ജീവനുള്ള വേരുകളാൽ നിർമിക്കപ്പെട്ട പാലം എന്ന് ലോകപ്രശസ്തിയാർജിച്ച മേഘാലയയിലെ പ്രകൃതിവിസ്മയത്തിന് പുത്തൻ നേട്ടം. യുനെസ്കോയുടെ ലോകപൈതൃക പദവിയുള്ള ഇടങ്ങളുടെ താത്ക്കാലിക പട്ടികയിൽ പാലം ഇടംപിടിച്ചു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
2022 ജനുവരി 21 ന്, മേഘാലയ അതിന്റെ 50-ാം വർഷം ആഘോഷിക്കുന്ന അവസരത്തിൽ ലിവിങ് റൂട്ട് പാലങ്ങൾക്ക് യുനെസ്കോയുടെ അംഗീകാരം ലഭിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി നടത്തിയിരുന്നു. ഖാസി ഗോത്രക്കാരാണ് പാലത്തിനു പിന്നിലെ വിദഗ്ധർ. ഈ ഘടനാപരമായ ആവാസവ്യവസ്ഥകൾ നൂറ്റാണ്ടുകളായി അങ്ങേയറ്റത്തെ കാലാവസ്ഥാ സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഗാധമായ ഐക്യം ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്ന് യുനെസ്കോ അധികൃതർ പറഞ്ഞു.
75-ലധികം വിദൂര ഗ്രാമങ്ങളെയാണ് ഈ പാലങ്ങൾ ബന്ധിപ്പിക്കുന്നത്. ദിവസം കഴിയുന്തോറും ശക്തി കൂടി വരുന്നവയാണ് ഈ പാലങ്ങൾ. 180 വർഷം വരെ പ്രായമുള്ളവയാണ് ഇവയിൽ പലതിനും. പൂർണമായി വളർന്നുകഴിഞ്ഞാൽ ഇവയുടെ വേരുകൾ 500 വർഷത്തോളം നിലനിൽക്കും. 50 പേരുടെ ഭാരംവരെ താങ്ങാൻ ശേഷിയുള്ളതാണ് ഈ വേരുപാലം. ഒരു പാലം ഉപയോഗ യോഗ്യമാക്കി നിർമിച്ചെടുക്കാൻ ഏതാണ്ട് 10-15 വർഷമെങ്കിലും വേണം. ഇപ്പോഴുള്ള പാലങ്ങളെല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.