യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലായിരിക്കും ഇത്തവണ.ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് ഇറ്റലി-ഇംഗ്ലണ്ട് ഫൈനൽ. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഇംഗ്ലണ്ട് ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ ഇറ്റലി 1968ന് ശേഷം ആദ്യ കിരീടമാണ് സ്വപ്നം കാണുന്നത്.
സെമിയിൽ ഇറ്റലി, സ്പെയ്നെയും ഇംഗ്ലണ്ട്, ഡെൻമാർക്കിനെയുമാണ് തോൽപിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ മിന്നും ജയം. നിശ്ചിതസമയത്ത് ഓരോ ഗോളുകള്‍ നേടി ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ എക്സ്ട്രാ ടൈമിലെ 104-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ ബൂട്ടില്‍ നിന്ന് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നു.
അതേസമയം സ്പെയ്നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കപ്പ് ഫൈനലിലെത്തിയത്. നിശ്ചിതസമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഫെഡറിക്കോ കിയേസയുടെ ഗോളിലൂടെ ഇറ്റലി ആദ്യം മുന്നിലെത്തി. അല്‍വാരോ മൊറാട്ടയിലൂടെ സ്പെയ്ന്‍ മറുപടി നല്കി. എന്നാല്‍ പെനാല്‍റ്റി നഷ്ടമാക്കിയ മൊറാട്ട തന്നെ സ്പെയ്നിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു. ഷൂട്ടൗട്ടില്‍ 4-2ന്റെ ജയമാണ് ഇറ്റലി സ്വന്തമാക്കിയത്.
യൂറോ കപ്പ് ഫൈനലിനുള്ള റഫറിയായി ബ്യോൺ ക്വിപേഴ്സിനെ നിയമിച്ചു. യൂറോകപ്പ് ഫൈനൽ നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നെതർലൻഡ്സ് റഫറിയാണ് ബ്യോൺ. 2006 മുതൽ അന്താരാഷ്ട്ര റഫറിയായ ബ്യോൺ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ, യൂറോപ്പ ലീഗ് ഫൈനൽ, യുവേഫ സൂപ്പർ കപ്പ്, യുവേഫ അണ്ടർ 17, അണ്ടർ 21 ഫൈനലുകൾ നിയന്ത്രിച്ചിട്ടുണ്ട്.