ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലകക്ട്രോണിക് ഷോയോട് അനുബന്ധിച്ച് സാംസങിന്റെ മൈക്രോ എൽഇഡി, നിയോ ക്യുഎൽഇഡി, ലൈഫ്സ്റ്റൈൽ ടിവികൾ അവതരിപ്പിച്ചു. പിക്ചർ ഗുണമേന്മയിലും ശബ്ദ ഗുണമേന്മയിലും പരിഷ്കാരങ്ങളുമായാണ് ടിവികൾ എത്തിയിരിക്കുന്നത്. കൂടുതൽ സ്ക്രീൻ സൈസ് ഓപ്ഷനുകളും കസ്റ്റമൈസ് ചെയ്യാവുന്ന അനുബന്ധ ഉപകരണങ്ങളും ഇതിനൊപ്പമുണ്ട്. മൈക്രോ ക്യുഎൽഇഡി ടിവിയ്ക്ക് 110 ഇഞ്ച്, 101 ഇഞ്ച്, 89 ഇഞ്ച് സ്ക്രീൻ സൈസ് ഓപ്ഷനുകൾ ലഭ്യമാണ്. പ്രകാശവും നിറങ്ങളും നൽകാൻ സാധിക്കുന്ന 2.5 കോടി മൈക്രോമീറ്റർ എൽഇഡികളുള്ള സ്ക്രീനിൽ വളരെ മികച്ച പിക്ചർ ക്വാളിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ വർഷത്തെ മൈക്രോ എൽഇഡിയിൽ 20 ബിറ്റ് ഗ്രേസ്കെയിൽ പിന്തുണയ്ക്കും. അതായത് ടിവിയിൽ കാണിക്കുന്ന ദൃശ്യത്തിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തതയോടെ കാണിക്കും. ഒപ്പം മികച്ച ബ്രൈറ്റ്നെസ് കളർ ലെവലുകളും ഉണ്ട്. 2022 നിയോ ക്യുഎൽഇഡി ടിവിയും ഇതുപോലെ ദൃശ്യമികവിലും ശബ്ദമികവിലും മുമ്പനാണ്. ഇിലെ നിയോ ക്വാണ്ടം പ്രൊസസർ മികച്ച ബ്രൈറ്റ്നസ് സ്ക്രീനിന് നൽകുന്നു.
റിയൽ ഡെപ്ത് എൻഹാൻസർ, ഐ കംഫർട്ട് മോഡ് എന്നീ സംവിധാനങ്ങളും നിയോ ക്യുഎൽഡി ടിവിയിലുണ്ട്. ഗ്ലെയർ ഇല്ലാത്ത മാറ്റ് ഡിസ്പ്ലേയുമായാണ് സാംസങിന്റെ ലൈഫ്സ്റ്റൈൽ ടീവികൾ എത്തുന്നത്. പ്രകാശം പ്രതിഫലിക്കില്ല എന്ന് മാത്രമല്ല വിരലടയാളങ്ങളും പതിയില്ല. ദി ഫ്രെയിം, ദി സെറോ, സി സെരിഫ് മോഡലുകളാണ് ഇതിലുള്ളത്. ദി ഫ്രെയിം ടിവിയ്ക്ക് 32 ഇഞ്ച് മുതൽ 85 ഇഞ്ച് വരെ സ്ക്രീനുകളുണ്ട്. ദി സെരിഫ് മോഡലിൽ 43 ഇഞ്ച് മുതൽ 65 ഇഞ്ച് വരെ സ്ക്രീനുകൾ ലഭിക്കും. ഉള്ളടക്കങ്ങൾ ക്രമീകരിക്കുന്നതിനായി പുതിയ സ്മാർട് ഹബ്ബ് ആണ് 2022 ലെ സാംസങ് ടിവികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.