തലയിലും കഴുത്തിലും ബാധിക്കുന്ന കാൻസറിന് പുതിയ ചികിത്സാ രീതിയുമായി ഡോക്ടര്‍മാര്‍. ലോ ഡോസ് നിവോലുമാബ് (low dose nivolumab) എന്നാണ് ചികിത്സാരീതിയുടെ പേര്. 3.5 ലക്ഷം രൂപയാണ് ചികിത്സാ ചെലവ്. മഹാരാഷ്ട്രയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ വിജയ് പാട്ടീലും സംഘവുമാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍.
പലതരം കാന്‍സറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയായ നിവോലുമാബിന്, കീമോതെറാപ്പിയുടെ പതിവ് ഡോസിന്റെ പത്തിലൊന്ന് മാത്രമേ ചെലവ് വരുന്നുള്ളൂ. ലോ ഡോസ് ഇമ്മ്യൂണോതെറാപ്പി മരുന്നിന് പ്രതിമാസം 25,000 രൂപയാണ് ചെലവ് വരുന്നതെന്നും ഇത് പ്രതിവര്‍ഷത്തെ ചികിത്സാ ചെലവ് 62 ലക്ഷം രൂപയില്‍ നിന്ന് 3.3 ലക്ഷം രൂപയായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 2.8 ശതമാനം രോഗികള്‍ക്ക് മാത്രമേ കാന്‍സറിനുള്ള മരുന്നുകള്‍ വാങ്ങാന്‍ കഴിയാറുള്ളൂവെന്നും പാട്ടീല്‍ കൂട്ടിച്ചേർത്തു. ” കാന്‍സര്‍ ബാധിതരായ ഭൂരിപക്ഷം രോഗികളും ചികിത്സാ ചെലവ് താങ്ങാനാകെ മരണപ്പെടുന്നുണ്ട്. ഇത് സങ്കടകരമായ ഒരു അവസ്ഥയാണ്. ഇത് രോഗികള്‍ക്ക് മാത്രമല്ല, മെഡിക്കല്‍ ഓങ്കോളജിസ്റ്റുകള്‍ക്കും സങ്കടമുണ്ടാക്കുന്ന കാര്യമാണ്, ” അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഒരു പഠനം നടത്താനുള്ള പ്രധാന കാരണം ഇതാണെന്നും പാട്ടീല്‍ പറഞ്ഞു.
ഡോക്ടര്‍ പാട്ടീലും സംഘവും നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെട്രോനോമിക് കീമോതെറാപ്പിയും ലോ-ഡോസ് നിവോലുമാബ് ചികിത്സയും രോഗികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തിയെന്നും ഫുള്‍ ഡോസ് ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കുള്ള ബദല്‍ മാര്‍ഗ്ഗമാണ് ഇതെന്ന് തെളിയിക്കുന്ന ആദ്യത്തെ പഠനമാണിതെന്നും ഗവേഷണ സംഘം അവകാശപ്പെട്ടു. ഡോസ് കുറഞ്ഞ കാന്‍സര്‍ മരുന്നുകള്‍ ദീര്‍ഘകാലത്തേക്ക് നല്കുന്ന ഒരു ചികിത്സയാണ് മെട്രോനോമിക് കീമോതെറാപ്പി. സ്റ്റാന്‍ഡേര്‍ഡ് കീമോതെറാപ്പിയെ അപേക്ഷിച്ച് ഇതിന് പാര്‍ശ്വഫലങ്ങള്‍ കുറവാണ്.
തലയിലും കഴുത്തിലും കാന്‍സര്‍ ബാധിച്ച 76 രോഗികളിലാണ് സംഘം പരീക്ഷണം നടത്തിയത്. കീമോതെറാപ്പി മാത്രം ചെയ്ത സമാനമായ 75 രോഗികളുമായി അവര്‍ ഈ ഗ്രൂപ്പിനെ താരതമ്യം ചെയ്തു. ഈ ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 76 പേര്‍ക്കും അവരുടെ അതിജീവന നിരക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ ചികിത്സാരീതി ഓരോ വര്‍ഷവും 2-3 ലക്ഷത്തിലധികം രോഗികള്‍ക്കും ലോകമെമ്പാടുമുള്ള 10 ലക്ഷത്തിലധികം രോഗികള്‍ക്കും പ്രയോജനപ്പെടുത്താമെന്നും പാട്ടീല്‍ പറഞ്ഞു.
ടി- സെല്ലുകളെ ആക്ടിവേറ്റ് ചെയ്യുന്ന ഒരു ഇന്‍ഹിബിറ്ററാണ് നിവോലുമാബ്. ഒരു കിലോഗ്രാമിന് 3 മില്ലിഗ്രാം എന്ന കണക്കനുസരിച്ച് രണ്ടാഴ്ചയിലൊരിക്കലാണ് ഈ ഡോസ് നല്‍കുക എന്നാണ് അന്താരാഷ്ട്ര പഠനങ്ങളില്‍ പറയുന്നത്.
ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് താങ്ങാനാകുന്ന രീതിയിലുള്ള ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് താനും സംഘവും ഗവേഷണം നടത്തിയതെന്ന് ഡോ. പാട്ടീല്‍ പറഞ്ഞു. ഇന്ത്യയില്‍ ധാരാളം ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാണെങ്കിലും, അവ പാലിയേറ്റീവ് ചികിത്സയെയോ ഇമ്മ്യൂണോതെറാപ്പിയോ പോലുള്ള ചികിത്സയെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.