അമേരിക്കയിലെ ഏറ്റവും വലിയ മഞ്ഞുപ്രദേശമാണ് അലാസ്ക. ഡിസംബറിൽ പൊതുവേ മഞ്ഞു പെയ്യാറുള്ള പ്രദേശത്ത് ഇത്തവണ വിപരീത കാലാവസ്ഥയാണ്. വർഷാവസാനം പ്രദേശത്തെ താപനില അനിയന്ത്രിതമായി ഉയർന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നാഷണൽ വെതർ സർവീസ് കണക്കുകൾ പ്രകാരം അലാസ്കയിലെ കോടിയക് ദ്വീപിലെ താപനില 67 ഡിഗ്രി ഫാരൻഹീറ്റായി (19.4 ഡിഗ്രി സെൽഷ്യസ്) ഉയർന്നു. ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്. കോടിയാക് വിമാനത്താവളത്തിൽ 65 ഡിഗ്രി ഫാരൻഹീറ്റ് താപനിലയാണ് രേഖപ്പെടുത്തിയത്. ഉയർന്ന താപനില പലയിടങ്ങളിൽ മഴ പെയ്യുന്നതിനും ഇടയാക്കി.
യൂണിവേഴ്സിറ്റി ഓഫ് അലാസ്കയിലെ കാലാവസ്ഥാ വിദ്ഗധനായ റിക് തോമ്മൻ ഇതൊരു അസാധാരണ സാഹചര്യമാണെന്ന് അഭിപ്രായപ്പെട്ടു. ഫോസിൽ ഇന്ധനങ്ങളുടെ അമിത തോതിലുള്ള കത്തിക്കലാണ് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അലാസ്കയിൽ താപനില 67 ഡിഗ്രി ഫാരൻഹീറ്റ് റെക്കോഡ് ചെയ്ത അതേ ദിവസം തന്നെ 25 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തത്. അപ്രതീക്ഷിതമായ കാലാവസ്ഥാ മൂലം നൂറ് കണക്കിന് ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്. മഴയ്ക്ക് പിന്നാലെ വൻതോതിലുള്ള മഞ്ഞുവീഴ്ച മൂലം പ്രദേശത്ത് പലയിടങ്ങളിലും മഞ്ഞ് കട്ടി പിടിച്ചു കിടക്കുകയാണ്. ഇത് ഗതാഗത, വൈദ്യുതി തടസ്സത്തിന് കാരണമായി. റോഡിലും മറ്റും രൂപപ്പെട്ട കട്ടിയുള്ള മഞ്ഞുപാളികൾ ഗതാഗതം ദുഷ്കരമാക്കി തീർത്തിരിക്കുകയാണ്. മഞ്ഞുകട്ടകൾ ഒരുതവണ റോഡിൽ കൂടിച്ചേർന്നാൽ നീക്കുക പ്രയാസമാണെന്ന് വിദ്ഗധർ പറയുന്നു. മാർച്ചോ ഏപ്രിലോ വരെ മഞ്ഞുകട്ടകൾ ഇത്തരത്തിൽ റോഡിൽ തുടരാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്
അലാസ്കയിലെ പല പ്രദേശങ്ങളിലും ചൂടിനൊപ്പം കട്ടിപ്പുകയുടെയും സാന്നിധ്യമുണ്ട്. അമിതമായ തോതിലുള്ള ചൂട് കാട്ടുതീയുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. 2019 ജൂണിൽ അലാസ്കയെ ഭീതിയിലാഴ്ത്തിയ കാട്ടുതീക്കും അമിതമായ ചൂട് തന്നെയാണ് കാരണം. കാട്ടുതീയിൽ 6,97,000 ഏക്കർ വരുന്ന പ്രദേശമാണ് കത്തിനശിച്ചത്. അമേരിക്കയുടെ 52 ശതമാനത്തോളം വരുന്ന വനപ്രദേശമാണ് ഇതോടെ കാട്ടുതീയിൽ ഇല്ലാതായത്. അലാസ്കയിലെ മറ്റൊരു നഗരമായ ഫെയർബാങ്ക്സിലെ ചൂട് കുറയുമെന്നാണ് സൂചന.