2022ല്‍ നിരവധി സ്പോര്‍ട്സ് ടൂര്‍ണമെന്റുകള്‍ നടക്കുന്നതിനാല്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞതും സ്പോര്‍ട്സുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ‘year in search 2022’ എന്ന പേരില്‍ ഡിസംബര്‍ 7ന് ഗൂഗിള്‍ ഒരു വാര്‍ഷിക റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. സിനിമകള്‍, സ്പോര്‍ട്സ് ഇവന്റുകള്‍, വ്യക്തിത്വങ്ങള്‍, വാര്‍ത്താ ഇവന്റുകള്‍, പാചകക്കുറിപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്താണെന്നാണ് അതില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ ഇടം നേടിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റാണ്. അതേസമയം ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് തുടങ്ങിയ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ രാജ്യത്തെ ഏറ്റവും മികച്ച ട്രെന്‍ഡിംഗ് സെര്‍ച്ച് പട്ടികയില്‍ നാലാം സ്ഥാനവും അഞ്ചാം സ്ഥാനവും നേടി.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയിലെ ട്രെന്‍ഡിംഗ് സെര്‍ച്ച് ലിസ്റ്റില്‍ മൂന്നാമതാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീംഗ് പത്താം സ്ഥാനത്താണുള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസ് പട്ടികയില്‍ എട്ടാം സ്ഥാനത്താണുള്ളത്. സര്‍ക്കാരിന്റെ വാക്സിന് ഡെലിവറി പ്ലാറ്റ്ഫോമായ കോവിന്‍, ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര: പാര്‍ട്ട് വണ്‍- ശിവ എന്നിവ ഈ വര്‍ഷത്തെ മറ്റ് ട്രെന്‍ഡിംഗ് സെര്‍ച്ചുകളില്‍ ഉള്‍പ്പെടുന്നവയാണ്.
ലോകമെമ്പാടുമുള്ള കായിക ട്രെന്‍ഡുകളിലും ഇന്ത്യ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലെ ട്രെന്‍ഡിംഗ് കായിക ഇനങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. കബഡിയും ടെന്നീസും ഏഴാം സ്ഥാനവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഒമ്പതാം സ്ഥാനവും വിംബിള്‍ഡണ്‍ പത്താം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.
സിനിമകളുടെ കാര്യത്തില്‍, ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര, കന്നഡ ചിത്രം കെജിഎഫ് 2 എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളോടെ ഗ്ലോബല്‍ ട്രെന്‍ഡിംഗ് മൂവി സെര്‍ച്ച് ലിസ്റ്റില്‍ ഇടം നേടി. ഹിന്ദി സിനിമകളായ ദി കശ്മീര്‍ ഫയല്‍സ്, ലാല്‍ സിംഗ് ഛദ്ദ, ദൃശ്യം 2, തെലുങ്ക് ചിത്രങ്ങളായ ആര്‍ആര്‍ആര്‍, പുഷ്പ: ദ റൈസ്, തമിഴ് ചിത്രം വിക്രം, കന്നഡ ചിത്രം കാന്താര, ഇംഗ്ലീഷ് ചിത്രമായ തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ എന്നിവയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആദിത്യ എയുടെ ചാന്ദ് ബാലിയന്, പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ ശ്രീവല്ലി എന്നീ ഗാനങ്ങളും ആളുകള്‍ ഏറ്റവുമധികം തിരഞ്ഞ മികച്ച ഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയതായും ഗൂഗിള്‍ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗായിക ലതാ മങ്കേഷ്കറിന്റെ മരണം ഈ വര്‍ഷം വാര്‍ത്തകളുടെ പട്ടികയില്‍ ഒന്നാമതെത്തി. ക്രിക്കറ്റ് താരം ഷെയ്ന് വോണ്‍, എലിസബത്ത് രാജ്ഞി, ആര്‍ടിസ്റ്റുകളായ സിദ്ധു മൂസ് വാല, കെകെ, ബപ്പി ലാഹിരി എന്നിവരുടെ മരണവും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. റഷ്യ-ഉക്രെയ്ന് യുദ്ധം പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്. 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ഹര് ഘര്‍ തിരംഗ ക്യാമ്പെയിന് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി.
സസ്പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ്മയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത്. ഇന്ത്യയുടെ ആദ്യത്തെ ഗോത്രവര്‍ഗ വനിതാ പ്രസിഡന്റ് ദ്രൗപതി മുര്‍മു, യുകെയിലെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരും പട്ടികയില്‍ ഇടംനേടി. മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി, നടി സുസ്മിത സെന്‍, ലോകത്തിലെ ഏറ്റവും ചെറിയ ഗായകന് അബ്ദു റോസിക്, ഐപിഎല്‍ കളിക്കാരന് പ്രവീണ്‍ താംബെ, അമേരിക്കന്‍ നടി ആംബര്‍ ഹേര്‍ഡ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
വാക്സിനേഷനുകള്‍, സര്‍ക്കാര്‍ രേഖകള്‍, ആദായ നികുതി ഫയലിംഗ്, ഗര്‍ഭധാരണം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ക്കായും നിരവധി പേർ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ട്. വൈറല്‍ വേഡ് ഗെയിമായ വേര്‍ഡും പട്ടികയില്‍ ഇടം നേടി. ഇന്ത്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥ് സ്കീം ‘ what is’ എന്ന സെര്‍ച്ച് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണുള്ളത്. എൻഎഫ്ടി (NFT), മെറ്റാവേഴ്സ്, നാറ്റോ, സൂര്യഗ്രഹണം എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.