ന്യൂഡൽഹി പ്രഗതി മൈതാനിയിൽ ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ 6000 ചതുരശ്ര അടിയിൽ ഒരുക്കിയ കേരള പവലിയൻ ശ്രദ്ധ നേടുന്നു. മേളയുടെ ഇത്തവണത്തെ ആശയമായ വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ എന്നതിനെ അന്വർത്ഥമാക്കുന്ന പവലിയനാണ് കേരളം ഒരുക്കിയിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് ഇതിൻ്റെ സംഘാടനം നിർവഹിച്ചിരിക്കുന്നത്. ഉത്തർപ്രദേശിനൊപ്പം കേരളവും ഇത്തവണ ഫോക്കസ് സംസ്ഥാനമാണ്. പ്രഗതി മൈതാനത്തെ അഞ്ചാം നമ്പർ ഹാളിൻ്റെ ഒന്നാം നിലയിലാണ് കേരള പവലിയൻ.
കേരളത്തിൻ്റെ സുഗന്ധവ്യഞ്ജനങ്ങളുമായി തിരകൾ മുറിച്ചു നീങ്ങുന്ന കൂറ്റൻ ഉരുവാണ് പ്രവേശന കവാടത്തിലെ മുഖ്യ ആകർഷണം. ഇതിനു താഴെയായി തൂണുകളിൽ കേരളത്തിൻ്റെ ഏലം, കുരുമുളക് എന്നിവ ഒരുക്കിയിരിക്കുന്നു. പണ്ടുകാലം മുതൽക്കേ വിദേശ രാജ്യങ്ങളുമായുള്ള കേരളത്തിൻ്റെ വ്യാപാര ബന്ധത്തെയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇന്നും അന്തർദ്ദേശീയ തലത്തിൽ കേരളം എന്ന ബ്രാൻഡിനുള്ള പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാണ് പവലിയൻ സജ്ജീകരിച്ചിരിക്കുന്നത്. ഭൗമ സൂചികയിലുള്ള കേരളത്തിൻ്റെ ഉത്പന്നങ്ങളുടെ വിശദാംശം പവലിയനിൽ ലഭ്യമാണ്.
കേരളത്തിൻ്റെ തനതു വാസ്തുശിൽപ മാതൃകയിലാണ് പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. തീം സ്റ്റാളുകളും, കൊമേഷ്യൽ സ്റ്റാളുകളും പ്രത്യേകമായി തിരിച്ചിട്ടുണ്ട്. അകത്തെ സ്റ്റാളുകൾക്കു പുറമെ പുറത്തെ ഇടനാഴികളിലായി കോഴിക്കോട് മിഠായി തെരുവിൻ്റെ മാതൃകയിലും സ്റ്റാളുകൾ സജ്ജീകരിച്ചിരിക്കുന്നു.
പ്രവേശന കവാടം കടന്നാലുടൻ കാണുക വിവിധ കലാകരൻമാരുടെ കരവിരുതാണ്. ഇതിനായി ഒരുക്കിയ പടിപ്പുരയിൽ ആറൻമുള കണ്ണാടി, ഉരുവിൻ്റെ ചെറിയ മാതൃകകൾ, ചുവർചിത്രകല, ചെറിയ കഥകളി രൂപങ്ങൾ, പാവക്കൂത്ത് കോലങ്ങൾ, കളിമൺ പ്രതിമകൾ, ചെണ്ട, ഇടയ്ക്ക എന്നിവയുടെ ചെറു രൂപങ്ങൾ, പായ നെയ്ത്ത് എന്നിവയുടെ നിർമാണം നേരിട്ട് കാണാം. ഇതിനു ചുറ്റിലുമായാണ് തീം സ്റ്റാളുകൾ. ടൂറിസം, കൃഷി, സഹകരണം, കയർ, തദ്ദേശ സ്വയംഭരണം, ഫിഷറീസ്, വനം, കുടുംബശ്രീ, ഹാൻഡ്ലൂം തുടങ്ങിയ സ്റ്റാളുകൾ ഇവിടെയാണ്.
കേരഫെഡ്, പട്ടികവർഗ വികസനം, ഔഷധി, ഹാൻവീവ്, ഹാൻഡ്‌ലൂം വിവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, മാർക്കറ്റ് ഫെഡ്, സഹകരണ വകുപ്പ്, ഗ്രാമവികസന വകുപ്പ്, കൈരളി എന്നിവയുടെ വിൽപന സ്റ്റാളുകളാണ് പവലിയനിനകത്തുള്ളത്. സംസ്ഥാന ബാംബൂ മിഷൻ, ആർട്സ് ആൻറ് ക്രാഫ്റ്റ് വില്ലേജ്, ഖാദി ആൻ്റ് വില്ലേജ് ഇൻഡസ്ട്രീസ്, സംസ്ഥാന കയർ കോർപറേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, വ്യവസായ വകുപ്പ്, സാഫ്, മത്സ്യഫെഡ്, കെ.എസ്. സി. എ. ഡി. സി, കുടുംബശ്രീ, സാംസ്കാരിക വകുപ്പ് എന്നിവയുടെ വിൽപനശാലകൾ പവലിയന് ചുറ്റിലുമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വ്യത്യസ്ത കേരള രുചികളുമായി കുടുംബശ്രീ, സാഫ് എന്നിവരുടെ ഫുഡ് കോർട്ടുകളും മേളയിലുണ്ട്. 27ന് വ്യാപാരമേള സമാപിക്കും.