ഗൂഗിൾ വർക്ക് സ്പേസ് (Google workspace) വ്യക്തിഗത പ്ലാൻ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. സംരംഭകരും സെൽഫ് എംപ്ലോയേഴ്സും പോലുള്ളവരാണ് ഗൂഗിൾ വർക്ക് സ്പേസ് സേവനം കൂടുതലായും ഉപയോഗിക്കുന്നത്. ഇനി മുതൽ ഇവർക്ക് അധിക തുക നൽകാതെ തന്നെ സ്റ്റോറേജ് അപ്ഗ്രേഡ് ലഭിക്കുമെന്നാണ് വിവരം. 15GB-യിൽ നിന്ന് 1TB-യിലേക്കാണ് സ്റ്റോറേജ് ശേഷി വർദ്ധിപ്പിക്കുക. അതുകൊണ്ട് തന്നെ വർക്ക്സ്പെയ്സ് വ്യക്തിഗത ഉപയോക്താക്കൾക്ക് ഇനി ജിമെയിലിലെയും ഡ്രൈവിലെയും സ്റ്റോറേജ് തീർന്നതിനെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ല.
ഇതുവരെ ഗൂഗിൾ വർക്ക് സ്പേസ് വ്യക്തിഗത ഉപയോക്താക്കൾക്ക് ഒരു സൗജന്യ ജിമെയിൽ അക്കൗണ്ടിന് ലഭിക്കുന്ന അതേ സ്റ്റോറേജ് ശേഷി തന്നെയാണ് ലഭിച്ചിരുന്നത്. അതിൽ കൂടുതൽ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിന് ഗൂഗിൾ വൺ (Google One) വഴി കൂടുതൽ സ്റ്റോറേജ് വാങ്ങേണ്ടിയിരുന്നു. എന്നാൽ ഇനി മുതൽ സ്റ്റോറേജ് ശേഷി ഉയർത്തുന്നതിന് ഉപയോക്താക്കൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല. ഗൂഗിൾ തന്നെ സ്വയം സ്റ്റോറേജ് അപ്ഗ്രേഡ് ചെയ്യും.
കൂടാതെ, ഫിലിപ്പീൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, തായ്വാൻ, തായ്ലൻഡ്, നെതർലാൻഡ്സ്, പോർച്ചുഗൽ, ബെൽജിയം, ഫിൻലാൻഡ്, ഗ്രീസ്, അർജന്റീന എന്നിവിടങ്ങളിലും ഗൂഗിൾ വർക്ക് സ്പേസ് വ്യക്തിഗത പ്ലാൻ അവതരിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.
ക്ലൗഡ് കമ്പ്യൂട്ടിംഗ്, കോളാബുറേഷൻ ടൂൾസ്, സോഫ്റ്റ്വെയർ തുടങ്ങി ഗൂഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ വിവിധ ഉൽപ്പന്നങ്ങളുടെ ശേഖരമാണ് ഗൂഗിൾ വർക്ക്സ്പേസ്. മുമ്പ് ഗൂഗിൾ ആപ്സ് എന്നും പിന്നീട് ജി സ്യൂട്ട് എന്നും ഇത് അറിയപ്പെട്ടിരുന്നു.
പ്ലേ സ്റ്റോർ നയങ്ങൾ ദുരുപയോഗം ചെയ്തെന്നു ചൂണ്ടിക്കാട്ടി ടെക് ഭീമനായ ഗൂഗിളിന് (Google) ഒക്ടോബർ 25 ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 936.44 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഗൂഗിളിൽ നിന്ന് രണ്ടാം തവണയാണ് സിസിഐ പിഴയീടാക്കുന്നത്. അന്യായമായ ബിസിനസ് രീതികൾ അവസാനിപ്പിക്കാനും ഗൂഗിളിനോട് സിസിഐ ആവശ്യപ്പെട്ടു. ഒക്ടോബർ 20 ന് കമ്പനിക്കു മേൽ 1,337 കോടി രൂപ പിഴ ചുമത്തിയിരുന്നു.
ആൻഡ്രോയിഡ് മൊബൈൽ ആപ്പ് ഡെവലപ്പർമാർക്കുള്ള പ്രധാന വിതരണ മാർഗമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോർ. ഇതിലൂടെ കമ്പനിയുടെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നൽകാൻ ശ്രമിച്ചുവെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. ഒക്ടോബർ 20ന് ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന് സിസിഐ 1,337 കോടി രൂപ പിഴ ചുമത്തിയത്. കൂടാതെ ഓൺലൈൻ സേർച്ചുമായി ബന്ധപ്പെട്ട അന്യായമായ ബിസിനസ് രീതികൾ കണ്ടെത്തിയതിനെ തുടർന്ന് 2018 ഫെബ്രുവരിയിലും സിസിഐ ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തിയിരുന്നു.