എറണാകുളം ജില്ലയിലുൾപ്പെടെ മധ്യകേരളത്തെ വിറപ്പിച്ച കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും ഇടയാക്കിയതു ലഘുമേഘ വിസ്ഫോടന പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ.എറണാകുളം ജില്ലയിൽ ലഘു മേഘവിസ്ഫോടനം നടന്നതായി ഉപഗ്രഹങ്ങളിൽ നിന്നു ലഭ്യമായ ഡേറ്റകൾ പ്രകാരം അനുമാനിക്കാമെന്ന് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ റഡാർ വിഭാഗം ഡയറക്റ്റർ ഡോ. എസ്. അഭിലാഷ് പറഞ്ഞു. മേഘവിസ്ഫോടനത്തിൽ പെയ്യുന്ന മഴ മണിക്കൂറിൽ 10 സെന്റീമീറ്റർ (100 മില്ലീ മീറ്റർ) വരെയാണ്. ലഘു മേഘവിസ്ഫോടനത്തിൽ രണ്ടു മണിക്കൂറിൽ അഞ്ച് സെന്റീമീറ്റർ (50 മില്ലീ മീറ്റർ) മഴ ലഭിക്കും. “”കുസാറ്റിലെ മഴമാപിനിയിൽ ഇന്നലെ രണ്ട് മണിക്കൂറിൽ അഞ്ച് സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. ആലങ്ങാട് മേഖലയിൽ സാറ്റലിറ്റ് ഡേറ്റ പ്രകാരവും ഇതേയളവാണ് മഴ”-ഡോ. അഭിലാഷ് പറഞ്ഞു.
![](http://20-20journals.in/wp-content/uploads/2021/07/dreams.jpeg)
“”ചൊവ്വാഴ്ച രാവിലെ എറണാകുളം ആലങ്ങോട് പ്രദേശത്തു മിന്നൽ ചുഴലിയും കാറ്റുമുണ്ടായ സമയത്തു കട്ടികൂടിയ ക്യൂമുലോനിംബസ് മേഘങ്ങളുടെ സാന്നിധ്യം സാറ്റലിറ്റ് റഡാർ ചിത്രങ്ങളിൽ വ്യക്തമായിരുന്നു. രണ്ട് മണിക്കൂറിൽ അഞ്ച് സെന്റീമീറ്ററിന് മുകളിൽ മഴ രേഖപെടുത്തിയിട്ടുണ്ടെങ്കിൽ അതിനെ ഒരു ലഘു മേഘവിസ്ഫോടനമായി കണക്കാം.”-ഡോ. അഭിലാഷ് വ്യക്തമാക്കി. 2019ൽ എറണാകുളം ജില്ലയിലുൾപ്പെടെ വൻ ദുരന്തം വിതച്ച പ്രളയത്തിന് കാരണമായതു മേഘവിസ്ഫോടനമാണെന്നു വ്യക്തമാക്കുന്ന ഡേറ്റകൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![e bike2](https://20-20journals.in/wp-content/uploads/2021/07/e-bike2-914x1024.jpeg)