭ്യതയിൽ ഇന്ത്യയുടെ വളർച്ച 6.4 ശതമാനം മാത്രമാണ്. കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനാണ് അംഗനവാടികളിലൂടെ പാലും മുട്ടയും നൽകുന്ന ‘പോഷക ബാല്യം’ പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

പൂർണ ശിശുസൗഹൃദ സംസ്ഥാനം വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളേയും രക്ഷിതാക്കളേയും സംഘടിത വിഭാഗമായി ഉയർത്തിക്കൊണ്ടുവരികയാണ്. കുട്ടികൾ പരിമിതികളെ സാധ്യതകളായി കണ്ട് വളരേണ്ടത് അനിവാര്യമാണെന്ന് ‘പൊക്കമില്ലായ്മ ആണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ ഉദ്ധരിച്ച് മന്ത്രി അഭിപ്രായപ്പെട്ടു.കുട്ടികൾക്ക് ഗുണമേൻമയേറിയ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. ദിശാബോധം നൽകി നല്ല തലമുറയായി കുട്ടികളെ വളർത്തിയെടുക്കണം. കുട്ടികളെ മികവുറ്റവരാക്കുന്നതിൽ വിദ്യാഭ്യാസ നയത്തിന് പ്രാധാന്യം ഉണ്ട്. അഭിരുചികൾ മനസിലാക്കി നിരന്തരം നവീകരണത്തിന് വിധേയരാകണം. ലോകം നേടിയ സർവതല സ്പർശിയായ നേട്ടങ്ങളെ കുട്ടികൾക്ക് ലഭ്യമാക്കി നവകേരളം സൃഷ്ടിക്കാനാകും. കുട്ടികളുടെ സർഗശേഷി പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഹാപ്പിനെസ് ഫെസ്റ്റ് പോലുള്ള വേദികൾ ഇത്തരം കുട്ടികൾക്ക് ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാനുള്ള കരുത്താണ് പകരുന്നതെന്നും മന്ത്രി പറഞ്ഞു.

പോഷകാഹാര ലഭ്യതയിൽ കേരളത്തിന്റെ വളർച്ച 32.6 ശതമാനം.

ബാണാസുര സാഗർ അണക്കെട്ട് തുറന്നു; ഇടുക്കിയിലും മുല്ലപ്പെരിയാറും ജലനിരപ്പ് ഉയരുന്നു.

വയനാട്: ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. ഇന്ന് രാവിലെ ഒരു ഷട്ടർ 10 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. നിലവിൽ 774.20 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്.

 

അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138. 75 അടിയിൽ എട്ടി. സെക്കന്റിൽ 3545 ഘനയടി ജലമാണ് ഷട്ടറുകളിലൂടെ ഒഴുക്കുന്നത്. സെക്കന്റിൽ 2122 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾ രാവിലെ പത്ത് മുതൽ 0.60 മീറ്റർ വീതം ഉയർത്തി 4957.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

കെഎസ്ഇബി ജീവനക്കാർ ഇന്ന് പണിമുടക്കും

വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല സ്തംഭിക്കും. അവശ്യസേവനങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. വൈദ്യുതി ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായാണ്, കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്. ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. അവശ്യസേവനങ്ങളെ മാത്രമാണ് പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

 

ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസൻസികൾക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് കേന്ദ്രത്തിന്റെ സുപ്രധാന ഭേദഗതി. ഇത് നിലവിൽ വരുന്നതോടെ സ്വകാര്യ കമ്പനികൾക്ക് കേരളത്തിന്റെ വൈദ്യുതി മേഖലയിലേക്ക് കടന്നു വരാൻ കഴിയും.ഇതോടെ കർഷകർക്കും മറ്റു ജനവിഭാഗങ്ങൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതും ക്രോസ് സബ്സിഡിയും ഇല്ലാതാകും. ഒരു മെഗാ വോൾട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താകൾക്ക് ഓപ്പൺ ആക്സിസ് വഴി വൈദ്യുതി വാങ്ങാൻ അനുവദിക്കുന്നത് മേഖലയെ തകർക്കുമെന്നും ആരോപണമുണ്ട്.

ബെർമിങ്ഹാമിൽ ചരിത്രം കുറിച്ച് മലയാളികൾ; ട്രിപ്പിൾ ജംമ്പിൽ എൽദോസിന് സ്വർണം, അബ്ദുളളയ്ക്ക് വെള്ളി.

കോമൺ വെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ എൽദോസ് പോളിന് സ്വർണ്ണം(17.03) തൊട്ടുപിന്നാലെ അബ്ദുല്ല അബൂബക്കർ വെള്ളിയും(17.02) നേടി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് എൽദോസ്. ഇത് കേരളത്തിന്റെ കായിക ചരിത്രത്തിലെ അവിസ്മരണീയമായ ദിനം. ബെർമിങ്ഹാമിൽ ഈ ഇന്ത്യൻ താരങ്ങള്‍ അക്ഷരാർത്ഥത്തിൽ ചരിത്രം കുറിയ്ക്കുകയായിരുന്നു.കോമൺവെൽത്ത് ഗെയിംസിൽ ഒരു മലയാളി താരം ആദ്യമായാണ് വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടുന്നത്. ഇന്ത്യയുടെ തന്നെ പ്രവീൺ ചിത്രവേൽ നാലാം സ്ഥാനത്തെത്തി. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ പതിനാറാമത്തെ സ്വർണ്ണമാണിത്.പുരുഷന്മാരുടെ ബോക്സിങിൽ അമിത് പങ്കൽ സ്വർണ്ണം നേടിയത് 5. 0 നാണ്. ബോക്സിങിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണ്ണമാണിത്. വനിതാ ബോക്സിങ്ങിലും ഇന്ത്യ സ്വര്‍ണ്ണം പൊരുതി നേടി. ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെനെ 5-0 നാണ് നീതു പരാജയപ്പെടുത്തിയത്. പുരുഷന്മാരുടെ ബോക്സിങിൽ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി.വനിത ഹോക്കിയിൽ ഇന്ത്യ വെങ്കലം കരസ്ഥമാക്കി. ന്യൂസിലാന്റിനെ വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പെനാൽറ്റി ഷൂടൗട്ടിലൂടെയാണ് ഇന്ത്യ മറികടന്നത്. വനിത സിംഗിൾസ് ബാഡ്മിന്റനിൽ പിവി സിന്ധു ഫൈനലിലെത്തി. സെമിയിൽ സിംഗപ്പൂരിന്റെ ലോക 18-ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോല്പിച്ചത്.

സൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു. സൗദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 90,000 രൂപ. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 25നകം recruit@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in

ഇന്നത്തെ സാമ്പത്തിക ഫലം. അനാവശ്യമായി ആര്‍ഭാടം കാണിക്കരുത്; തീർത്ഥാടനത്തിന് പണം ചെലവഴിക്കും.

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ഓഗസ്റ്റ് 7ലെ സാമ്പത്തിക ഫലം അറിയാം.

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍:)
 
ഇന്ന് ബിസിനസ്സില്‍ പുരോഗതി കൈവരിക്കും. വിദേശ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. പ്രതിദിന വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വീട്ടു ചെലവുകള്‍ സ്ഥിരതയുള്ളതായിരിക്കും.
 
(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍:)
 
ഇന്ന് ബിസിനസ്സുകളില്‍ ജോലിഭാരം വളരെ കുറവായിരിക്കും. എന്നാല്‍, ദൈനംദിന വരുമാനത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. അവിവാഹിതര്‍ കുടുംബത്തിനായി പണം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. പൂര്‍വിക സ്വത്തുക്കള്‍ വീതിക്കുമ്പോൾ നഷ്ടം നേരിടേണ്ടി വരും.
 
(മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍:)
 
ഇന്നത്തെ ദിവസം പണം ചെലവഴിക്കും. വസ്തുവില്‍ നിക്ഷേപം നടത്തുന്നത് ചെലവുകളുണ്ടാക്കും. പണത്തിനായി ഒരു പഴയ വസ്തു വില്‍ക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.
 
(ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:)
 
ട്രാന്‍സ്‌പോര്‍ട്ട് ബിസിനസുകളും മറ്റ് ജോലികളും ലാഭകരമായിരിക്കും. അനാവശ്യമായി ആര്‍ഭാടം കാണിക്കുന്നത് കടം വരുത്തിവെയ്ക്കും. ജോലിക്കാര്‍ കമ്പനിയുടെ ലാഭത്തിനായി പ്രവര്‍ത്തിക്കും. സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങാന്‍ പ്ലാന്‍ ചെയ്യും.

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍:)

ബിസിനസ്സ് ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ക്കായി ഇന്ന് പണം ചിലവഴിക്കേണ്ടി വന്നേക്കാം. വിദേശത്ത് നിന്ന് പണം സമ്പാദിക്കാന്‍ സാധ്യതയുണ്ട്. വിവാഹിതര്‍ കുട്ടികള്‍ക്കായി പണം ചിലവഴിക്കും. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ലാഭകരമായിരിക്കും.

(ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:)

ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ ചെലവുകള്‍ക്ക് ഇടയാക്കും. സര്‍ക്കാര്‍ പദ്ധതികളിലൂടെയുള്ള ലാഭം തടസ്സപ്പെടും. വിദേശ നിക്ഷേപങ്ങള്‍ ലാഭകരമായിരിക്കും.

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:)

 ബിസിനസ്സില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശ ബിസിനസ്സ് വിപുലീകരിക്കും. പങ്കാളിത്ത ബിസിനസ്സുകള്‍ സാമ്പത്തികമായി നിരാശാജനകമായിരിക്കും. കുടുംബചെലവുകള്‍ വളരെ കൂടുതലായിരിക്കും.

(ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍:) 

പിതൃസ്വത്തില്‍ നഷ്ടം നേരിടേണ്ടി വരും. ജോലിക്കാര്‍ക്ക് ദൈനംദിന വരുമാനത്തില്‍ കുറവുണ്ടാകും. കോടതി സംബന്ധമായ കാര്യങ്ങള്‍ക്ക് പണം ചിലവാകും. ഓട്ടോമൊബൈല്‍ ബിസിനസുകളില്‍ നഷ്ടം ഉണ്ടാകാം.

(ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:)

 ചൂതാട്ടം കടത്തിലേക്ക് നയിക്കും. കുടുംബ ചെലവുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസുകള്‍ക്ക് മികച്ച വരുമാനം ലഭിക്കും.

 (ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍:)

 തൃപ്തികരമായ വരുമാനം ലഭിക്കും. സ്വകാര്യ ബിസിനസ്സുകളില്‍ നിന്ന് മികച്ച വരുമാനം ലഭിക്കും. ചെറുകിട ബിസിനസ്സുകള്‍ വലിയ ലാഭമുണ്ടാക്കും. തീർത്ഥാടന യാത്രകള്‍ക്ക് ധാരാളം പണം ചെലവഴിക്കും.

ഇനി ഹെല്‍മറ്റില്‍ ക്യാമറ വേണ്ട; വിലക്ക് ലംഘിച്ചാല്‍ ലൈസന്‍സും റദ്ദാക്കും കൂടെ കനത്ത പിഴയും.

 ഇരുചക്ര വാഹനയാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി മോട്ടർ വാഹനവകുപ്പ്. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.കൂടാതെ ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുട‍ർന്നാണ് പുതിയ തീരുമാനം.അതേസമയം എംവിഡിയുടെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍‌ രംഗത്തെത്തി. ആയിരം രൂപ പിഴയും ലൈസൻസ് റദ്ദാക്കുകയും മാത്ര പോരാ ഹെൽമറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും ഹെൽമറ്റിൽ ക്യാമറ വച്ചതുകൊണ്ട് എത്ര അപകടം വർദ്ധിച്ചെന്നും സന്ദീപ് ചോദിക്കുന്നു. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി കാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിറകിലെന്ന് സന്ദീപ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുഎഇയില്‍ കനത്ത മഴ; പ്രളയത്തില്‍ ഏഴ് പ്രവാസികൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം

യു.എ.ഇയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 7 പ്രവാസികള്‍ മരിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. നേരത്തെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണസംഖ്യ പുതുക്കിയതെന്ന് മന്ത്രാ ലയം വ്യക്തമാക്കി. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച റാസൽഖൈമ, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ ഫീൽഡ് യൂണിറ്റുകൾ ഇപ്പോഴും ഒഴിപ്പിക്കൽ നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

30 വർഷത്തിനിടെ യു.എ.ഇയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഈ മാസമാണെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് 3,897 പേരെ ഷാർജയിലെയും ഫുജൈറയിലെയും ഷെൽട്ടറുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന സന്നദ്ധപ്രവർത്തകരും ശുചീകരണ സംഘങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

വെള്ളപ്പൊക്കത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കണമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹോട്ടലുകളോട് ആവശ്യപ്പെട്ടു.
ഫുജൈറയിൽ റോഡുകളും വീടുകളും വെള്ളത്തിലായതോടെ പലരും ഹോട്ടലുകളിലേക്കും മറ്റും താമസം മാറിയിട്ടുണ്ട്. ഇത്തരക്കാരിൽ നിന്ന് അധികവാടക വാങ്ങരുതെന്ന് ഫുജൈറ ഭരണകൂടം അറിയിച്ചു.

ഏതാനും ദിവസങ്ങൾ കൂടി മഴ തുടരുമെന്നതിനാൽ യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 10.30 മുതൽ വ്യാഴാഴ്ച രാവിലെ 9.18 വരെ 234.9 മില്ലിമീറ്റർ മഴയാണ് ഫുജൈറ പോർട്ടിൽ ലഭിച്ചത്. അതേസമയം, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ മഴയുടെ തീവ്രത കുറവാണ്.

 

പൊതുസ്ഥലങ്ങളില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍  നേരിയ തോതിവ്‍ ഉയരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ആറുമാസത്തേക്കാണ് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്. പൊതുഇടങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്കിന്‍റെ ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സിനിമ തിയേറ്റര്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വിവിധ ചടങ്ങുകളുടെ സംഘാടകരും ഇവിടങ്ങളില്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.  ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.  ഇന്നലെ 1,113 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Verified by MonsterInsights