2022 ജനുവരി വരെയുള്ള കണക്ക് അനുസരിച്ചാണ് 14,000 വാഹനങ്ങളുടെ വിതരണം പൂർത്തിയാക്കിയതായി അറിയിച്ചിട്ടുള്ളത്. അതേസമയം, ഈ വാഹനത്തിന് ഇതിനോടകം ഒരു ലക്ഷത്തിലധികം ബുക്കിങ്ങ് ലഭിച്ചിട്ടുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കുന്ന എസ്.യു.വി. എന്ന ഖ്യാതി ഇനി മഹീന്ദ്ര XUV700-ന് സ്വന്തമാണെന്നും നിർമാതാക്കൾ അഭിപ്രായപ്പെട്ടു. ഒക്ടോബർ ഏഴിനാണ് XUV700-ന്റെ ബുക്കിങ്ങ് ആരംഭിച്ചത്.
ആദ്യമായി വാഹനം വാങ്ങുന്നവരെ ആകർഷിക്കാനും മഹീന്ദ്രയുടെ ഈ എസ്.യു.വിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. XUV700-ന്റെ പെട്രോൾ എൻജിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വകഭേദങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നാണ് മഹീന്ദ്ര പറയുന്നത്. അതേസമയം, ബുക്കിങ്ങ് ഉയർന്നതോടെ ഉയർന്ന വേരിയന്റിന് 12 മാസവും മറ്റ് വേരിയന്റുകൾക്കും ആറ് മുതൽ പത്ത് മാസം വരെയും കാത്തിരിപ്പാണ് ഉപയോക്താക്കൾക്ക് വരുന്നത്.
MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിൽ ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ 11 മോഡലുകളായാണ് XUV700 വിൽപ്പനയ്ക്ക് എത്തുന്നത്. MX-ന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയർന്ന വകഭേദമായ AX7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്സ്ഷോറും വില. അതേസമയം, MX ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന പതിപ്പായ AX7 ലക്ഷ്വറി ഓൾ വീൽ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്സ്ഷോറും വിലയാക്കിയിട്ടുണ്ട്.
മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നീ എൻജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിൻ 197 ബി.എച്ച്.പി. പവറും 380 എൻ.എം.ടോർക്കുമാണ് നൽകുന്നത്. ഡീസൽ എൻജിൻ 153, 182 ബി.എച്ച്.പി. പവറും 360, 420 എൻ.എം. ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളും ഇതിൽ നൽകുന്നുണ്ട്.