ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയുമായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചത്തോടെ ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യത്തോടെയോ ഓണ സീസണില്‍, പാര്‍ക്ക് സന്ദര്‍ശന സജ്ജമാകുമെന്നാണ് വിവരം. അന്താരാഷ്ട്ര നിലവാരത്തില്‍ പുത്തൂരില്‍ ഒരുങ്ങുന്ന സുവോളജിക്കല്‍ പാര്‍ക്കിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പാര്‍ക്കിന് കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ വിശാലമായ പൂത്തൂരിലേക്ക് മാറ്റാന്‍ സാധിക്കും. 130 വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള തൃശ്ശൂര്‍ നഗരത്തിലുള്ള മൃഗശാലയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള മൃഗങ്ങളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുന്നതിനുള്ള തടസ്സങ്ങള്‍ക്കും ഈ അംഗീകാരത്തോടെ പരിഹാരമാകും. തിരുവനന്തപുരത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ചന്ദ്രപ്രകാശ് ഗോയലുമായി വനം മന്ത്രി നടത്തിയ പ്രത്യേക ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി.