4 വർഷ വാറന്റിയുള്ള മോട്ടോ S50 നിയോ ലോഞ്ച് ചെയ്തു

4 വർഷ വാറന്റി വാഗ്ദാനം ചെയ്യുന്ന ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി മോട്ടോ S50 നിയോ (Moto S50 Neo ) ചൈനയിൽ ലോഞ്ച് ചെയ്തു. ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ വച്ച് മോട്ടറോള റേസർ 50 സീരീസിലെ (Motorola Razr 50 series) രണ്ട് സ്മാർട്ട്ഫോണുകൾക്ക് ഒപ്പമാണ് എസ് സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോണും മോട്ടറോള പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റ്, കർവ്ഡ് 6.7-ഇഞ്ച് pOLED ഡിസ്‌പ്ലേ (FHD+ 120Hz), 30W ചാർജിംഗുള്ള 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായാണ് ഈ മിഡ്‌റേഞ്ച് ഫോൺ എത്തിയിരിക്കുന്നത്.

ലോഞ്ച് ചെയ്യുന്നതിന് മുൻപ് തന്നെ മോട്ടോ എസ്50 നിയോ ലോകമെങ്ങുമുള്ള സ്മാർട്ട്ഫോൺ വിപണികളിലും ആരാധകർക്കിടയിലും വൻ ചർച്ചയായിരുന്നു. കാരണം ചൈനയിൽ 4 വർഷ വാറന്റിയോടെയാണ് ഈ സ്മാർട്ട്ഫോൺ മോട്ടറോള അ‌വതരിപ്പിക്കുക എന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത്രയും വാറന്റിയുള്ള സ്മാർട്ട്ഫോൺ മറ്റാരും വാഗ്ദാനം ചെയ്യുന്നില്ല, ആ നിലയ്ക്കാണ് മോട്ടോ എസ്50 നിയോയുടെ വരവ് ശ്രദ്ധയാകർഷിച്ചത്.പാൻ്റോണുമായി സഹകരിച്ച് വികസിപ്പിച്ച ഗ്രേ, ഒലിവിൻ, സർഫ് എന്നീ മൂന്ന് നിറങ്ങളിൽ മോട്ടറോള S50 നിയോ ചൈനയിൽ ലഭ്യമാകും. ചൈനയിലെ ലോഞ്ച് കഴിഞ്ഞ സ്ഥിതിക്ക് അ‌ധികം വൈകാതെ ഈ ഫോണിന്റെ ആഗോള ലോഞ്ച് പ്രതീക്ഷിക്കാം. എന്നാൽ, മോട്ടോ G85 എന്ന പേരിലാകും ആഗോള തലത്തിൽ ഈ മോട്ടറോള ഫോൺ എത്തുക.



മോട്ടറോള എസ്50 നിയോയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz) ആണ് ഇതിലുള്ളത്. സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറാണ് നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മൂന്ന് വ്യത്യസ്ത റാം+ ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ എസ്50 നിയോയിൽ നൽകിയിരിക്കുന്നത്. അ‌തിൽ എഫ്/1.79 അപ്പേർച്ചറും 4-ടു-1 പിക്‌സൽ ബിന്നിംഗും ഉള്ള സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറയും 118-ഡിഗ്രി വ്യൂ ഫീൽഡ് ഉൾക്കൊള്ളുന്ന 8MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ 32MP സെൽഫി ക്യാമറയും ഉണ്ട്.8/12GB റാമും 256/512GB സ്റ്റോറേജും മോട്ടറോള എസ്50 നിയോയിൽ ലഭ്യമാണ്. കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 30W ചാർജിംഗുള്ള 5,000 mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.മൂന്ന് വേരിയന്റുകളിൽ മോട്ടോ എസ്50 നിയോ ചൈനയിൽ വിൽപ്പനയ്ക്ക് എത്തുന്നു. അ‌തിൽ 8/256GB അ‌ടിസ്ഥാന വേരിയന്റിന് 1,399 യുവാൻ (ഏകദേശം 16,020 രൂപ) ആണ് വില. 12/ 256GB വേരിയന്റിന് 1,599 യുവാനും 12/512GB ടോപ്പ് വേരിയന്റിന് 1,899 യുവാനും വില നൽകണം. ഈ ഫോണിന്റെ ചൈനയിലെ ഓപ്പൺ സെയിൽസ് ജൂൺ 28 വെള്ളിയാഴ്ച ആരംഭിക്കും.




ആഗോള തലത്തിൽ മോട്ടോ G85 ആയി ലോഞ്ച് ചെയ്യുമ്പോൾ ഈ ഫോണിന് 4 വർഷ വാറന്റി ലഭിക്കുമോ എന്ന് നിലവിൽ വ്യക്തമല്ല. ഇപ്പോൾ ലോഞ്ച് ചെയ്യപ്പെടുന്ന സ്മാർട്ട്ഫോണുകൾ പൊതുവേ ഒരു വർഷ വാറന്റിയിലാണ് എത്തുന്നത്. മുമ്പ്, ഷവോമി, വൺപ്ലസ്, ലെനോവോ തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ ചില മോഡലുകളിൽ 2 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്. Meizu ൻ്റെ 20, 21 സീരീസ് പ്രത്യേക പ്രമോഷനായി 3 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു സ്മാർട്ട്ഫോണിന് 4 വർഷത്തെ വാറന്റി ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. അ‌തിനാൽത്തന്നെ മോട്ടറോള പുതിയ മോട്ടോ എസ് 50 നിയോയിലൂടെ സ്മാർട്ട്ഫോണുകളുടെ ആയുസിന്റെ പുസ്തകത്തിൽ പുതിയ അ‌ധ്യായമാണ് എഴുതിച്ചേർത്തിരിക്കുന്നത്.

Verified by MonsterInsights