ഏകദേശം 80000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ ആകാശത്ത് ദൃശ്യമായ ധൂമകേതുവിനെ വീണ്ടും കാണാന്‍ അവസരം. കോമറ്റ് സി/2023 എ3 (സുചിന്‍ഷന്‍-അറ്റ്‌ലസ്) എന്ന ധൂമകേതുവിനെ സൂര്യോദയത്തിന് മുമ്പ് പുലര്‍ച്ചെയുള്ള ആകാശത്ത് ഒക്ടോബര്‍ ആദ്യവാരം കാണാനാവും.
2023 ലാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. 2024 സെപ്റ്റംബറിലാണ് ഇത് സൂര്യന് ഏറ്റവും അടുത്തെത്തിയത്. ഇപ്പോള്‍ സൂര്യനില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഈ ധൂമകേതു ഭൂമിയില്‍ നിന്ന് കാണാനാവും.
ഇന്ത്യയില്‍ നിന്ന് എങ്ങനെ കാണാം?
സൂര്യോദയത്തിന് മുമ്പാണ് കോമറ്റ് സി/2023 എ3 നെ കാണാനാവുക. ആകാശത്ത് വെളിച്ചം വരും മുമ്പ് നോക്കണം. കിഴക്കന്‍ ആകാശത്തേക്ക് സൂക്ഷിച്ച് നോക്കണം. തടസങ്ങളില്ലാതെ ആകാശം കാണാന്‍ സാധിക്കുന്ന ഒരിടം അതിനായി തിരഞ്ഞെടുക്കണം. നഗരങ്ങളിലെയും കെട്ടിടങ്ങളിലേയും പ്രകാശ മലിനീകരണം ഇല്ലാത്ത ഇടങ്ങളാണ് അതിന് ഉചിതം.
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിച്ചേക്കാമെങ്കിലും ബൈനോകുലറുകളും ചെറു ദൂരദര്‍ശിനികളും കൂടുതല്‍ വ്യക്തത നല്‍കും. ഒരു വാലോടുകൂടിയ നക്ഷത്രത്തെ പോലെയാണ് ഇത് കാണപ്പെടുക.
ഒക്ടോബര്‍ ആദ്യം, ധൂമകേതു കണ്ടുപിടിക്കാന്‍ ചന്ദ്രന്‍ നിങ്ങളെ സഹായിക്കും. കിഴക്കന്‍ ആകാശത്ത് ചന്ദ്രനു താഴെ മൂടല്‍മഞ്ഞ് വാലുള്ള ഒരു അവ്യക്തമായ നക്ഷത്രമായി കോമറ്റ് സി/2023 എ3 നെ കാണാം. ഒക്ടോബര്‍ ആദ്യം ഈ ധൂമകേതുവിന് കൂടുതല്‍ തിളക്കമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
ഒക്ടോബറിലുടനീളം ആകാശത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ധൂമകേതുവിനെ പിന്നീട് അസ്തമയ ശേഷവും ആകാശത്ത് കാണാനാവും. എന്നാല്‍ ഇത് കൂടുതല്‍ മങ്ങിയിട്ടുണ്ടാവും. മാത്രവുമല്ല ധൂമകേതുവിന്റെ തിളക്കത്തിലും ദൃശ്യതയിലും മാറ്റമുണ്ടാവാം. അതുകൊണ്ട് ജ്യോതിശാസ്ത്ര വെബ്‌സൈറ്റുകളിലെ പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി കോമറ്റ് സി/2023 എ3 നെ നിരീക്ഷിക്കാം.