പാഡ്വ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നിന്നുമുള്ള ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്. കൊവിഡ് ഭേദമായവരില്‍ എത്ര സമയത്തേക്ക് വരെ വൈറസിനെതിരായ ആന്റിബോഡി കാണുമെന്നതായിരുന്നു ഇവരുടെ പഠനവിഷയം. ഏതാണ്ട് ഒമ്പത് മാസത്തോളം കൊവിഡ് വന്നുപോയവരില്‍ ആന്റിബോഡി കാണുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. വാക്‌സിന്‍ ലഭ്യമായതോടെ പകുതി ആശ്വാസമായെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.എങ്കില്‍പ്പോലും കൊവിഡ് ഭേദമായവരില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ കാണുമെന്നതിനാല്‍ ചെറിയ സുരക്ഷിതത്വം ഇത് നല്‍കുന്നുണ്ട്.