സംസ്ഥാനത്തെ ഏറ്റവും വര്‍ണാഭമായ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന ഇടമാണ് കൊച്ചി. പാട്ടും നൃത്തും വെടിക്കെട്ടുമായി പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ നിരവധി പേരാണ് വര്‍ഷം തോറും ഫോര്‍ട്ട് കൊച്ചിയിലെത്തുന്നത്. കാര്‍ണിവലിനോടനുബന്ധിച്ച് പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാന്‍ വന്‍ജനാവലിയാണ് ഇത്തവണയുമെത്തിയത്. എന്നാല്‍ തലനാരിഴയ്ക്കാണ് ഒരു മഹാദുരന്തത്തില്‍ നിന്ന് കേരളം രക്ഷപ്പെട്ടത്.
ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര്‍ ന്യൂഇയര്‍ ആഘോഷിക്കാന്‍ കൊച്ചിയിലെത്തി എന്നാണ് ഏകദേശ കണക്ക്. ഇത്രയധികം പേര്‍ ഒരിടത്ത് തടിച്ചു കൂടിയത് മൂലം തിക്കിലും തിരക്കിലും പെട്ട് പോലൂസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ഇരുന്നൂറോളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിക്കുകയും ചെയ്ചു.കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ കത്തിച്ചശേഷം പിരിഞ്ഞുപോയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും പെട്ടത്. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുണ്ടാവുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന ആരോപണം ഉയരുന്നുണ്ട്.
ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരക്കില്‍പെട്ട് ശ്വാസം കിട്ടാതെ വന്നതോടെ അവശയായ യുവതിയെ കിടത്താന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളില്‍ കിടത്തേണ്ടിവന്നത്. ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയാണ് ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയത്.ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മെഡിക്കല്‍ സംവിധാനങ്ങളൊന്നും തന്നെ കാര്‍ണിവല്‍ പരിസരത്ത് ലഭ്യമായിരുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ എത്തിയ സ്ഥലത്ത് കേവലം മൂന്ന് ആംബുലന്‍സുകളും ഒരു ഡോക്ടറുമാണ് ഉണ്ടായിരുന്നത്. അടുത്തുള്ള താലൂക്ക് ആശുപത്രിയിലും ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്.