പോഷകാഹാര ലഭ്യതയിൽ കേരളത്തിന്റെ വളർച്ച 32.6 ശതമാനം

കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും പോഷകാഹാര ലഭ്യതയിൽ കേരളത്തിന് 32.6 ശതമാനം വളർച്ച കൈവരിക്കാനായതായും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഫെസ്റ്റ് ഓഫ് ഹാപ്പിനസ്’ ഉദ്ഘടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോഷകാഹാര ലഭ്യതയിൽ ഇന്ത്യയുടെ വളർച്ച 6.4 ശതമാനം മാത്രമാണ്. കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനാണ് അംഗനവാടികളിലൂടെ പാലും മുട്ടയും നൽകുന്ന ‘പോഷക ബാല്യം’ പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

പൂർണ ശിശുസൗഹൃദ സംസ്ഥാനം വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളേയും രക്ഷിതാക്കളേയും സംഘടിത വിഭാഗമായി ഉയർത്തിക്കൊണ്ടുവരികയാണ്. കുട്ടികൾ പരിമിതികളെ സാധ്യതകളായി കണ്ട് വളരേണ്ടത് അനിവാര്യമാണെന്ന് ‘പൊക്കമില്ലായ്മ ആണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ ഉദ്ധരിച്ച് മന്ത്രി അഭിപ്രായപ്പെട്ടു.കുട്ടികൾക്ക് ഗുണമേൻമയേറിയ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. ദിശാബോധം നൽകി നല്ല തലമുറയായി കുട്ടികളെ വളർത്തിയെടുക്കണം. കുട്ടികളെ മികവുറ്റവരാക്കുന്നതിൽ വിദ്യാഭ്യാസ നയത്തിന് പ്രാധാന്യം ഉണ്ട്. അഭിരുചികൾ മനസിലാക്കി നിരന്തരം നവീകരണത്തിന് വിധേയരാകണം. ലോകം നേടിയ സർവതല സ്പർശിയായ നേട്ടങ്ങളെ കുട്ടികൾക്ക് ലഭ്യമാക്കി നവകേരളം സൃഷ്ടിക്കാനാകും. കുട്ടികളുടെ സർഗശേഷി പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഹാപ്പിനെസ് ഫെസ്റ്റ് പോലുള്ള വേദികൾ ഇത്തരം കുട്ടികൾക്ക് ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാനുള്ള കരുത്താണ് പകരുന്നതെന്നും മന്ത്രി പറഞ്ഞു.

Verified by MonsterInsights