കോവിഡിനുള്ള ആന്റിവൈറൽ മരുന്നായ മോൾനുപിരാവിറിന് ഇന്ത്യൻ ഡ്രഗ്സ് റെഗുലേറ്ററായ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര അനുമതി നൽകിയിരിക്കുകയാണ്. ഇതിന് പിന്നാലെ നിരവധി കമ്പനികളാണ് ഗുളിക നിർമ്മിക്കാനായി തയ്യാറെടുത്തിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്കുള്ള ഏറ്റവും വിലകുറഞ്ഞ മരുന്നായിട്ടാണ് മോൾനുപിരാവിർ ഗുളിക വിപണിയിലേക്കെത്തുന്നത്. ‘മോളുലൈഫ്’ എന്ന ബ്രാൻഡ് നെയിമിൽ മാൻകൈൻഡ് ഫാർമ ഗുളിക പുറത്തിറക്കിക്കഴിഞ്ഞു. ബി.ഡി.ആർ. ഫാർമസ്യൂട്ടിക്കലുമായി ചേർന്നാണ് നിർമ്മാണം.
ചികിത്സയ്ക്കുപയോഗിക്കുന്ന 200 mg യുടെ ഗുളിക ഡൽഹിയിലും ഇന്ത്യയുടെ മറ്റ് ചില ഭാഗങ്ങളിലും എത്തിക്കഴിഞ്ഞു. ഓരോ 12 മണിക്കൂറിലും 200 mg യുടെ നാലു ഗുളികകൾ അഞ്ചു ദിവസത്തേക്ക് സാധാരണ ഗുളിക പോലെ കഴിക്കണം. ഇത്തരത്തിൽ 40 ഗുളികകൾ അടങ്ങുന്നതാണ് ഫുൾ കോഴ്സ്. ഒരു ഗുളികയ്ക്ക് 35 രൂപയാണ് വില. ഒരു ഫുൾ കോഴ്സിന് 1400 രൂപയും. ഡിസംബർ 28 നാണ് മരുന്നിന് രാജ്യത്ത് അടിയന്തര അനുമതി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാൻഡവ്യ പ്രഖ്യാപിച്ചത്. മുതിർന്നവരിൽ മാത്രമാണ് ഈ മരുന്ന് ഉപയോഗിക്കുക.
ഔഷധ നിർമ്മാണ ഭീമനായ മെർക്കും റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സും ചേർന്നാണ് മോൾനുപിരാവിർ വികസിപ്പിച്ചത്. കോവിഡ് ഗുരുതരമാവാൻ സാധ്യതയുള്ള രോഗികളിൽ മോൾനുപിരാവിർ ഉപയോഗിക്കാൻ യു.കെ.മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെയും യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും അംഗീകാരം നൽകിയിരുന്നു. കോവിഡ് തിരിച്ചറിഞ്ഞ ഉടനെയോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ഉടനെയോ വേണം ഗുളിക കഴിക്കാൻ തുടങ്ങാൻ. കോവിഡ് ഗുരുതരമായി അഞ്ചിലേറെ ദിവസം കഴിഞ്ഞവർക്ക് ഈ ഗുളിക നൽകില്ല. വൈറസിന്റെ തീവ്രത കുറയ്ക്കാൻ അഞ്ച് ദിവസത്തെ ഫുൾ കോഴ്സ് കൃത്യമായി പാലിക്കണമെന്നും കമ്പനി ശുപാർശ ചെയ്യുന്നുണ്ട്. ഗർഭിണികൾ ഈ ഗുളിക ഉപയോഗിക്കരുത് എന്ന് നിർദേശിച്ചിട്ടുണ്ട്. 18 വയസ്സിൽ താഴെയുള്ളവരും ഈ ഗുളിക ഉപയോഗിക്കരുത്.
ലഗേവ്രിയോ എന്നും മോൾനുപിരാവിർ അറിയപ്പെടുന്നുണ്ട്. കൊറോണ വൈറസ് തുടർച്ചയായി ആർ.എൻ.എ. വിഭജിക്കാറുണ്ട്. വൈറസിന്റെ പല പകർപ്പുകൾ സൃഷ്ടിക്കുകയാണ് ഇതുവഴി ഉണ്ടാകുന്നത്. ഈ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് മോൾനുപിരാവിർ ചെയ്യുന്നത്. അങ്ങനെ വൈറസിന്റെ തോത് കുറച്ച് രോഗതീവ്രത കുറയ്ക്കാൻ മോൾനുപിരാവിർ സഹായിക്കും. കൊറോണ വൈറസിന്റെ ഡെൽറ്റ, ഗാമ പോലെയുള്ള ഭൂരിഭാഗം വകഭേദങ്ങൾക്കെതിരെയും ഈ മരുന്ന് പ്രവർത്തിക്കുന്നതായി പ്രീ ക്ലിനിക്കൽ, ക്ലിനിക്കൽ ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നതായി ഔഷധം വികസിപ്പിച്ച മെർക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി രോഗം ഗുരുതരമാവുന്നതിന്റെയും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന്റെയും തോത് കുറയ്ക്കാനാകും.