ജനങ്ങളുടെ കടം കൂടുന്നു; വായ്പയെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

രാജ്യത്തെ ജനങ്ങളുടെ കടബാദ്ധ്യത വര്‍ദ്ധിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഓരോ കുടുംബത്തിലേയും കടമെടുക്കുന്നുവരുടെ എണ്ണം ശരാശരി കടത്തേക്കാള്‍ കൂടുതലാണെന്നും…

പുതുവത്സരത്തിൽ മലയാളി കുടിച്ചുതീർത്തത് 712. 96 കോടിയുടെ മദ്യം; മുന്നിൽ പാലാരിവട്ടം ഔട്ട്ലറ്റ്.

പുതുവത്സര ദിനത്തിൽ സംസ്ഥാനത്തു റെക്കോർഡ് മദ്യവിൽപന. 712. 96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. പാലാരിവട്ടം ഔട്ട്ലറ്റിലാണു സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലറ്റാണ് വിറ്റുവരവിൽ രണ്ടാംസ്ഥാനത്ത്. ഇടപ്പള്ളി ഔട്ട്ലറ്റിനാണു മൂന്നാം സ്ഥാനം. കൊല്ലം ആശ്രാമം മൈതാനത്തെ ഔട്ട്ലറ്റിലാണ് സാധാരാണ എല്ലാവർഷവും ഏറ്റവും കൂടുതൽ വിൽപ്പന നടക്കാറുള്ളത്. ഇത്തവണ നാലാം സ്ഥാനത്താണ് ആശ്രാമം ഔട്ട്ലറ്റ്. ഡിസംബർ മാസം 22 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടത്.

വില 285 കടന്നു ; ഇനിയും ഉയരും ; പ്രതിസന്ധിയിലായി മലയാളികൾ.

പ്രതിസന്ധിയിലായി വെളിച്ചെണ്ണയാട്ടി വിൽപ്പന നടത്തുന്ന മില്ലുടമകൾ. കൊപ്ര വില വർദ്ധിച്ചോടെയാണ് മില്ലുടമകൾ പ്രതിസന്ധിയിലായത്. ഓണക്കാലത്തിനു മുമ്പ് വരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രയുടെ വില. എന്നാൽ ഏതാനും മാസങ്ങൾ കൊണ്ട് 30 രൂപയിൽ അധികം വർധിച്ച് കൊപ്രയുടെ വില 155 രൂപയായി ഉയർന്നു. ഇതോടെ മില്ലുടമകൾ ആട്ടിയെ വെളിച്ചെണ്ണ 255 രൂപയ്ക്കാണ് വില്പന നടത്തുന്നത്. 1 കിലോ കൊപ്രയിൽ നിന്ന് ശരാശരി 600 ഗ്രാം വെളിച്ചെണ്ണ മാത്രമേ ലഭിക്കു . ഇനിയും കൊപ്രയുടെ വില തുടർന്നാൽ വെളിച്ചെണ്ണയുടെ വിലയിൽ ഇനിയും വർധന വരുത്തേണ്ടി വരും എന്നാണ് മില്ലുടമകൾ പറയുന്നത് .ഇത് വില്പനയെ തന്നെ സാരമായി ബാധിക്കും എന്നും അവർ കൂട്ടിച്ചേർത്തു.

ഇങ്ങനെ വില കൂടുന്നതിലൂടെ കുറഞ്ഞ വിലയിൽ പാക്കറ്റ് വെളിച്ചെണ്ണ ലഭിക്കുന്നതും ആട്ടിയ വെളിച്ചെണ്ണ വില്പനയ്ക്ക് വെല്ലുവിളിയാകുന്നതായും മില്ലുടമകൾ പറയുന്നു .കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കുന്ന കാര്യം കൂടുതൽ കർശനം ആക്കണമെന്നും മായം കലർന്നിട്ടുള്ള വെളിച്ചെണ്ണ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടു.

 

ന്യുഇയർ ഓഫർ :ആപ്പിൾ മാക്ബുക്കിന് വമ്പിച്ച വിലക്കുറവ്.

ആപ്പിളിന്‍റെ മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പിന്‍റെ വിലയിൽ വൻ കുറവ്. ന്യൂഇയർ ഓഫർ പ്രമാണിച്ച് വിജയ് സെയിൽസിലാണ് ഡിസ്ക്കൗണ്ട് ലഭ്യമാകുന്നത്. ഐഫോൺ 16 സിരീസും ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാണ്. മാക്ബുക്ക് പ്രോ ലാപ്‌ടോപ്പ് നോക്കുന്നവർക്കും ആകർഷകമായ ഓഫറുകൾ ലഭിക്കും.

ഏറ്റവും പുതിയ മാക്ബുക്ക് എയർ എം3 മോഡൽ ഇപ്പോൾ 1,03,390 രൂപയ്ക്ക് ലഭ്യമാണ്. 13.6 ഇഞ്ച് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന 16 ജിബി റാം + 256 ജിബി എസ്എസ്‌ഡി വേരിയന്‍റിനാണ് ഈ വില. ഈ മോഡൽ 1,14,900 രൂപയ്ക്കാണ് ആപ്പിള്‍ മുമ്പ് അവതരിപ്പിച്ചത്. കൂടാതെ, എസ്ബിഐ, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളുള്ളവർക്ക് 10,000 രൂപ അധിക കിഴിവും ലഭിക്കും. 13.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള മാക്ബുക്ക് എയർ എം2 മോഡൽ നോക്കുന്നവർക്ക്, 8 ജിബി റാം + 512 ജിബി എസ്‌എസ്‌ഡി പതിപ്പിന് 95,500 രൂപയും 16 ജിബി റാം + 256 ജിബി എസ്എസ്‌ഡി വേരിയന്‍റിന് 89,890 രൂപയുമാണ് വില. ന്യൂഇയർ ഓഫറനുസരിച്ച് ഈ മോഡലുകൾക്ക് 10,000 രൂപ അധിക കിഴിവ് ലഭിക്കും. ചെറിയ ബജറ്റിൽ വാങ്ങാനാഗ്രഹമുള്ളവർക്ക് പഴയ എം1 മോഡലും കുറഞ്ഞ വിലയിൽ ലഭ്യമാണ്. 

രാജ്യത്ത് വാണിജ്യ  പാചക വാതക  സിലിണ്ടറിന്റെ  വില കുറച്ചു.

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. അഞ്ച് മാസത്തിനിടെ 172. 50 രൂപ കൂട്ടിയതിന് ശേഷമാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്. ഇതോടെ 1804 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

കഴിഞ്ഞ മാസം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 16 രൂപ വർദ്ധിപ്പിച്ചിരുന്നു. അഞ്ച് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചത് വാണിജ്യസ്ഥാപനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സാരമായി ബാധിച്ചു. ദെെനംദിന ആവശ്യങ്ങൾക്കായി സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകൾ, കടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെയാണ് വില വർദ്ധന നേരിട്ട് ബാധിച്ചത്. പുതുവർഷത്തിൽ വില കുറച്ചത് വ്യാപാരികൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

യു.പി.ഐ ഇടപാടുകളില്‍ മാറ്റം. തീരുമാനവുമായി ആര്‍.ബി.ഐ.

യു.പി.ഐ ഇടപാടുകളില്‍ ഉപയോക്തക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ മാറ്റങ്ങള്‍ ജനുവരി 1 മുതല്‍ നിലവില്‍ വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പരിഷ്‌കരണ നിര്‍ദേശവുമായി രംഗത്ത് വന്നത്. വിവിധ യു.പി.ഐ ഇടപാടുകള്‍ക്കുള്ള പരിധി വര്‍ധിപ്പിക്കുന്നതാണ് എടുത്ത് പറയേണ്ട മാറ്റം. യു.പി.ഐയിലൂടെ മുമ്പ് അയച്ചതിനേക്കാള്‍ കൂടുതല്‍ പണം അയക്കാനുള്ള സൗകര്യം നിലവില്‍ വരും.

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സേവനമായ UPI123Pay- യിലൂടെയുള്ള ഇടപാടുകളില്‍ ഉണ്ടായിരുന്ന പരിധി ആര്‍.ബി.ഐ വര്‍ധിപ്പിച്ചു. നിലവിലെ ഇടപാടിന് 2024 ഡിസംബര്‍ 31 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്, ഈ സമയപരിധി നീട്ടിയില്ലെങ്കില്‍, ജനുവരി 1 മുതല്‍, ഉപയോക്താക്കള്‍ക്ക് UPI123Pay വഴി നേരത്തെ ഉണ്ടായിരുന്ന 5000 രൂപയുടെ ഇടപാട് പരിധിയില്‍ നിന്ന് പ്രതിദിനം 10,000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും.UPI123Pay ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റേതെങ്കിലും UPI ഉപയോക്താവിന് 10,000 രൂപ വരെ കൈമാറാന്‍ കഴിയും. അതേസമയം ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധി മാറ്റമില്ലാതെ തുടരും. പ്രതിദിനം 1 ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ അനുവദിക്കുന്നത് തുടരും. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും സമാനമായ സാഹചര്യങ്ങള്‍ക്കും ഈ പരിധി 5 ലക്ഷം രൂപ വരെ ഉയര്‍ത്തിയതും ശ്രദ്ധേയമാണ്.

“ഈ വര്‍ഷം ആരംഭിച്ച യുപിഐ സര്‍ക്കിള്‍ ഫീച്ചര്‍ പുതുവര്‍ഷത്തില്‍ ഭീം ല്‍ മാത്രമല്ല മറ്റ് യുപിഐ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കും. നിലവില്‍, BHIM ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് UPI സര്‍ക്കിള്‍ പ്രയോജനപ്പെടുത്താം, ഇത് ഡെലിഗേറ്റഡ് പേയ്മെന്റുകള്‍ക്കായി കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേര്‍ക്കാന്‍ അനുവദിക്കുന്നുണ്ട്. യുപിഐ സര്‍ക്കിളില്‍ ചേര്‍ത്തിട്ടുള്ള സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാതെ പേയ്മെന്റുകള്‍ നടത്താനാകും. എന്നിരുന്നാലും, പ്രാഥമിക ഉപയോക്താക്കള്‍ ഓരോ പേയ്മെന്റിനും അംഗീകാരം നല്‍കണം. ഒപ്പം ദ്വിതീയ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക പരിധി നിശ്ചയിക്കാം

അതേസമയം, ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 15,537 കോടി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) ഇടപാടുകള്‍ നടന്നതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഇടപാടുകളുടെ ആകെ മൂല്യം 223 ലക്ഷം കോടി രൂപയാണെന്നതും കണക്കിലുണ്ട്.

രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം; കടലില്‍ 133 അടി ഉയരത്തില്‍ ചില്ലുപാലം; 77 മീറ്റര്‍ നീളം, 10 മീറ്റര്‍ വീതി; കന്യാകുമാരിയിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ മിഴിവേകും.

കന്യാകുമാരി വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മധ്യേ രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം ഉയര്‍ന്നു. ത്രിവേണി സംഗമമഭൂമിയില്‍ തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ.സ്റ്റാലിന് പാലം നാടിന് സമര്‍പ്പിച്ചു. 77 മീറ്റര്‍ ദൂരമുള്ള പാലത്തിന് 10 മീറ്റര്‍ വീതിയും 133 അടി ഉയരവുമാണുള്ളത്. 37 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കണ്ണാടിപ്പാലം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയതതോടെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു.

സുതാര്യമായ ഗ്ലാസ് പ്രതലം ഉള്‍ക്കൊള്ളുന്ന പാലം അതുല്യമായ ദൃശ്യാനുഭവം നല്‍കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടലിന്റെ അതിമനോഹരമായ കാഴ്ച സന്ദര്‍ശകര്‍ക്ക് പാലത്തില്‍നിന്ന് കിട്ടും. തിരുക്കുറളിന്റെ രചയിതാവ് തിരുവള്ളുവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് 37 കോടി രൂപ ചെലവിലാണ് തമിഴ്നാട് സര്‍ക്കാര്‍ പാലം നിര്‍മിച്ചത്. കടലിന്റെയും ചുറ്റുമുള്ള ഭൂപ്രകൃതിയും ആസ്വദിക്കുന്നതിനൊപ്പം രണ്ട് സ്മാരകങ്ങള്‍ക്കിടയില്‍ കൂടുതല്‍ മനോഹരവുമായ ഒരു റൂട്ടും ഇത് പ്രദാനം ചെയ്യുന്നുണ്ട്.

നേരത്തെ, കന്യാകുമാരി ബോട്ട് ജെട്ടിയില്‍ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്കും തുടര്‍ന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്കും യാത്ര ചെയ്യാന്‍ വിനോദസഞ്ചാരികള്‍ക്ക് ഫെറി സര്‍വീസ് ആശ്രയിക്കേണ്ടി വന്നിരുന്നു. കണ്ണാടി പാലത്തിന്റെ ഉദ്ഘാടനത്തോടെ, സന്ദര്‍ശകര്‍ക്ക് രണ്ട് സ്മാരകങ്ങള്‍ക്കിടയില്‍ ആസ്വദിച്ച് നടക്കാന്‍ കഴിയും. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ തിരുവള്ളുവര്‍ പ്രതിമയിലേക്കുള്ള ബോട്ട് സര്‍വീസ് മുടങ്ങുന്നതിനാലാണ് പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്ന ചില്ലുപാലം സന്ദര്‍ശകര്‍ക്ക് കടലിന്റെ അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്ന കന്യാകുമാരിയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ് ഗ്ലാസ് പാലം.

2025 ജനുവരി 1 മുതല്‍ ലോകം പുതിയൊരു തലമുറയെ വരവേല്‍ക്കുന്നു;2025ല്‍ ജനിക്കുന്ന കുട്ടികള്‍ ജെന്‍ ബീറ്റ.

2025 ജനുവരി 1 മുതല്‍ ലോകം പുതിയൊരു തലമുറയെ വരവേല്‍ക്കുന്നു. ‘ജനറേഷന്‍ ബീറ്റ’ എന്നറിയപ്പെടുന്ന ഈ പുത്തന്‍ തലമുറ Gen Z (1996-2010), മില്ലേനിയല്‍സ് (1981-1996) എന്നിവയ്ക്ക് ശേഷം വന്ന Gen Alpha (2010-2024 ന് ഇടയില്‍ ജനിച്ചവര്‍) യുടെ പിന്‍ഗാമിയാണ്. 2025 മുതല്‍ 2039 വരെ ജനിക്കുന്ന കുട്ടികളെ ഉള്‍ക്കൊള്ളുന്ന ജനറേഷന്‍ ബീറ്റ 2035-ഓടെ ലോകജനസംഖ്യയുടെ 16 ശതമാനം വരുമെന്നാണ് സാമൂഹിക ഗവേഷകനായ മാര്‍ക്ക് മക്രിന്‍ഡിലിന്റെ പഠനം. അതായത് 22-ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഈ തലമുറക്കാര്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനാകും. മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാന്‍ ഗ്രീക്ക് അക്ഷരമാലയില്‍ നിന്ന് പേരുകള്‍ എടുക്കാനാണ് പതിവ് ഇത് ജനറേഷന്‍ ആല്‍ഫയില്‍ തുടങ്ങി ജനറേഷന്‍ ബീറ്റ വരെ എത്തിനില്‍ക്കുകയാണ്.

 ജനറേഷന്‍ ബീറ്റയുടെ പ്രത്യേകത ഡിജിറ്റല്‍ ലോകത്തില്‍ ജനിച്ചു വളരുന്ന ഇവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലര്‍ത്തുമെന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ആക്സസ് ചെയ്യാനും അവയില്‍ പ്രാവീണ്യം നേടാനും ജനറേഷന്‍ ബീറ്റയ്ക്ക് കൂടുതല്‍ അവസരങ്ങളുണ്ട്.

സ്മാര്‍ട്ട് ടെക്നോളജിയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഉയര്‍ച്ച ഇതിന് മുന്‍പുള്ള ആല്‍ഫ ജനറേഷന്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും എഐ ,ഓട്ടോമേഷന്‍ എന്നിവ ദൈനംദിന ജീവിതത്തിലും വിദ്യാഭ്യാസത്തിലും ജോലിസ്ഥലങ്ങളിലും ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനും പൂര്‍ണ്ണമായി ഉള്‍പ്പെടുത്തുന്ന ഒരു കാലഘട്ടം ജനറേഷന്‍ ബീറ്റ തന്നെയായിരിക്കും. ജനറേഷന്‍ ബീറ്റ ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതോടെ ഈ കാലയളവില്‍ ജനിക്കുന്ന പല കുട്ടികള്‍ക്കും കൂടുതല്‍ ആയുസ്സ് ഉണ്ടാകും. സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുമെന്നാണ് പഠനങ്ങള്‍. ജനറേഷന്‍ ബീറ്റയുടെ ഉദയം,മനുഷ്യരാശിയുടെ ഭാവിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം, ആഗോള ജനസംഖ്യാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം എന്നീ പ്രശ്‌നങ്ങള്‍ കാര്യമായി തന്നെ ജനറേഷന്‍ ബീറ്റ ജീവിതത്തില്‍ നേരിടേണ്ടി വരും അതോടൊപ്പം 21-ാം നൂറ്റാണ്ടിലെ പാരിസ്ഥിതിക ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ജനറേഷന്‍ ബീറ്റയുടേതാണ്.

കേരളത്തിന് പുതുവത്സര സമ്മാനം; 20 കോച്ചുള്ള വന്ദേഭാരത്.

കേരളത്തിന് പുതുവര്‍ഷസമ്മാനമായി 20 കോച്ചുളള  വന്ദേഭാരത് അനുവദിച്ച് റെയില്‍വേ. 16 കോച്ചുളള തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരതിന്‍റെ സ്ഥാനത്താണ് 20 കോച്ചുളള പുതിയ  ട്രെയിന്‍ പ്രഖ്യാപിച്ചത്. 

ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ഏറ്റവും ജനപ്രിയ സര്‍വീസ് ആയി മാറിയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തില്‍ വന്ദേഭാരത് പരിചയപ്പെടുത്തിയ ആ വെളളയും നീലയും നിറത്തിലുളള  വണ്ടി കളം വിടുകയാണ്. മടക്കം  പുതിയ താരത്തിന്‍റെ വരവിന് വഴിയൊരുക്കിയാണ് . തിരുവനന്തപുരം – കാസര്‍കോട് റൂട്ടിലെ  വന്ദേഭാരതിന് പകരക്കാരനായി വരുന്നത് ചില്ലറക്കാരനല്ല. നിലവിലെ വന്ദേഭാരതില്‍ 16 കോച്ചുകളാണുളളത്. പുതിയ ട്രെയിനില്‍ 20 കോച്ചുകളുണ്ടാകും. നിലവിലെ ട്രെയിന്‍ തല്ക്കാലം ദക്ഷിണ റെയില്‍വേയുടെ കൈവശം തന്നെയുണ്ടാകും. ഏത് റൂട്ടിലേയ്ക്ക് മാറ്റുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എട്ട് കോച്ചുളള വന്ദേഭാരതിന്  പകരമായി ഈ ട്രെയിന്‍ ഒാടിക്കണെമെന്ന ആവശ്യം യാത്രക്കാര്‍ക്കുണ്ട്. ആലപ്പുഴ വഴിയുളള സര്‍വീസും എല്ലാ ദിവസവും നിറഞ്ഞോടുന്ന വണ്ടിയാണ്.

പാട്ടും നൃത്തവുമായി ആഘോഷരാവ്; പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പുലർന്നു.

പുത്തൻ പ്രതീക്ഷകളോടെ 2025നെ വരവേറ്റ് ലോകം. രാജ്യമെമ്പാടും വർണാഭമായ ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ പുതുവത്സര ആശംസകൾ നേർന്നു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു.ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു. കോഴിക്കോട് ബീച്ച്, നഗരത്തിലെ മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഗീത പരിപാടികളും ഒരുക്കിയിരുന്നു. പുതുവത്സരദിനമെന്നത് നമ്മളെ സംബന്ധിച്ച് കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണ്.

ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്നുവെന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിവസം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് നല്‍കട്ടെയെന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്. അതേസമയം പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. 

ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. കിരിബാത്തിക്ക് ശേഷം ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു.

 

Verified by MonsterInsights