മാസങ്ങൾ നീണ്ട ഓൺലൈൻ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും ശേഷം നതിങ് ഇയർ (സിക്ക്) ഇന്ത്യയിൽ അവതരിപ്പിച്ചു. നതിങ് ഇയർ (സ്റ്റിക്ക്) കമ്പനിയുടെ രണ്ടാമത്തെ ഇയർ ബഡ്സ് പ്രോഡക്ടും നതിങ് ഫോണിന് ശേഷം വിപണിയിൽ ഇറങ്ങുന്ന മൂന്നാമത്തെ ഉൽപന്നവുമാണ്. നതിങ് ഇയറിന്റെ (സ്റ്റിക്ക്) ഡിസൈനിൽ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഇയർബഡ്സ് വിപണിയിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്തതുമാണ് ഇതിന്റെ ഡിസൈൻ.
ആകർഷകമായ ഡിസൈനിനു പുറമെ നതിങ് ഇയർ (സ്റ്റിക്ക്) മികച്ച ബാറ്ററി ലൈഫും നൽകുന്നുണ്ട്. 29 മണിക്കൂർ വരെ പ്ലേടൈമും മികച്ച ശബ്ദ നിലവാരവും വാഗ്ദാനം ചെയ്യുന്ന വലിയ 12.6 എംഎം ഡവറുമാണ് നതിങ് ഇയർ (സ്റ്റിക്ക്) ന്റെ പ്രധാന ഫീച്ചർ. ഇന്ത്യയിൽ 8,499 രൂപയ്ക്ക് നതിങ് ഇയർ (സ്റ്റിക്ക്) ലഭിക്കും. ഇയർ (സ്റ്റിക്ക്) ന്റെ വിൽപന നവംബർ 4 ന് ആരംഭിക്കും. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 40തോളം രാജ്യങ്ങളിൽ ഇയർബഡ്സ് വില്പനയ്ക്കെത്തും. ഇന്ത്യയിൽ ഇയർ (സ്റ്റിക്ക്) നവംബർ 17 മുതൽ ഫ്ലിപ്കാർട്ടിലും മിന്തയിലും ലഭ്യമാകും.
നതിങ് ഇയർ (സ്റ്റിക്ക്) ൽ 12.6 എംഎം ഡവറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് മികവാർന്ന ശബ്ദം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓരോ ബഡ്സിന്റെയും ഭാരം 4.4 ഗ്രാം മാത്രമാണ്. നതിങ് എക്സ് ആപ്പുമായി ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് ഇയർബഡ്സ്. കൂടാതെ ഇയർബഡ്സ് ഫോണുമായി അനായാസമായി ബന്ധിപ്പിക്കാനും സാധിക്കും.
ഇയർ ബഡ്സിന് ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ ഇല്ലെങ്കിലും ഉപയോക്താവിന്റെ തനതായ ഇയർ കനാലിന്റെ ആകൃതിയും ഇയർ ബഡുകളുടെ ഫിറ്റും അളക്കുന്ന ബാസ് ലോക്ക് സാങ്കേതികവിദ്യയും ഇതിലുണ്ട്. ഇതുവഴി ധരിക്കുമ്പോൾ എത്ര ബാസ് നഷ്ടപ്പെടുന്നുണ്ടെന്ന് കണ്ടെത്താം.
വ്യക്തമായ കോൾ നിലവാരത്തിനായി ഇയർബഡ്സിൽ മൂന്ന് ഹൈ-ഡെഫനിഷൻ മൈക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഉച്ചത്തിലുള്ള പശ്ചാത്തല ശബ്ദങ്ങൾ ഫിൽട്ടർ ചെയ്യുകയും എയർ പ്രൂഫ്, ക്രൗഡ് പ്രൂഫ് കോളുകൾക്കായി ശബ്ദം വർധിപ്പിക്കുകയും ചെയ്യുന്നു. ബാറ്ററിയുടെ കാര്യത്തിൽ ഇയർ സ്റ്റിക്ക് ഇയർബഡ്സ് ഉപയോഗിച്ച് 7 മണിക്കൂർ വരെ കേൾക്കാനുള്ള സമയവും 3 മണിക്കൂർ വരെ സംസാരിക്കാനുള്ള സമയവും ലഭിക്കുന്നു. ഇതു കൂടാതെ ഇയർബഡ്സ് കെയ്സിൽ 22 മണിക്കൂർ പ്രവർത്തിക്കാനുള്ള അധിക ചാർജും ഉണ്ട്. 10 മിനിറ്റ് ചാർജ് ചെയ്താൽ 2 മണിക്കൂർ വരെ ഉപയോഗിക്കാം.