പുതിയ കണ്ടെത്തലുകൾ വന്നു കൊണ്ടേയിരിക്കുന്ന ഇടമാണ് ശാസ്ത്രലോകം. ഇപ്പോഴിതാ പുതിയൊരു ഞെട്ടിക്കുന്ന കണ്ടെത്തല്‍ വന്നിരിക്കുന്നു, 8 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് നിന്നുള്ള ഒരു അജ്ഞാത റേഡിയോ സിഗ്നൽ ബഹിരാകാശത്ത് സഞ്ചരിച്ച് ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിൽ എത്തിയിരിക്കുന്നു! ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളനുസരിച്ച് ഇത് വളരെ തീവ്രമായ സിഗ്നലുകളാണ് . FRB 20220610A എന്ന് പേരിട്ടിരിക്കുന്ന ഈ ഫാസ്റ്റ് റേഡിയോ ബർസ്റ്റ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയതും, ഏറെ ദൂരെ നിന്നുള്ളതുമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്തെ കൂടുതൽ നിഗൂഢതകൾ കണ്ടെത്താൻ ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ.
FRB 20220610A യുടെ കണ്ടെത്തൽ പ്രപഞ്ചത്തിൻ്റെ ഭൂതകാലത്തെക്കുറിച്ച് പഠിക്കാനുള്ള പുതിയ ഒരു അവസരമായി മാറുമെന്നാണ് പ്രതീക്ഷ. നമ്മുടെ ഗ്യാലക്സിയിൽ നിന്ന് ഏറെ അകലെയുള്ള, മറ്റൊരു ഗ്യാലക്സിയിൽ നിന്നാവാം ഈ സിഗ്നൽ ഉത്ഭവിച്ചിട്ടുണ്ടാകുകയെന്നാണ് നിഗമനം. ഓസ്‌ട്രേലിയൻ സ്‌ക്വയർ കിലോമീറ്റർ അറേ പാത്ത്‌ഫൈൻഡർ (ASKAP) ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ സിഗ്നലിൻ്റെ ഉത്ഭവം വിജയകരമായി കണ്ടെത്തിയത്.
എന്താണ് ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ ?
ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ (FRBs) മില്ലിസെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന റേഡിയോ തരംഗങ്ങളുടെ ഹ്രസ്വവും അതേ സമയം തീവ്രവുമായ സ്പന്ദനങ്ങളാണ്. 2007-ലാണ് ആദ്യമായി ഇവ കണ്ടെത്തിയത്. നിഗൂഢമായ സ്വഭാവമുള്ള ഇവയുടെ ഉത്ഭവവും സ്വഭാവവും കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഈ ശക്തമായ സ്ഫോടനങ്ങൾ സൂപ്പർനോവ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
നൂതന സാങ്കേതികവിദ്യകളും സഹകരണ ഗവേഷണങ്ങളും ഉപയോഗിക്കുന്നതിലൂടെ, ഈ പൊട്ടിത്തെറികളുടെ ഉത്ഭവവും പ്രത്യാഘാതങ്ങളും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയയിലെ മക്വാരി സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. സ്റ്റുവർട്ട് റൈഡറും സംഘവും. FRB 20220610A യുടെ കണ്ടുപിടിത്തം FRB-കളെയും ആഴത്തിലുള്ള ബഹിരാകാശ പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘം.