ശസ്ത്രക്രിയാരംഗത്ത് ആധുനികമായ പലചുവടുവെപ്പുകൾക്കും ശാസ്ത്രലോകം സാക്ഷ്യംവഹിക്കുന്നുണ്ട്. രാേഗിയുടെ അടുത്തില്ലാതെയും ശസ്ത്രക്രിയ സാധ്യമാക്കിയതിന്റെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സമാനമായൊരു വാർത്തയാണ് സ്വിറ്റ്സർലന്റിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 9000 കിലോമീറ്റർ അകലെയുള്ള പന്നിയിൽ ഗെയിം കൺട്രോളറിലൂടെ സർജറി നടത്തിയ വാർത്തയാണിത്.
സൂറിച്ച് സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ് കോങ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ടെലിഓപ്പറേറ്റഡ് മാഗ്നറ്റിക്എൻഡോസ്കോപി സർജറി വിജയകരമായി പൂർത്തിയാക്കിയത്. ഹോങ്കോങ്ങിലുള്ള പന്നിയിലാണ് സ്വിറ്റ്സർലന്റിൽ നിന്നുള്ള ഗവേഷകർ ശസ്ത്രക്രിയ ചെയ്തത്.
ഹോങ്കോങ്ങിലെ ശസ്ത്രക്രിയാ റൂമിലുള്ള ശസ്ത്രക്രിയാ വിദഗ്ധനും 9300 കിലോ മീറ്റർ അകലെയുള്ള റിമോട്ട് സ്പെഷലിസ്റ്റും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സൂറച്ചിൽ നിന്ന് ഗെയിം കൺട്രോളറിലൂടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ശസ്ത്രക്രിയാമുറിയിലെ ദൃശ്യങ്ങൾ വീഡിയോയിലൂടെ കണ്ട് ഗെയിം കൺട്രോൾ വഴി മറ്റു നടപടികൾ പൂർത്തിയാക്കുകയാണ് സ്വിറ്റ്സർലന്റിൽ നിന്നുള്ള ഡോക്ടർ ചെയ്തത്.
വിദൂരസ്ഥലങ്ങളിൽ ശസ്ത്രക്രിയകൾ വിജയകരമായി നടപ്പിലാക്കൽ മനുഷ്യരിലും സാധ്യമാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് ഗവേഷകർ പറഞ്ഞു. അഡ്വാൻസ്ഡ് ഇന്റലിജൻസ് സിസ്റ്റംസ് എന്ന ജേർണലിൽ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രോഗസ്ഥിരീകരണം, ശസ്ത്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രാദേശിക മേഖലകളിൽ ബന്ധപ്പെട്ട വിദഗ്ധർ ഇല്ലാത്തപക്ഷം സ്വീകരിക്കാവുന്ന മാർഗമാണിതെന്നും വൈദഗ്ധ്യം ലഭിച്ചവർക്ക് വിദൂരതയിലിരുന്ന് നഴ്സുമാർക്ക് പോലും ശസ്ത്രക്രിയ സംബന്ധിച്ച നിർദേശം നൽകാനാകുമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.വൈകാതെ മനുഷ്യരുടെ വയറിൽത്തന്നെ ടെലി-എൻഡോസ്കോപ്പി നടത്തുകയാണ് ഉദ്ദേശ്യമെന്നും കാൻസർ സ്ക്രീനിങ് രംഗത്തുകൾപ്പെടെ ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഭാവിയിൽ ബഹിരാകാശ സഞ്ചാരികളിൽപ്പോലും ശസ്ത്രക്രിയ സാധ്യമായേക്കാവുന്ന രീതിയിലാണ് ഈ സംവിധാനം വികസിപ്പിക്കുന്നതെന്നുഗവേഷകർ പറയുന്നു.
അടുത്തിടെ ചൈനയിൽ അയ്യായിരം കിലോമീറ്റർ അകലെയുള്ള രോഗിയിൽ സർജറി ചെയ്ത വാർത്ത പുറത്തുവന്നിരുന്നു. സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെയാണ് ഷാംഗായിൽ നിന്നുള്ള ഒരുസംഘം ഡോക്ടർമാർ കാഷ്ഗറിലുള്ള രോഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തത്. വിശദമായ ക്ലിനിക്കൽ തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടുകളുടെയും സഹായത്തോടെയാണ് സർജറി പൂർത്തിയാക്കിയതെന്ന് ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കിയിരുന്നു.ഇന്ത്യയിലും റോബോട്ട് സഹായത്തോടെ സർജറി നടത്തിയിട്ടുണ്ട്. രാജ്യത്ത് അടുത്തിടെ നടത്തിയ സർജറി നാൽപത് കി.മീ അകലെനിന്നാണ്. രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്& റിസർച്ച് സെന്ററിലെ മെഡിക്കൽ ഡയറക്ടറായ ഡോ. എസ്.കെ റാവലാണ് പ്രസ്തുത സർജറി ചെയ്തത്. അദ്ദേഹം ഗുഡ്ഗാവിലും അമ്പത്തിരണ്ടുകാരനായ രോഗി ഡൽഹിയിലെ രോഹിണിയിലുമായിരുന്നു. .