അതിവേഗം മുന്നേറുന്ന ഡിജിറ്റല്‍ യുഗത്തില്‍ രാജ്യം പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും അടുത്ത ലക്ഷ്യങ്ങളേയും തുറന്ന് കാട്ടി ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായികളായ ആകാശ് അംബാനി, സുനില്‍ ഭാരതി മിത്തല്‍, കെ.എം.ബിര്‍ള തുടങ്ങിയവര്‍ ഉദ്ഘാടനത്തിനെത്തിയിരുന്നു.ഇന്ത്യയുടെ മൊബൈല്‍ ഉപയോക്തൃ അടിത്തറയുടെ ശ്രദ്ധേയമായ വളര്‍ച്ച ജ്യോതിരാദിത്യ സിന്ധ്യ ചടങ്ങില്‍ ചൂണ്ടിക്കാട്ടി.രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 100 കോടിയാണ്. പത്ത് വര്‍ഷം മുമ്പ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്ക് വെറും 60 ദശലക്ഷം ഉപയോക്താക്കളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 960 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉണ്ട്’ രാജ്യം കൈവരിച്ച അതിവേഗ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ സൂചിപ്പിച്ചുകൊണ്ട് സിന്ധ്യ പറഞ്ഞു.
4ജിയില്‍ ഇന്ത്യ ലോക രാജ്യങ്ങളെ പിന്തുടരുകയായിരുന്നുവെങ്കില്‍ 5 ജി ആയപ്പോഴേക്കും അവര്‍ക്കൊപ്പത്തിനൊപ്പം ഇന്ത്യക്ക് നില്‍ക്കാനായി. 6 ജിയില്‍ ലോകത്തെ നയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ടെലികോം മന്ത്രി പറഞ്ഞു.
‘പുതിയ ടെലികോം നിയമം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ പോലെയുള്ള വലിയ സാധ്യതയുള്ള മേഖലകളെ അഭിസംബോധന ചെയ്യും. അടുത്ത വര്‍ഷം പകുതിയോടെ, 100% കവറേജ് ഉറപ്പാക്കിക്കൊണ്ട് 4ജി രാജ്യത്തുടനീളം പൂര്‍ത്തീകരണം നടത്തും’ സിന്ധ്യ പറഞ്ഞു.ലോകത്ത് ഏറ്റവും വേഗത്തില്‍ 5ജിയുടെ വിന്യാസം നടക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. , 6ജി സാങ്കേതികവിദ്യയില്‍ ഒരു നേതാവാകുക എന്നതാണ് ഇന്ത്യയുടെ അഭിലാഷമെന്നും സിന്ധ്യ വ്യക്തമാക്കി.