5 മിനിറ്റിൽ 80% ചാർജ്; കരുത്തുറ്റ ബാറ്ററിയുമായി ചൈനീസ് കമ്പനി

അഞ്ചു മിനിറ്റിൽ താഴെ സമയമുണ്ടെങ്കിൽ 80% വരെ ചാർജ് ചെയ്യാവുന്ന സൂപ്പർ ബാറ്ററിയുമായി ഹോങ്കോങ് ആസ്ഥാനമായ ബാറ്ററി നിർമാതാക്കളായ ഡെസ്റ്റെൻ. 900 കിലോവാട്ട് അൾട്രാ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ടെങ്കിൽ വെറും നാലു മിനിറ്റ് 40 സെക്കൻഡിൽ പൂജ്യം ശതമാനത്തിൽ നിന്ന് 80% ചാർജിങ് സാധ്യമാണെന്നാണു ഡെസ്റ്റെന്റെ വാഗ്ദാനം. വൈകാതെ അരങ്ങേറ്റം കുറിക്കുന്ന വൈദ്യുത കാറായ പീച്ച് ജിടിയാവും ഡെസ്റ്റെന്റെ ഈ അതിവേഗ ബാറ്ററി ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ മോഡൽ. കാറിലെ 75 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാൻ അഞ്ചു മിനിറ്റ് മതിയാവുമെന്നാണു ഡെസ്റ്റെന്റെ അവകാശവാദം. പോരെങ്കിൽ ഒറ്റ ചാർജിൽ 500 കിലോമീറ്റർ പിന്നിടാനും ഈ കാറിനാവുമത്രെ.

ബാറ്ററിയുടെ ചാർജിങ് ക്ഷമത വർധിക്കുന്നതോടെ ചാർജിങ്ങിന് ആവശ്യമായ സമയം കുറയുമെന്നും ചാർജിങ്ങിനിടയിലെ ഇടവേളകൾ കുറയുമെന്നുമാണു ഡെസ്റ്റെന്റെ നിഗമനം; ഇതുവഴി വാഹനത്തിന്റെ റീജനറേറ്റീവ് ബ്രേക്കിങ് മികവ് ഉയരുമെന്നും കമ്പനി വിശദീകരിക്കുന്നു. പോരെങ്കിൽ ക്ഷമതയേറിയ ഈ സെല്ലുകൾക്ക് സാധാരണ ബാറ്ററികളെ അപേക്ഷിച്ച് ദീർഘായുസ്സും ഡെസ്റ്റെൻ ഉറപ്പു നൽകുന്നു; 3,000 ചാർജിങ് സൈക്കിളിലായി 15 ലക്ഷത്തോളം കിലോമീറ്റർ പിന്നിടാൻ ഈ ബാറ്ററിക്കാവുമത്രെ. ഒപ്പം ആയുഷ്കാലത്തിനിടെ ആദ്യകാല ശേഷിയുടെ 80% ക്ഷമതയും ബാറ്ററി നിലനിർത്തുമെന്നാണു സെസ്റ്റെന്റെ വാഗ്ദാനം

ഇതിനൊക്കെ പുറമെ പുതിയ സാങ്കേതികവിദ്യയുടെ പിൻബലമുള്ളതിനാൽ സാധാരണ ബാറ്ററികളിൽ നിന്നു വ്യത്യസ്തമായി ഈ സെല്ലുകൾ അതിവേഗ ചാർജിങ് വേളയിൽ പോലും ചൂടാവില്ലെന്നും ഡെൻസ്റ്റെൻ അവകാശപ്പെടുന്നു. ചാർജിങ് ഘട്ടത്തിൽ താപനിലയിൽ വെറും 15 ഡിഗ്രി വർധന മാത്രമാണു പ്രതീക്ഷിക്കുന്നത്. പുതിയ സെല്ലുകളുടെ ശേഷി 19 ആംപിയർ അവർ ആണെന്നും കമ്പനിയുടെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. ഊർജ സാന്ദ്രതയാവട്ടെ 160 വാട്ട് അവർ/കിലോഗ്രാം (350 ഡബ്ല്യു എച്ച്/എൽ) ആണ്. അതുകൊണ്ടുതന്നെ ഈ സെല്ലുകൾ കരുത്തിൽ മുന്നിലെങ്കിലും ഊർജസാന്ദ്രത കുറഞ്ഞവ ആണെന്നാണു വിലയിരുത്തൽ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights