മൊബൈൽ ഫോണ്‍ ഉപയോഗത്തിലെ പരിമിതികളിൽ നിന്നും ഓണ്‍ലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ പക്ഷേ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം.
പതിനയ്യായിരം രൂപയുടേതാണ് ലാപ്ടോപ്പ്. അഞ്ഞൂറു രൂപയാണ് മാസം അടവ്. എട്ടാംക്ലാസുകാരൻ ആയുഷിന് മൂന്ന് തവണയാണ് ലാപ്ടോപ്പ് മാറ്റി നൽകിയത്. കോക്കോണിക്സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികൾ അറിയിച്ച് രക്ഷിതാക്കൾ മടുത്തു. ലാപ്ടോപ്പ് കിട്ടിയവർ തവണ മുടക്കിയാൽ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പും വന്നു.
പിഴവ് കോക്കോണിക്സും സമ്മതിക്കുന്നു. 2100ഓളം ലാപ്ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇരുപത് ശതമാനം ലാപ്ടോപ്പിൽ പ്രശ്നങ്ങളുണ്ടെന്നാണ് മറുപടി. ഇത് മാറ്റി നൽകാൻ നടപടിയെടുക്കുമെന്നാണ് പ്രതികരണം. കരാറിൽ ഏർപ്പെട്ട എച്ച്പി, ലെനോവൊ കമ്പനികളുടെ ലാപ്ടോപ്പുകളുടെ വിതരണവും എങ്ങുമെത്തിയില്ല. 2020ൽ സർക്കാർ വിദ്യാശ്രീ പദ്ധതി പ്രഖ്യാപിച്ചത് മുതൽ ഒന്നൊന്നായി അബദ്ധങ്ങൾ.